എന്റെയീ അന്ത്യത്താഴ വേളയിലെങ്കിലും
കൺതുറന്നൊരു മാത്രയിരിക്കുവാൻ
നിറകണ്ണൊഴിഞ്ഞു നിന്നെമാത്രം
നറുനിലാപോൽ കണ്ട് യാത്രയോതുവാൻ
കരുണപെയ്യുകെന്നിൽ കടാക്ഷമാവുക
അത്ര വന്യമാമെന്റെ കടൽ യാത്രയിൽ
ഒരു മാത്രയെങ്കിലും മാംസച്ചൊരുക്കാവുക
സിരകളിലൊക്കെയും ഭ്രാന്ത് പൂത്തനട്ടുച്ചയിൽ
ഒരിക്കലുമൂട്ടാതെ പോയ സദ്യയ്ക്ക് നീ ഇലയിടുക
കവിതയൊന്നുപോലും കൊത്താത്ത ശിലയിൽ
കിറുക്കനെന്നെ കാലമെല്ലാം കെട്ടിയിട്ടേക്കുക
ഒരു ചെറുതിരിപോലും കൊളുത്താത്ത വീഥിയിൽ
പാതിരാവിലെന്നെ നീയൊറ്റു കൊടുക്ക, ഭത്സിക്ക
സ്വർഗ്ഗവാടം പുരോഹിതൻ ജപ്തിചെയ്ത മറുകണം
രാജിവച്ചോമലേ ഞാൻ ജാതി നെരിപ്പോടിൽ നിന്ന്
മദപ്പാടുനോക്കികൊത്തിയാലേ മതവൈരമൂറുവെന്ന്
രാജ്യസേവ തിരുത്തിമൊഴിമാറ്റിയ പിറ്റേന്ന്
കൊടിക്കൂറ വെടിഞ്ഞു ഞാൻ മൂരാച്ചിയായ് തിരിയുന്നു
ഇനിയെൻ പ്രണയിനീ,
പ്രജ്ഞയൊടുക്കുന്ന നിന്റെ ഗന്ധം നുകർന്നൊന്ന്
ഹൃദയതാളം പെരുക്കുന്ന പദനിസ്വനം തുടർന്നൊന്ന്
പുലരാതെയൊരിക്കലും പൂർണ്ണമാവാതെയുറങ്ങണം
പിന്നെ, പുനർജ്ജനിക്കണമൊരു വേനൽ കൂടി,യന്ന്
അധികാരക്കസേരയ്ക്കുമപ്പുറം അക്ഷരം പൂത്ത് നിൽക്കും
000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ