നീ, ചക്രവാളത്തിനുമപ്പുറം
പുലിപ്പാലു തേടിയിറങ്ങിയോൻ
കൃഷ്ണപ്പരുന്തിന്റെ നോട്ടത്തിനുമകലെ
കാലഗതി കവർന്നോൻ
മഹിഷിവധം താണ്ടി
മാനിഷാദ മന്ത്രം പലവുരു ഉരുവിട്ടവൻ
പാണ്ഡ്യരാജ്യത്തിനു പടവാളുകൊണ്ട്
പകിട്ട് പെരുപ്പിച്ച നായകൻ
ഇനിയുമുണ്ടെണ്ണിയാലൊടുങ്ങാതെ
പാടിപ്പുകഴ്ത്തുവാൻ അപദാനങ്ങളേറെ
എങ്കിലുമെൻ ഹരിഹരസുതനേ
അടിയനോടവിടുന്ന് ചെയ്ത കൃപയേ
ആണ്ടുകളെത്ര പോകിലും അണയാതെയെരിയും
അവിരാം കോവിലുകാരനറിയാതെ കൊണ്ടൊരു
അപരാധം പൊറുത്തവിടുത്തെയംഗരക്ഷകനാക്കിയ
അത്ര ദയാവായ്പൊരിക്കലും കാലം കാത്തുവച്ചീടാ
എങ്കിലുമെനിക്കുണ്ട് വേണ്ടുതലയ്യനേ അല്പം
ഉദുങ്കാസനം കൊണ്ടവിടുന്ന് നിലകൊള്ളും കാലമെല്ലാം
ഒരുപിടി കുരുമുളകൊരു നെയ്ത്തേങ്ങ, നാലു സാമ്പ്രാണി
അവിടുത്തെ പടികേറുവോരതിനുമുമ്പൊരു കണം
അടിയനു സമർപ്പിക്കുവതാകിലില്ല ഊരിലൊരു
കെടുകെട്ടയെണ്ണം, കാവി പടരും നിണം, കോപം
അതിനു വിഘ്നം വരുത്താതെ കാത്തീടുക ശാസ്താവേ
എങ്കിലൊരു കാലവുമൊടുങ്ങാതെ വാഴും നിശ്ചയം
കൈരളിതൻ സൗഹൃദ,മതിനു കരുണയുണ്ടാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ