പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും
പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ
പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്
വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ
വ്യഥകൾ വേവാതെ കല്ലിച്ച നോവുണ്ട്
എട്ടാം വയസ്സിൽ കെട്ടുകഴിഞ്ഞന്ന് തൊട്ട്
ആട്ടുമസഭ്യവും കേട്ട് കണ്ണീരു കൊണ്ട് കെട്ട അടുപ്പ്
കല്ലടർന്ന്, പെരുച്ചാഴിതുരന്ന മൂലയിൽ
കമഴ്ന്ന് കിടന്നാരും കാണാതെ മരവിച്ച
അമ്മയെ ഒരുനോക്ക് കണ്ട ഓർമ്മയുണ്ട്
നാട്ടുകൂട്ടത്തിൽ നല്ലവാക്കോതി, ഞെളിഞ്ഞ്
നൂറുപൊള്ളിയ നാക്കിട്ടച്ചനട്ടഹസിച്ച പാതിര
പുലരാതെ പൂമുഖത്തേക്കെത്തിനോക്കുന്നുണ്ട്
താടി നീട്ടിയ പുരോഹിതപ്പരിഷയന്ന്, വെറും
ആട്ടിറച്ചിക്കുമപ്പത്തിനും അഞ്ചുറുപികയ്ക്കുമായ്
പേടിച്ച ജീവനൊന്നിനെത്തള്ളിയിട്ട പെരും കിണർ
പേപിടിച്ചലറിയിപ്പോഴും മുറ്റത്ത് വറ്റിക്കിടപ്പുണ്ട്
കണ്ണേറു നാപ്പോരു മാറ്റുന്ന കിളവന്റെ
നീണ്ടകാതുള്ള പെണ്ണിനെ കെട്ടേണ്ട, കെട്ട
വിപരീത വിധികൊണ്ടെന്നൊറ്റക്കാരണം കൊണ്ട്
ഇട്ടുമൂടണം ഞാനീ കൊഞ്ഞനം കുത്തുന്ന
ഓർമ്മകളൊക്കയുമെന്നേ ദുർന്നടപ്പെന്നിൽ
വന്നുകൂടിയെങ്കിലതിനുമൊരു മാത്ര മുമ്പെ ഞാൻ
കുഴിതോണ്ടിയൊടുക്കട്ടെ അനാചാരമൊക്കെയും
xxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ