2019, ജൂലൈ 6, ശനിയാഴ്‌ച

മണ്ണെടുക്കും മുമ്പൊരു മധ്യാഹ്നം



ഒറ്റയാവലിൻ ഉന്മത്തരാവുകൾ
ഒറ്റുകൊടുത്ത പ്രേതാലയ ജീവിതം
വീണ പായയിൽ കാലമൊക്കെയും
വെന്തുരുകുന്ന ഗന്ധകപ്പകലുകൾ
തോളിൽനിന്നൂർന്നു പോയ്‌, ക്ഷയിച്ച
തിരിമുറിയാതുണ്ടെന്ന് മൊഴിഞ്ഞ സൗഹൃദം
ചന്തയിലിന്നലെ കണ്ട ഭാവം വരെ
ചിന്തയിൽ നിന്നറുത്ത ബന്ധുജനം
കവിതയിൽ ഭാവം കുറുക്കി വാറ്റുന്നു നീയെന്ന്
കൊത്തളപ്പുറമിരുത്തിയ കളിവാക്കു വൈഭവം
ഇല്ല, വീണുപോയിട്ടേയുള്ളു സോദരാ
ഇത്രകണ്ടു മണ്ണടിഞ്ഞിട്ടില്ല വേരുകൾ
നാളിത്രയും കാലമെന്നിൽ പിറന്ന വാക്കിൽ നിന്ന്
നല്ലതൊന്നെങ്കിലും നീ കൊണ്ടതാകിൽ സഖേ
ഒടുക്കത്തെ മോഹമെന്റേതൊന്നു രണ്ടെണ്ണം
ഒപ്പിയെടുത്തെന്നെ യാത്രയാക്കീടുക
കൈതപൂക്കുന്ന തോട്ടിറമ്പിലിരുന്ന് നീയെന്റെ
കവിതയൊക്കെയുമേറ്റു ചൊല്ലുന്നതു കേൾക്കണം
നീ തന്ന പ്രസാദവും കുർബാനകൊണ്ട അപ്പവും കൊണ്ട്‌
നീട്ടിവിളിക്കുന്ന ബാങ്കുകേട്ടെന്റെ നോമ്പ്‌ വീടണം
ചാത്തനുമൗസേപ്പുമാജ്യാരും കാണും വിധം
ചമച്ചെന്നെക്കിടത്തണം തിണ്ണയിൽ
ഇനിയൊരു പകലുദിക്കും മുമ്പ്‌, തിരിഞ്ഞുനോക്കാതെ
ഇട്ടേച്ച്‌ പോരണമെന്നെ പള്ളിത്തൊടികയിൽ
ഒടുവിലൊരുനാളിലൊരോർമ്മപ്പെരുനാളിലൊരു മൂലയിൽ
ഒരു മൈലാഞ്ചിച്ചെടിയിലെന്റെ വാക്കു പൂത്തത്‌ കാണണം
===========================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...