2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

തീവണ്ടി,യാകാശം



കത്തിനില്ക്കുന്നെന്റെ കരളിലിപ്പഴും
നീയെന്നെയിന്നലെ കൊത്തിവലിച്ചിട്ട
കടക്കണ്ണിന്റെ കാന്തമുനയോമലേ
എത്രവെട്ടിച്ചു താഴോട്ട് നോക്കിലും
അത്രകണ്ടെന്നെ നിന്നിലേക്കെത്തുവാൻ
കൺകോണിൽ നീയിട്ട രാസത്വരകം
കൂർത്തൊരമ്പായുള്ളിൽ കൊള്ളുവതെന്തഹോ

പൂത്തു നില്പതുണ്ടിലഞ്ഞി,യത്ര മോഹന ചെമ്പകം
നന്ത്യാർവട്ടം, നറുമണം തൂകുമാ പനിനീർ ദളം
എത്രയാകിലും നിന്റെ കാറ്റടിയേറ്റൊരു മാത്ര
ഞാൻ കൊണ്ട കസ്തൂരി ഗന്ധമതി തീവ്രം പ്രിയേ

ശുഭ്രവസ്ത്രം ധരിച്ച മാലാഖമാരൊഴുകുമുദ്യാനം
കൊറ്റി തപം ചെയ്യും ഞാവൽ മരത്തുഞ്ചം
സങ്കീർത്തനങ്ങൾ തിരുമൊഴിയുതിരും പള്ളിമേട
ഇല്ല, ഞാനറിയുന്നില്ല നിന്റെ സാന്നിധ്യമല്ലാതെ

ഒടുവിൽ, കാഹളമുഴക്കം കഴിഞ്ഞെന്റെ കരളിനു
കയ്പു രസായനം നല്കി നീ വിട ചൊല്ലവേ
കവിതയില്ല, കണ്ണുനീരൊട്ടുമില്ല,യാവതില്ല
കാത്തിരിക്കുന്നൊരിക്കലെങ്കിലും കൺപാർക്കുവാൻ

=========================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...