തമോഗർത്തം വിഴുങ്ങിയ
വിദൂര ഗ്രഹമാണെങ്കിലും പ്രിയതേ
നിന്റെ നയനാഗ്നിയെന്നെ പൊള്ളിക്കുന്നുണ്ട്
പരാജിത പർവ്വതാരോഹകൻ
തൊട്ടുതീണ്ടീയ ഉടൽ വടിവെങ്കിലും
നിന്റെ ഭൂതത്താൻ കെട്ടുകളുടെ ചലനം
ഉഷ്ണമാപിനിയുടെ സൂചി ത്രസിപ്പിക്കുന്നുണ്ട്
വേദവാക്യങ്ങളുടെ വിപരീത വായനയാൽ
വേലികെട്ടിയൊതുക്കപ്പെട്ടെങ്കിലും
നിന്റെ ശീലുകളെന്നെ ഇക്കിളിപ്പെടുത്തുന്നുണ്ട്
കണ്ട്, മനംകൊണ്ട്,കരളിലാണ്ടോനെ വേൾക്കാതെ
മതം വിതച്ചു മദമിളകി നരച്ചോനെ കെട്ടിയാടവേ
ഇണ്ടലുണ്ടധികമാകിലും എന്നിലേക്ക് പടരായ്ക
കറുത്ത തുണിയിട്ട് കായമേ മൂടിയുള്ളൂ സഖീ
കാൽവയ്പിലൊക്കെയുമുണ്ട് കിനാവിന്റെ മാറ്റൊലി
നാളൊക്കെയും നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കണം
എങ്കിലേ, നീറിയെന്റെ വർഷം കവിതയായ് മാറൂ
നേർക്കാഴ്ച്ചയൊക്കെയും തിരശ്ശീല മറയ്ക്കണം, ആകിലേ
ഉൾക്കണ്ണു കണ്ടത് പ്രിയ കാവ്യമായ് ഉദയമാകൂ
0000000000000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ