2019, ജൂൺ 29, ശനിയാഴ്‌ച

ജാതി പൂക്കുന്ന പാതിരാമേടകൾ

പ്രഭാഷണ വേദികളിലെ 
പ്രമാണിത്തമായിരുന്നു
ഒരു രാവിലൊമ്പത്‌ മേടകൾ
പകർന്നേകിയ തത്വചിന്തകൾക്ക്‌
പകരം കൊയ്ത്‌ പണച്ചാക്കുകളും
വിഭാഗീയതകൾ, വിഷം വച്ച വാക്കുകൾ
വിപ്ലവമെത്ര വിഷൂചികയായ്‌ ചീറ്റുന്നുവോ
വിശ്വമാധ്യമങ്ങളിൽ പൂത്തു നിൽക്കയായിരുന്നു
വിശുദ്ധ വചനങ്ങളെ വേരോടെ പിഴുതും
നല്ല വാക്കുകളെ നാലായ്‌ പകുത്തും
നെറികേടുകളെ നിയമങ്ങളിൽ തിരുകിയും



മണൽക്കാടു തിന്ന മഹാമേനിയെ
വിശന്നൊട്ടിയ തിങ്കളൊളിയെ
ഒരുകാരക്കച്ചീന്തിലൊരപ്പക്കഷ്ണത്തിൽ
ദാന മഹിമയുടെ പെരുമയെക്കാണിച്ച്‌
ലളിതജീവിതം കൊണ്ട്‌, നിലയ്ക്കാത്ത
സ്വർഗ്ഗപ്രാപ്തി പഠിപ്പിച്ച പൊരുളിന്റെ മഹാവേദമോതിക്കൊടുത്ത്‌
ശീതീകരണിയില്ലാതെ, പഞ്ചനക്ഷത്രസദ്യയില്ലാതെ
പ്രസംഗപീഠമേറില്ലെന്ന് ശഠിച്ച്‌
അന്യദൈവങ്ങൾക്ക്‌ തെറിപ്പാട്ട്‌ നേർന്ന്
അയൽക്കാരിൽ ജാതിയുടെ അതിർവരമ്പ്‌ പണിത്‌
ഒടുവിലിന്നീ കാലഗതിയുടെ യേറുകൊണ്ട്‌
ശകടമെരിഞ്ഞുവീണു, വീണു കിടക്കവേ
സർക്കാരാതുരാലയത്തിലൊരു മൂലയിൽ
കരുണയുടെ നോട്ടമൊന്നു കൊതിക്കവേ
പൊതിച്ചോറു തന്നവൻ പാണനാവാം പുലയനാവാം
പാൽ മൊന്ത നീട്ടിയത്‌ പൂണൂൽധാരിയാവാം
മരുന്നുറ്റിച്ചത്‌ നസ്രാണിയും
വച്ചുകെട്ടിയത്‌ ചോവനോ മാപ്പിളയോ ആരുമാവാം
ഒടുവിലിന്നെന്റെ കരൾ കക്കിയ പെരും
വിഷത്തിനൊക്കെയും പകരമായി
ജീവന്റെകണികയൊന്നു പോവാതെ കാക്കാൻ
എന്റെ ധമനികളിലേക്കിറ്റു വീഴുന്ന
ഈരക്തത്തുള്ളികളിലൊന്നിലെങ്കിലും
ജാതിയോ ഉപജാതിയോ ജാതകമോ കാണാതെ
അടുത്ത കട്ടിലിലെകാരണവരുടെ 
കുലം തേടാൻ നാവുയർത്തവേയറിയുന്നു
ജീവനെന്നിൽ നിന്ന് ജാലകം തുറന്ന്
പറന്ന് പോകാതെയൊരിക്കലും
ജാതിചിന്ത പിരിഞ്ഞ്‌ ഞാൻ നീയായ്ത്തീരുകില്ലയെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...