2019, ഏപ്രിൽ 18, വ്യാഴാഴ്‌ച

തനിയാവർത്തനങ്ങളുടെ ജാതിജാതകം



അക്ഷരങ്ങളിൽ വർണ്ണാധിക്യവും
കവിതകളിൽ സ്വർഗ്ഗരാജ്യവും
കുമ്പസാരക്കൂടിനു വെള്ളിത്താക്കോലും
ആരാണു വീണ്ടെടുത്തുതരിക

തീപ്പെട്ടുപോയ സ്വപ്നരാജ്യങ്ങളിൽ
ഇടിവെട്ടിപ്പെയ്ത് ഉഷ്ണം കക്കി വീണ്ടും
പുലർന്ന ശേഷവും പൂർണ്ണ രൂപമായ്
അനുഗമിക്കുന്നത് സ്വപ്നമല്ലെന്നാരാണു
കവിതയുടെ കിറുക്കിൽ നിന്ന് വേർതിരിച്ച് തരിക

ഒമ്പതാം പുലരിയിൽ ഒപ്പീസ്കൊടുത്ത്
അധികാരമുദ്രയും രാജമോതിരവും പകുത്ത്
കല്ലറക്കോണിലൊരു മെഴുകുതിരി കൊളുത്താൻ
കനൽക്കൊള്ളി തന്ന കണക്കിനുടക്കുന്ന
കുടുംബവാഴ്ചയിൽ നിന്ന് ആരാണു കനിവ് പെയ്യുക

കറുപ്പ് കലർത്തിയ താംബൂലക്കൂട്ട് തെറിപ്പിച്ച്
ധാർഷ്ട്യം പുകയുന്ന സിംഹഗർജ്ജനം മുഴക്കി
പുലയാട്ട് വിളിക്കുന്ന ഓത്തുപള്ളികളിൽ നിന്ന്
ലക്ഷങ്ങളുടെ കോഴവരിക്കുമേൽ, ദക്ഷിണയെന്ന
ഓമനപ്പേരൊട്ടിക്കുന്ന വിരൂപ സങ്കല്പങ്ങളിൽ
ജ്ഞാനത്തിനമൃത് തുള്ളി എങ്ങനെയാണു മൊത്തുക

ഇനി, തമ്പുരാക്കളിലൊക്കെയും പ്രതീക്ഷകെട്ട്
ഉടയതമ്പുരാന്റെ കോടതിയും വല്ലാതെ കൈവിട്ട്
തലകുമ്പിട്ട്, ഞാഞ്ഞൂൽപ്പത്തിക്കു കീഴിൽപ്പെട്ട്
രക്ഷയൊന്നു തേടി ആൾദൈവകാൽക്കീഴിൽ
അഭയംകെഞ്ചുന്നതിനു അരമാത്രമുമ്പ് ശ്വാസം മുട്ടി
നായ്ക്കും നരിക്കുമായെൻ ശവം നാല്ക്കവലയിൽ കിടക്കട്ടെ

000000000000000000000000000000000000000000


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...