2018, ജൂൺ 30, ശനിയാഴ്‌ച

മേൽക്കോയ്മയ്ക്ക് തീറെഴുതപ്പെട്ടവൾ


നിന്റെ വെയില്ച്ചില്ലകളിൽ
നോവിന്റെ കശേരുക്കൾ 
ഏതൊരുഷ്ണമാപിനിക്കുമളക്കാനാവാതെ
പെരുക്കം തീർത്ത നട്ടുച്ചയിലാണു
സാക്ഷയിളക്കാതെ മൗനമുടയാതെ
കനലുകളിൽ കുന്തിരിക്കം പടർന്ന്
പുകച്ചുരുളുകളിൽ രതിഗന്ധം നിറച്ച്
ശൈത്യപ്രവാഹമായ്  ഞാൻ ഊർന്നിറങ്ങിയത്
ജാതിനട്ട ജീവിതച്ചിട്ടകളിൽ
പൗരോഹിത്യത്തിന്റെ ആൺകോയ്മ കലരവേ
മാർജ്ജാര സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട്
കറുത്ത മൂടുപടത്തിനുള്ളിൽ നീ ഭോഗവസ്തുവാകുന്നു
ഞാനെന്താകിലും സ്വർഗ്ഗപ്രാപ്തനെന്നും
സ്ത്രീ നരകമലങ്കരിക്കാൻ പൂർണ്ണ യോഗ്യയെന്നും
മതം മാറ്റി വായിക്കുന്ന പ്രഭാഷണപ്പേമാരിയിൽ
സമൂഹം നിനക്കായൊരു ചാരക്കണ്ണു തീറെഴുതുന്നു

ഇനിയെന്റെയാഷിതാ,
മൈലാഞ്ചി പൂത്തു നില്ക്കുന്ന പള്ളിത്തൊടിയിൽ
നിലാവു ചാലിച്ച കാറ്റിലൊരുന്മത്ത രാവിൽ 
നിന്റെ വിയർപ്പുഗന്ധമൊരു വസന്തമോർമ്മിപ്പിക്കവേ
ഞാനൊട്ടാശിച്ചു കൊള്ളട്ടെ, നാളെയും
സ്വർഗ്ഗമെന്റേതു മാത്രമാവുമന്ന്, എന്റെ ഇഛയിൽ
എന്റെ ശുപാർശയിൽ മാത്രം നീ നരകമോചിതയാവും
അന്നുമെന്റെ ഹിതം തീർക്കാൻ നീ തീറെഴുതപ്പെടും 
================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...