എന്നിൽനിന്നറുത്തു മാറ്റപ്പെട്ട സ്തനം
നീയൊരാൾ മൊത്തിക്കുടിക്കുന്ന വേളയിലാണു
ആചാരങ്ങളുടെ പടിക്കെട്ട് താണ്ടി
ഞാനമ്മയായ് ഉയർത്തപ്പെട്ടത്
എന്റെ കവിതയുടെ വരികളിൽ
ഒരഭയാർത്ഥി സ്വാസ്ഥ്യം തേടുന്ന രാത്രിയിലാണു
ഞാൻ കവിയായ് വാഴ്ത്തപ്പെടുന്നത്
എന്റെ കണ്ഠം കൊറിച്ച വിപ്ളവഗീതം
നിനക്ക് മാർഗ്ഗമാവുമ്പോൾ മാത്രം
ഞാൻ പ്രവാചകനാവുന്നു
ജാതി പൂക്കുന്ന തെരുവുകളിൽ
ചൂണ്ടുവിരലുകൾ ലേലം കൊള്ളുമ്പോൾ
കാവിപടരാത്ത താളുകളിലാവും
സ്വാതന്ത്ര്യത്തിന്റെ പ്രാവുകൾ
ഹൃദയം കൊത്തി ഉയർന്ന് പറക്കുക
ലോകനന്മയ്ക്കായ് കൊളുത്തിയ വിളക്കുകൾ
ഉഛനീചത്വത്തിന്റെ ചത്വരങ്ങളിൽ
ദേവഗണമെന്നും ഹരിജനമെന്നും
വേർതിരിക്കപ്പെടുന്ന നട്ടുച്ചയിൽ
ദൈവം മലയിറങ്ങി സ്നാനഘട്ടത്തിലെത്തുന്നു
ഇനിയെന്റെ ചുമലിലേറി നീ
അപഥസഞ്ചാരിണിക്ക് കൈകാട്ടിയാവുക
എന്റെ ഉച്ചഭാഷിണി കടം കൊണ്ട് നീ
കാനനാചാരങ്ങളഴിക്കുന്ന ഒച്ചയാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ