2018, ഏപ്രിൽ 15, ഞായറാഴ്‌ച

അവളെന്റെ മകളായിരുന്നു. . .



കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ
നാമരൂപങ്ങളഴിഞ്ഞവർ, പഥിക ജന്മമെടുത്തവർ
ഒരേ സൂര്യന്റെ കടും തപം മോന്തിയോർ
ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ
നീയെന്റെ കണ്ണാ, നിറം കെട്ടൊരു സന്ധ്യയിൽ
അരവയറുണ്ടു നാം ചുരുണ്ടു കിടന്ന നടയിൽ
മതികെട്ട മതമൊന്ന് മദം പൊട്ടിയതെന്നെടോ
കടക്കണ്ണെറിഞ്ഞ് ഭക്തിരസം പൂണ്ട്
നിന്റെ, മേൽമുണ്ടുടുത്ത് ഞാൻ നിന്ന മേടവും
എന്റെ തലപ്പാവഴിച്ച് നീ, പിറ കാണും വരെ
മഞ്ഞുകൊണ്ട് മൈലാഞ്ചിയിറുത്ത മുഹറവും
പിന്നിലാണ്ട് പോയതു പോലുമില്ലഹോ,യെന്നിട്ടും

കണ്ണാ,എൻ കണ്ണിൽ കരടൊന്ന് പോവുകിൽ
കരയുവത് നീയാകുമെന്ന് കിനാകണ്ടതും
നിന്റെ കാലിൽ മുള്ളുകൊൾകിലെൻ
ഹൃത്തിൽ ചോരപൊടിയുമെന്ന് ഞാൻ ചൊന്നതും
പൊയ്യായിരുന്നു വെറും പുറം പൂച്ച്, ഞാൻ മേത്തൻ
ജാതിപൂത്ത് വിലപ്പെട്ട് ജാതകം നോക്കി വിലക്കി
ജീവനറ്റ രണ്ട് താഴ്വരയിൽ നാം പെയ്ത കാലവും
എന്റെ മകൾ നിന്റേതു കൂടിയായിരുന്നില്ലയോ
ഉടയാടകളുരിഞ്ഞ്, ഉദ്ധാരണം കൊണ്ട നിന്റെ ശൂലം
തിരു സന്നിധേ, പിഞ്ചു ചർമ്മം ഭേദിച്ച മുതൽ മാത്ര
നീ അന്യനായിരുക്കുമെനിക്കെന്നും, അരുത് ഞാൻ
ഉയിർ വിട്ട്, അടക്കാനാളൊന്നുപോലുമില്ലാതെ
തെരുവിലഴുകി, തോറ്റ് മൺപെട്ട് പോകിലുമൊരിക്കലും
തിരിഞ്ഞു നോക്കായ്ക, അനഭിമതനായിരിക്കട്ടെയെന്നും
മതം കൊണ്ട് മത്തു പിടിച്ച മാലോകർക്കൊക്കെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxx


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...