2019, ജൂൺ 20, വ്യാഴാഴ്‌ച

ഓട്ടപ്പാച്ചിലിലായിരുന്നു

ആമയാണോ മുയലാണോ

ജയിച്ചിരിക്കുന്നതാരെന്നൊരിക്കലും

പിന്തിരിഞ്ഞു നോക്കാൻ

അവസരമൊത്തിട്ടില്ല

ആശ്രിതരും പ്രായോജകരും

കാലാനുസൃതം മാറുന്നവരായിരുന്നു

ഇത്തിൾക്കണ്ണി വളർന്ന്

തായ്മരം മറച്ചതോ

കൈത്തോട്‌ പരന്ന്

നീർച്ചാലു നികന്നതോ

നാളൊരിക്കലും നോവറിയിച്ചില്ല

കൊത്താവുന്നവയൊക്കെയും

കൊക്കിലൊതുക്കിപ്പറക്കവേ

അരുതായ്മകൾക്കപ്പുറം ലക്ഷ്യം

നിന്റെ അന്നന്നത്തെ അപ്പമായിരുന്നു

കൊണ്ട കപ്പൽച്ചാലുകളെത്ര

കണ്ടവൻ കൊണ്ടു പോയ്‌

വെട്ടിയ വന്മരമൊക്കെയും

വേരോടെ വശത്താക്കിയോരാവും

ഇണ്ടൽ കൊള്ളാൻ ദണ്ണമോർക്കാൻ

ഇക്കണ്ട നാളൊരിക്കലുമൊരു ചില്ലയിലിരുന്നില്ല

ഇന്നു മരുപ്പച്ചയെന്ന് കണ്ട്‌

ദൂരദേശം മണൽ കൊത്താൻ

ചിറകിലാകാശമൊതുക്കിപ്പറക്കവേ

വെന്ത പാറയിലൊന്നു തട്ടി

വീണതുമാത്രമാണു സഖേ

വേദനിക്കുന്ന ജീവിതപ്പരമാർത്ഥം

ഉച്ചവെയിൽ താണു സൂര്യൻ

തെച്ചിമറവിലൊളിക്കാറായിട്ടും

പച്ചവെള്ളമിച്ചിരി ചവച്ചിറക്കിയോ

പേരിനെങ്കിലും പങ്കുപറ്റിയോരാരെങ്കിലും

നന്നായൊന്നു പുഞ്ചിരി തൂകി

അന്വേഷിച്ചിരുന്നെങ്കിലെന്തിത്ര

ആശങ്കയെന്നിൽ പടിയിറങ്ങിപ്പോകുവാൻ

പൂതലായ്‌ മാറുന്നയെൻ പടുമേനിയിൽ നിന്ന്

പകരക്കാരനൊരുവൻ പിറക്കുമായിരിക്കും

വീണ്ടുമടുത്ത വട്ടമോടിത്തികയ്ക്കുവാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...