2023 ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഗോപിയിട്ടോനെയാട്ടെന്റെ ഗോവിന്ദ



ചിതൽപ്പുറ്റിലേക്കുറ്റ് നോക്കുന്ന, കൂർത്ത

കഴുകൻ കണ്ണുകളെ കാലഗതിയെന്ന് പേരിടാം

വെണ്ണക്കുടത്തിലേക്കനർഹമായ് നീളുന്ന, കറുത്ത

പരുക്കൻ കൈകളെ അധികാരമുദ്രയെന്ന് വിളിക്കാം

അമ്പലപ്പറമ്പിലെ ആൾക്കൂട്ടങ്ങളിലേക്ക് ബലമായ്

ഇടിച്ചിറങ്ങി, വെടിപ്പുരയ്ക്ക് ജാതിത്തീ കൊളുത്തും

ഉന്തിയ വയർ രൂപങ്ങളെ ദൈവഹിതമായ് ഗണിക്കാം


പാഴ്ക്കിനാക്കളിൽ, ദിവ്യബലിക്കപ്പുറം കുർബാന കൊണ്ട്

നിന്റോളു വന്നെന്റെ മോളെ മുത്തപ്പനു പയംകുറ്റി നേരുന്നു

കുഞ്ഞാമു മുക്രിക്ക്, കോച്ചുവാതാസ്കിത പെരുക്കയാൽ

വേലനുറഞ്ഞാട്ടം നിറുത്തി സന്ധ്യയ്ക്ക് നഗാര മുട്ടുന്നു

നിന്റെ വെള്ളാട്ടത്തിനു ചെറുമുടി നെയ്യാൻ കൊച്ചുത്രേസ്യ

ഓശാനയുടെ കുരുത്തോലയുമായ് ഒറ്റയ്ക്ക് കാവ് കേറുന്നു


പ്രാർത്ഥനാലയങ്ങളൊക്കെയും കവർച്ചക്കാരുടെ ഗുഹയായ് 

വിവർത്തനം ചെയ്യുമൊരു അവിശുദ്ധ മധ്യാഹ്നത്തിൽ നിശ്ചയം

ഒരു കഴുതപ്പുറമേറി വിനയാന്വിതനായ് അവനെഴുന്നള്ളുമെന്നറിക

ഊട്ടുപുരകളൊക്കെയും ദുർമൂർത്തികളുടെ വാസസ്ഥലമായ്

വച്ചുമാറ്റപ്പെടുന്നൊരു തണുത്തുറഞ്ഞ മകര രാവിൽ തീർച്ചയായും

മൂകാസുര നിഗ്രഹം കഴിഞ്ഞ് കാട്ടാള താഡനത്തിനപ്പുറം ഉള്ളിലെ

അഹന്തയൊക്കെയും വെടിഞ്ഞ് പാർത്ഥൻ പാശുപതാസ്ത്രം നേടി

പരികർമ്മിയേയും സൂത്രധാരനേയും പടിയടച്ചെറിയുന്ന പകൽ വരും

മാംസാവശിഷ്ടം കൊണ്ട് മാലചാർത്തി മദിച്ചവളേയും മനപ്പൂർവ്വം

ചവിട്ടു വഴിയൊക്കെയും മുള്ളുപാകി  വെറുപ്പ് നട്ടവളേയും ദുരിതകാലേ

വീടുതേടി, വിശേഷമറിഞ്ഞ് സുഖം നേർന്നവൻ യുഗപുരുഷനാകും


തന്റെ ജാതിച്ചെടി മാത്രം കരുത്ത് കൊള്ളാൻ തിരിയിട്ട് നേദിക്കയും

അഹിതമായോരൊക്കെയും തെക്കെടുക്കാൻ നന്നായ് പ്രാർത്ഥിക്കയും

അച്ചിവീട്ടിലുണ്ട്, അക്കരെത്തമ്പുരാനെയപ്പനായ്ക്കൊൾകയും ചെയ്യും

താര മുഖങ്ങളിൽ ഊരുജനം കോളാമ്പി കെട്ടുന്ന തുടുത്ത സന്ധ്യയിൽ

എന്റെ കവിത നിന്നെ പ്രണയിച്ച് കൊണ്ടിരിക്കു,മന്ന് ഞാൻ ജയിക്കും

===================================================







2023 ജനുവരി 13, വെള്ളിയാഴ്‌ച

പൂതലിച്ചിടും മുന്നൊരു പടപ്പുറപ്പാട്

 

ഈ പീത സായന്തനത്തിന്റെ

നര വീണ വാനിലെൻ പ്രിയതേ

ഇനിയൊരു മൊട്ട് കൂമ്പിയതി-

ലിത്തിരി പ്രണയം ചാലിച്ച്

ശ്യാമ വർണ്ണമൊരു മലരിനിയും

പുഞ്ചിരിച്ചേ നിൽക്കുമെന്നായ്

കൊതി കൊൾവത് മാത്രമെൻ 

വാലൊടിഞ്ഞ ഓട്ടു കിണ്ടി തൻ

ഒടുങ്ങാത്ത മുദ്രയും മോഹവും


ഇന്നെന്റെ മോഹ നികുഞ്ജത്തിൻ

വേരുകളാകെയുമടർന്ന് പൂതലിച്ച്

നട്ടുച്ച വെയിലൊക്കെയും കൊണ്ട്

അസ്തമയ സൂര്യനെ കാത്ത് കിടക്കവേ

നാക്കു പറിഞ്ഞ നാഴിക മണി തൻ

നാദമൊന്നിനിയും അണയുമെന്നായ്

നിൻ പടിപ്പുറത്ത് തൊഴു കയ്യുമായ്

കാത്തിരിപ്പത് മാത്രം കാതരേ ശിഷ്ട ജീവിതം


നാട്ടു വഴി വളർന്ന് സത്രത്തളം തൊട്ടതും

ഏട്ടിലെപ്പശുവായ് തെക്കിനിയിലിട്ടതും

നീട്ടിയൊന്ന് വിളിക്കാനുള്ള നാക്ക് കട്ടതും

കണ്ടില്ല, കണ്ടുവെന്നാകിലുമുൾക്കൊണ്ടില്ല-

യെന്നായ് കൊണ്ടു പോകാനുള്ളോനെ കാക്കവേ

കവിതയൊന്ന് കെട്ടി ഞാനുറക്കെയാലപിക്കട്ടെ-

യല്പം തരളിതനാവട്ടെ, തോറ്റു പോകാതിരിക്കട്ടെ


ഇനിയെന്റെ കാവ്യ ഭൂവിലേക്കിത്തിരി പ്രണയമാ-

വാഹിക്കട്ടെ, ഞാനെന്റെയാത്മാവിനെ തൊടട്ടെ

കണ്ണുമൂടിയിക്കോലായിലൊട്ടിരിക്കട്ടെ, കാണട്ടെ

കരിഞ്ഞൊടുങ്ങിയ കനവുകളുടെ കടയ്ക്കലിത്തിരി

ആനന്ദക്കണ്ണീരു പൊഴിക്കട്ടെ, അജയ്യനാവട്ടെ

ആർത്തു കരയാനാരുമില്ലാതെ,യോർത്തു വയ്ക്കാൻ

നിൻ തീക്ഷ്ണ ഗന്ധമൊന്നല്ലാതെ മാറ്റൊന്നില്ലാതെ

പേർത്തു പേർത്തെൻ ജീവനെ വാർത്ത് പോകവേ

ഒരു കവിത മാത്രം മൂളുക, ചെരാതിൻ തിരി താഴ്ത്തുക

ഇനിയൊരു രാവിനപ്പുറമെന്റെ ദേഹം വയ്ക്കാതടക്കുക

0000000000000000000000000000000000000000000000






2023 ജനുവരി 3, ചൊവ്വാഴ്ച

ജനാധികാര ഗാഥ


തിരി തെളിയുന്നിതാ, പുതുതീരമുയരുന്നിതാ

തിര നുരയുന്നു, തിങ്കളുദിക്കുന്നു, തിളങ്ങുന്നു

തേക്കുപാട്ടിനീണത്തിൽ വയലുണരുന്നു

തെളിവാനമുയരേ ചെങ്കൊടി പാറുന്നു


മുഷ്ടിയുയരുന്നു, ഈങ്ക്വിലാബ് മുഴങ്ങുന്നു

ഹൃദയസരസ്സിലാകെ ഉന്മാദം നിറയുന്നു

ഇവിടെയാമോദം സൗഹൃദച്ചേരികൾ

ഒരു കൊടിക്കീഴിലൊഴുകുന്നു, പുണരുന്നു


പുലരട്ടെ, പൂവാകയാവട്ടെ, ചോക്കട്ടെ

പുതിയ ജനാധികാരക്കൊടി ഉയരട്ടെ

മാർക്സിസം മരുന്നാകട്ടെ, വേദനയൊടുങ്ങട്ടെ

വിപഞ്ചിക മീട്ടട്ടെ, വസന്തമാകട്ടെ


ഇവിടിനിയുയരില്ലൊരു വർണ്ണാചാരമൊട്ടുമേ

ഈ മണ്ണിൽ മുളയ്ക്കുകില്ലിനി ജാതിവെറി ലേശവും

ഒന്നായിരുന്നിടാം ഒരുമിച്ച് പോരിടാ,മുയർന്നിടാം

ചെങ്കൊടിക്ക് കീഴിലൊരു വന്മതിലായ് നിന്നിടാം

000000000000000000000000000000000000





2022 ഡിസംബർ 31, ശനിയാഴ്‌ച

പുതിയ ഗീതം

 

കനവു കാണാൻ കേരളമണ്ണിനു

കരുത്തു നല്കിയൊരു പ്രസ്ഥാനം

കാരാഗൃഹത്തിൻ ഇരുമ്പു ചങ്ങല

വെട്ടിയെറിഞ്ഞൊരു പ്രസ്ഥാനം

ഈങ്ക്വിലാബ്, ഈങ്ക്വിലാബ്, ഈങ്ക്വിലാബ് സിന്ദാബാദ്


ഇവിടെയില്ലിനി പട്ടിണി വർഗ്ഗം

ഇല്ലിനിയൊട്ടും അടിമത്തം

തരിമ്പുമില്ല ചൂഷണ വർഗ്ഗം

വേരോടില്ല  മത മേധാവിത്വം

ഉയരെയുയരെ പാറട്ടെ, പാറട്ടെ നം ചെങ്കൊടി


അധികാരക്കൊടി ജനങ്ങൾ കയ്യിൽ

സമർപ്പിതമാവും കട്ടായം

അശരണരില്ലാ, അഗതികളില്ലാ

അഴിമതിയൊഴിയും മുച്ചൂടും

അരിവാൾ ചുറ്റിക നക്ഷത്രം, അടയാളമതാകട്ടെ


നമ്മളെയാണ്ടു നീരു കുടിക്കും

നരഭോജികളിനി വാഴില്ല

നഖശിഖാന്തം നമ്മളെയൊടുക്കും

ഭരണ,ഇടയാളർക്കിനി ഇടമില്ല

ഈങ്ക്വിലാബ് മുഴങ്ങട്ടെ, ചെങ്കൊടിയുയരെ പാറട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx





2022 ഡിസംബർ 23, വെള്ളിയാഴ്‌ച

വസന്തത്തിലേക്ക് കണ്ണെറിയുന്നു



ഉയരട്ടെ വാനിലീ ഈങ്ക്വിലാബിന്റെ ഈണം

ഉണരട്ടെ മാനവ ഹൃത്തിലെന്നും ചെങ്കൊടി

പൊരുതട്ടെ തൊഴിലാളി വർഗ്ഗത്തിനായെന്നും

പുലരട്ടെ പുതിയൊരു ജനാധികാര ദേശം


കതിരിടും വയലേലകളൊക്കെയുമെൻ കാതരേ

കൊയ്തു പോകാനിനി വരില്ലൊരു കുപ്പായമിട്ടവൻ

കൊഞ്ചിക്കുഴഞ്ഞ് നല്ല തഞ്ചത്തിലാടും നം മക്കളെ

കൂര പൊക്കി കാമകേളിയാടുവാൻ തുനിയില്ലിനിയാരുമേ


പുതു യുഗം പിറക്കും പൊയ് മുഖങ്ങളൊക്കെത്തെറിക്കും

പൂ മരങ്ങളിൽ പുഴ,യരുവിയിൽ പൊൻ വസന്തം തുടിക്കും

മുഷ്ടികളുയരും അധികാരക്കലിയൊക്കെയുമൊടുക്കും

മാർക്സിസത്തിൻ മുദ്രാവാക്യ മാറ്റൊലിയിൻ കാറ്റടിക്കും


ചട്ടമിട്ട്, തിട്ടമിട്ട്, തീട്ടൂരം കെട്ടും ദുഷ് പ്രഭുക്കളെ

ചുട്ടി കുത്തി, ചൂട്ടെരിച്ച്, കഴുതപ്പുറമേറ്റിയൊടുക്കണം

ചിട്ടയിൽ ചമച്ചൊരു പറുദീസയായ് നാടുണരണം

ചെങ്കൊടിയുയരണം, വാനിൽപ്പറക്കണം, വസന്തമാകണം

==================================================




2022 ഡിസംബർ 18, ഞായറാഴ്‌ച

പുതിയ ആകാശം തുറക്കുന്നു


പുതിയൊരാകാശം, നിറങ്ങൾ തൻ ഭൂമി

പൊൻ വെയിൽ ചാറും പൂമരത്താഴ്വര

ജാതി കായ്ക്കാത്ത മാനവ ഹൃത്തടങ്ങളിൽ

ജീവ താളമായ് തുടികൊട്ടിയുയരുന്നു ചെങ്കൊടി


ഭയ വിഹ്വലതകളില്ലിവിടം, ഏശുകില്ല ഭീഷണി

ഭോഷ്കില്ല, ഭീതിയില്ല, ഭരണകൂട കുടിലതയില്ലൊട്ടുമേ

കൂട്ടിനുണ്ട്, കൂടെയുണ്ട് ചെമ്പടയുടെ ആരവം

കവിത പോലെൻ കരളിലുണ്ട് രക്തവർണ്ണപ്പൊൻ കൊടി


എത്രയുപവാസമെത്ര പരിഹാസം കൊണ്ടതാണെൻ പൂർവ്വികർ

എരി വയർ  കെട്ടി പൊരി വെയിൽ തട്ടി കരിഞ്ഞുണങ്ങിപ്പോയവർ 

തടവറയിൽ തേങ്ങൽ മോന്തി തട്ടിവീണൊടുങ്ങിയോർ

തളരുകില്ലവർ പകർന്ന ഈങ്ക്വിലാബിൻ ലഹരിയിൽ


ഉയരെപ്പറക്കുന്നുഷസ്സിൽ തുടിക്കുന്നൂർജ്ജമേകുന്നു ചെങ്കൊടി

ഉള്ളിലെപ്പക പോക്കി ഊരിനെയാകെയും ഒന്നായ് നയിക്കുന്നിക്കൊടി

പ്രയാർദ്രമാണെന്റെ പൂങ്കൊടി, പ്രാണനിലുയിർത്തൊരു നിലാക്കൊടി

പാറിപ്പറക്കട്ടെ,പേരു പെരുക്കട്ടെ,പൊൻ പ്രഭാതമാവട്ടെ നാളൊക്കെയും  

================================================






2022 ഡിസംബർ 16, വെള്ളിയാഴ്‌ച

ഉണർത്ത് പാട്ട്

 

വരികയെൻ സഹജരേ, വീരേതിഹാസമാവുക

വിണ്ണിലും മണ്ണിലും വിപ്ലവക്കൊടി പാറിക്കുക

വാക്കുകളിലഗ്നി നിറയ്ക്കുക, വസന്തമാവുക

വരും തലമുറയ്ക്കാകെയായ് സ്വപ്നഭൂമിയൊരുക്കുക


ജാതിമത ഭേദം വെട്ടി ജമ്മു താണ്ടിയാട്ടുക

ജാതകക്കുറിയെടുത്ത് ജമുനയിലൊഴുക്കുക

ജീവിതപ്പെരും പാതയിൽ പൊരുതി ജേതാവാകുക

ജയജയം പാടുക,ചേലോടെ ചെങ്കൊടിയേന്തുക


സാമ്പത്തികപ്പുകിലു കാട്ടും സാത്താൻ കുരിശേറട്ടെ

സർപ്പദോഷം  ചൊല്ലി മെരുക്കും സൂത്രധാരി തുലയട്ടെ

സുഖ ലോലുപതയിൽ മന്ത്രിച്ചൂതും താടിക്കാരനൊടുങ്ങട്ടെ

സിംഹാസനമേറാനിനിയൊരു തൊഴിലാളിപ്പടയെത്തട്ടെ


ഈങ്ക്വിലാബ് മുഴങ്ങട്ടെ, ഇവിടം സ്വർഗ്ഗമാകട്ടെ

അരിവാൾ ചുറ്റിക നക്ഷത്രം അടയാളക്കൊടി പാറട്ടെ

ഇക്കരയാകെ ചുവക്കട്ടെ, ഇത്തിൾക്കണ്ണി നശിക്കട്ടെ

അജ്ഞതയോടിയൊളിക്കട്ടെ, അറിവിൻ ദീപം തെളിയട്ടെ

00000000000000000000000000000000000000000







കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...