പലചരക്കു കടയിലെ
പറ്റധികരിക്കുന്ന മാസമാകയാൽ
പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ
പോക്കരേക്കാൾ തനിക്കൊട്ടും
പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ
പള്ളിയിലേക്ക് കൊടുക്കാനായ്
പതിനായിരമയക്കെന്ന് പിതാ
പോത്തിറച്ചി പത്തിരി
പലഹാരങ്ങൾ പലതരം
പഴങ്ങളിൽ പണം കൊഴുത്തത്
പകരാതെ പിന്നെന്ത് നോമ്പെന്നു പെറ്റുമ്മ
പോയ വർഷം വാങ്ങിയ
പി.സി.യും മൊബെയിലൊക്കെയും
പെരുന്നാളു വരും മുമ്പേ
പുതുതായ് വേറെയാക്കണമെന്ന് മകൾ
പണിയണം മതിലൊന്ന് പള്ളിക്ക് ചുറ്റുമായ്
പെയിന്റൊന്ന് മാറ്റണം പുറമോടി കൂട്ടണം
പത്തമ്പതിനായിരം ഒന്നിച്ചെടുക്കുവാൻ
പ്രാപ്തനായവൻ നീയെന്ന് പുരോഹിതൻ
പറ്റുന്നതെനിക്കെന്റെ പ്രയാസത്തിന്റെ പ്രവാസം
പുതുക്കണമൊരാണ്ടു കൂടി,യാകയാൽ
പ്രമേഹത്തിന്റെ ഗുളികകൾ
പൊതിയൊന്നുകൂടി വാങ്ങട്ടെ ഞാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ