നിന്റെ ഏറുമാടങ്ങൾക്കുമേൽ
ചുവപ്പ് ജാഗ്രതാമുദ്ര പതിക്കുമ്പോൾ
എന്റെ പ്രാർത്ഥനാലയം
വീഞ്ഞിന്റെ പുളിപ്പിൽ കലഹിക്കയായിരുന്നു
നിന്റെ താഴ്വരകളിൽ
പെരുമഴ പേക്കോലമാടവേ
എന്റെ അരമനയിൽ
ശീതീകരണി മിനുക്കുകയായിരുന്നു
നിന്റെ മക്കളുടെ ഉറക്കങ്ങളിൽ
അന്ത്യശാസനം പെരുമ്പറ പെയ്യവേ
എന്റെ പാട്ടുകുർബാനയിൽ
ദേവഗാനം കൊട്ടിക്കേറുകയായിരുന്നു
ഒരു നിമിഷാർദ്ധത്തിന്റെ
ഒമ്പതിലൊന്ന് വേളയിൽ
നിന്റെ കുടിലുകളിൽ മണ്ണു പൊതിയവേ
പുൽക്കൂടിന്റെ പുറം മോടിയിൽ ചെയ്യേണ്ട
പരിവർത്തനങ്ങളിൽ ചർച്ച നടക്കുകയായിരുന്നു
ഒടുവിൽ,
മക്കളും മേൽമുണ്ടും മനസ്സും മണ്ണെടുത്ത്
നിന്റെ മരവിപ്പ് മാറ്റാനിറ്റ് കഞ്ഞിത്തെളിക്ക്
എന്റെ ആലയവും സത്രത്തളവും കയ്യേറവേ
വേദഗ്രന്ഥങ്ങൾ കുറുക്കി നിന്നെ ഊട്ടിയതും
തിരുസഭയുടെ ഔന്നത്യം പാടി ഉറക്കിയതും ഒപ്പി
ബിറ്റൊന്നിനു മുപ്പത് വെള്ളിക്കാശിനു
വിദേശ തെരുവുകളിൽ വിറ്റഴിച്ചിരുന്നു
ഇവിടെ,
കല്ലുരുട്ടി, കരകാണുന്നിടത്തൊക്കെയും പരതി
കണവന്റെ കാലടിയെങ്കിലും കണ്ടുറപ്പിക്കാൻ
കണ്ണുപാകി, കരളുവെന്ത് നീയിരിക്കവേ
മേലാളപ്പരിഷകളെയൊക്കെയും കൂട്ടി
നിന്റെ കണ്ണീരും മുത്തപ്പൻ കുന്നും ചേർത്ത്
രംഗപടമൊരുക്കി മുഖചിത്രം മോടികൂട്ടി
മാധ്യമ മേല്ക്കൂരകളിലൊക്കെയും നാട്ടി ഞാൻ
നേടിയെടുക്കട്ടെ നോട്ടുകെട്ടിൻ പെരുങ്കൂന
00000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ