പ്രിയതേ,
ഒരു പെരുങ്കടൽ വറ്റാതെയെന്നിൽ
കത്തിനിൽപ്പുണ്ടെന്ന് നീ പൊയ്യോതുക
ചുനയുറഞ്ഞൊരു കവിതയെപ്പോഴും
കൊഴിയാതെയെന്നിൽ കാത്തുവെച്ചീടുക
കരൾകൊത്തിപ്പറന്ന പ്രാപ്പിടിയനെ വിട്ട്
കുങ്കുമ സന്ധ്യയിൽ നീയെന്നെ പ്രതീക്ഷിക്ക
ഒരൊറ്റ സ്പർശത്തിൽ, വേദനയെല്ലാമൊടുക്കുന്ന
സർവ്വരോഗ സംഹാരി ഞാനെന്ന് വിശ്വസിച്ചീടുക
സ്വർഗ്ഗം പകുത്തു നല്കാൻ അവകാശമേറ്റവൻ, ഞാൻ
ആകയാൽ പാപം കൊണ്ട വേളയിലമാന്തമില്ലാതെ
എന്നിൽ കുമ്പസരിക്ക, എനിക്കായ് നേർന്നീടുക
ഒരു സത്രത്തളത്തിൽ, പുകപടർന്നൊരു നട്ടുച്ചയിൽ
വീണുകിട്ടിയ ഒരു നൃത്തച്ചുവട് മാത്രമാണു കാതരേ
നിന്നോർമ്മയെങ്കിലും, കാലമൊട്ടുക്ക് കെടാതിരിക്ക
ആണ്ടുപോവാതെയെന്റെ നെയ്ത്തിരിയൊടുക്കം വരെ
നിന്റെ താമരപ്പടവിൽ ചേർത്തു പിടിക്കുക, ഭ്രമിക്കുക
ഒരുനാളിലുമെഴുതിത്തീരാതെയെന്റെ കാവ്യം കാക്കുക
0000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ