കവിതകൾ
കരയിക്കുന്നവയും
പ്രണയം
പൊള്ളിക്കുന്നവയും
ആണെങ്കിൽ,
ജീവിതം മാത്രം എന്തുകൊണ്ട്
പുകഞ്ഞുകൊണ്ടിരുന്നുകൂടാ ?
വാഗ്ദാനങ്ങൾ
ലംഘിക്കപ്പെടാനും
കരാറുകൾ
പൊളിച്ചെഴുതാനും
ഉള്ളതെങ്കിൽ,
അധികാരക്കസേര മാത്രം
എന്തുകൊണ്ട് ഭ്രമമായിക്കൂടാ ?
നിന്റെ കൊടി
ഉയർന്നിരിക്കാൻ മാത്രം
എന്റെ ദാരിദ്ര്യം, നിത്യം
പിഴിഞ്ഞൊഴിച്ചീടുക
നിന്റെ സമുദ്രം
ആർത്തിരമ്പാനായ് മാത്രം
കാലമൊട്ടുക്കെന്നെ
ഉപ്പുവെള്ളം കുടിപ്പിച്ചീടുക
നക്ഷത്ര ദൂരത്തിലേക്ക്
മോഹക്കണ്ണെറിഞ്ഞവനെന്ന്
നാട്ടുകൂട്ടത്തിനിടയിൽ നീയെന്നെ
അപഹസിച്ചീടുക, കല്ലെറിയുക
നടന്നൊടുങ്ങാ ദൂരത്തിലേക്ക്
കുറുക്കുവഴി വെട്ടി വീണവനെന്ന്
നിന്റെ പട്ടാഭിഷേകനാളിലെന്നെ
പരിഹസിക്കുക, പഴി പറയുക
ഇന്നൊരുനാൾ, ഇന്ന് മാത്രം
എന്റെ ചൂണ്ടുവിരലിലെ
അധികാര നിർണ്ണയാവകാശം
മഷിപെട്ടൊടുങ്ങുന്നതിനൊരു കണം മുമ്പ്
കഴിഞ്ഞ നാളുകളെ ഓർത്തെടുക്കട്ടെ
0000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ