2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

കവിത പൂക്കുന്നിടം കനലെരിയുന്നു


വിഷാദം പെയ്യുന്ന കൊടുമുടിക്കുമപ്പുറം
വസന്തം പുലരുന്ന താഴ്വര തേടി
ഒരുരാത്രിയിലൊന്നുമുരിയാടാതെ പോയവൾക്ക്

പതിനഞ്ചാണ്ടുകളുടെ പേപിടിച്ച വാഴ്വെന്ന്
പകൽ സ്വപ്നങ്ങളെ പൊതിഞ്ഞെടുത്ത്
ജാലകക്കാഴ്ചയിൽ ജീവിത സത്യം കണ്ടവൾക്ക്

ഭ്രാന്തഭ്രമങ്ങളും കവിതാശകലങ്ങളും മാത്രം
പകലന്തിയോളം പൂക്കുന്ന കരളെന്ന്
പൊടുന്നനെയെന്നിൽ പടിയിറങ്ങിയോൾക്ക്

ഉണ്ട്, ഉന്മാദം പൂണ്ടു,ല്ലസിച്ച് സ്വർഗ്ഗം കിനാകണ്ട്
കുന്തിച്ചിരുന്ന്, കുനിഷ്ട് പറഞ്ഞ് കയ്പിനു കോപ്പുകൂട്ടി
പൊട്ടിച്ചിരിച്ചും പേക്കൂത്തു കാട്ടിയും പോവത് മാത്രമല്ല
ജീവിതത്താഴ്വരയിലുണ്ടുണ്മകൾ എണ്ണിയാലൊടുങ്ങാതെ

ഒരുനേരമൊന്നുമാത്രം സ്വന്തം കുരുന്നിനെ
പശിതീരുവോളമൂട്ടാൻ കൊതിക്കുന്ന മാതൃത്വം
ഒരുശ്വാസമെങ്കിലും നെഞ്ചിൻകൂട് തകരാതെ
നീ കൊണ്ട് മറുകണമൊടുങ്ങിയെങ്കിലെന്ന്
കൊതിച്ച് കാലനെ കൈകൊട്ടി വിളിക്കും പുത്രധർമ്മം

കൊടിതോരണങ്ങളലങ്കരിച്ച കൊടിയഭ്രാന്തിനുമപ്പുറം
ഭസ്മക്കുറിയിട്ട് കോടിയുടുത്ത ജാതിക്കോലങ്ങളും താണ്ടി
വീഞ്ഞുമോന്തി ചാഞ്ഞുറങ്ങും പുരോഹിത വേഷം വെറുത്ത്
നീയൊരുനാളെങ്കിലുമെന്നിലേക്ക് തിരിഞ്ഞു പറക്കുക
അന്നുമാർക്കും വേണ്ടാതെയെന്റെ ചുണ്ടിലുണ്ടാവും നിശ്ചയം
ഒരു പുഞ്ചിരിച്ചിന്തുമൊരു തുണ്ടു കവിതയുമാർദ്ര സ്വപ്നങ്ങളും

========================



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...