2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

സന്ദർഭം കാത്ത് ദീപം കെടുത്തുവോനോട്



ചുവപ്പ് പൂക്കുകയെന്നത്
ചെമ്പരത്തിയുടെ ധർമ്മമാണു
കാർക്കിച്ച് തുപ്പുന്നത്
കളസമില്ലാത്തവന്റെ കർമ്മവും
മുഷ്ടി ചുരുട്ടുന്നതൊക്കെയും
മുതുമുത്തച്ഛനെയടക്കം   അറിയുന്നവനാണു
തച്ചുടയ്ക്കുന്നവനാകട്ടെ
താതനെപ്പോലും നിരാകരിപ്പവനും
അധികാരത്തിന്റെ ആസനമെന്നത്
ആസക്തി മൂത്തവന്റെ ഒളിയിടമല്ല
പ്രജകളെ പ്രേമിച്ച് പൊരുതിയിരിപ്പോൻ
പ്രളയകാലം കഴിഞ്ഞും പകലോനായ് കത്തും
നിന്റെ വാക്കുകളിൽ സോദരാ
നേരൊരു കഴഞ്ചെങ്കിലുമുണ്ടാകിൽ
നെരിപ്പോടായ് നീയെരിഞ്ഞേയിരിക്കും 
നിത്യവു,മല്ലാത്തതൊക്കെയുമൊടുങ്ങും
ഇനി നിന്റെ കൗപീനമീ കോട്ടയിൽ
ഇരുട്ടിലൊരു മാത്രയെങ്കിലുമുയരുമെന്നായ്
ഇക്കിളിപൂണ്ട് കനവു കണ്ടിരിക്കായ്ക; സഹിഷ്ണുത
ഇത്ര  കാട്ടുവോരില്ല ഉലകിലൊരു കോണിലും
 xxxxxxxxxxxxxxxxxxxxxxxxxxx

2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

കവിത പൂക്കുന്നിടം കനലെരിയുന്നു


വിഷാദം പെയ്യുന്ന കൊടുമുടിക്കുമപ്പുറം
വസന്തം പുലരുന്ന താഴ്വര തേടി
ഒരുരാത്രിയിലൊന്നുമുരിയാടാതെ പോയവൾക്ക്

പതിനഞ്ചാണ്ടുകളുടെ പേപിടിച്ച വാഴ്വെന്ന്
പകൽ സ്വപ്നങ്ങളെ പൊതിഞ്ഞെടുത്ത്
ജാലകക്കാഴ്ചയിൽ ജീവിത സത്യം കണ്ടവൾക്ക്

ഭ്രാന്തഭ്രമങ്ങളും കവിതാശകലങ്ങളും മാത്രം
പകലന്തിയോളം പൂക്കുന്ന കരളെന്ന്
പൊടുന്നനെയെന്നിൽ പടിയിറങ്ങിയോൾക്ക്

ഉണ്ട്, ഉന്മാദം പൂണ്ടു,ല്ലസിച്ച് സ്വർഗ്ഗം കിനാകണ്ട്
കുന്തിച്ചിരുന്ന്, കുനിഷ്ട് പറഞ്ഞ് കയ്പിനു കോപ്പുകൂട്ടി
പൊട്ടിച്ചിരിച്ചും പേക്കൂത്തു കാട്ടിയും പോവത് മാത്രമല്ല
ജീവിതത്താഴ്വരയിലുണ്ടുണ്മകൾ എണ്ണിയാലൊടുങ്ങാതെ

ഒരുനേരമൊന്നുമാത്രം സ്വന്തം കുരുന്നിനെ
പശിതീരുവോളമൂട്ടാൻ കൊതിക്കുന്ന മാതൃത്വം
ഒരുശ്വാസമെങ്കിലും നെഞ്ചിൻകൂട് തകരാതെ
നീ കൊണ്ട് മറുകണമൊടുങ്ങിയെങ്കിലെന്ന്
കൊതിച്ച് കാലനെ കൈകൊട്ടി വിളിക്കും പുത്രധർമ്മം

കൊടിതോരണങ്ങളലങ്കരിച്ച കൊടിയഭ്രാന്തിനുമപ്പുറം
ഭസ്മക്കുറിയിട്ട് കോടിയുടുത്ത ജാതിക്കോലങ്ങളും താണ്ടി
വീഞ്ഞുമോന്തി ചാഞ്ഞുറങ്ങും പുരോഹിത വേഷം വെറുത്ത്
നീയൊരുനാളെങ്കിലുമെന്നിലേക്ക് തിരിഞ്ഞു പറക്കുക
അന്നുമാർക്കും വേണ്ടാതെയെന്റെ ചുണ്ടിലുണ്ടാവും നിശ്ചയം
ഒരു പുഞ്ചിരിച്ചിന്തുമൊരു തുണ്ടു കവിതയുമാർദ്ര സ്വപ്നങ്ങളും

========================



2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

തീവണ്ടി,യാകാശം



കത്തിനില്ക്കുന്നെന്റെ കരളിലിപ്പഴും
നീയെന്നെയിന്നലെ കൊത്തിവലിച്ചിട്ട
കടക്കണ്ണിന്റെ കാന്തമുനയോമലേ
എത്രവെട്ടിച്ചു താഴോട്ട് നോക്കിലും
അത്രകണ്ടെന്നെ നിന്നിലേക്കെത്തുവാൻ
കൺകോണിൽ നീയിട്ട രാസത്വരകം
കൂർത്തൊരമ്പായുള്ളിൽ കൊള്ളുവതെന്തഹോ

പൂത്തു നില്പതുണ്ടിലഞ്ഞി,യത്ര മോഹന ചെമ്പകം
നന്ത്യാർവട്ടം, നറുമണം തൂകുമാ പനിനീർ ദളം
എത്രയാകിലും നിന്റെ കാറ്റടിയേറ്റൊരു മാത്ര
ഞാൻ കൊണ്ട കസ്തൂരി ഗന്ധമതി തീവ്രം പ്രിയേ

ശുഭ്രവസ്ത്രം ധരിച്ച മാലാഖമാരൊഴുകുമുദ്യാനം
കൊറ്റി തപം ചെയ്യും ഞാവൽ മരത്തുഞ്ചം
സങ്കീർത്തനങ്ങൾ തിരുമൊഴിയുതിരും പള്ളിമേട
ഇല്ല, ഞാനറിയുന്നില്ല നിന്റെ സാന്നിധ്യമല്ലാതെ

ഒടുവിൽ, കാഹളമുഴക്കം കഴിഞ്ഞെന്റെ കരളിനു
കയ്പു രസായനം നല്കി നീ വിട ചൊല്ലവേ
കവിതയില്ല, കണ്ണുനീരൊട്ടുമില്ല,യാവതില്ല
കാത്തിരിക്കുന്നൊരിക്കലെങ്കിലും കൺപാർക്കുവാൻ

=========================

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...