പൂവുകൾ പലതുണ്ട് നിന്റെ താലത്തിൽ
പുലർ വേളയിൽ പൂജാദ്രവ്യങ്ങൾക്കൊപ്പമായ്
ഒരുനാളെങ്കിലും പ്രഭോ ഉള്ളറിഞ്ഞെന്നെ
ഒരു മാത്ര നിന്നെപ്പുണരാനനുവദിക്ക
ആണ്ടാണ്ടുകൾക്ക് മുമ്പൊരമാവാസിയിൽ
അടിയന്റെ കുലം കണ്ട,പരാധം കൊണ്ട് നീ
കാലമൊക്കെയുമൊതുക്കായ്ക പടിപ്പുറത്ത്
കൈതപ്പൂവെന്നിൽ കരുണ പെയ്യുക
നിന്നെ നിന്നെമാത്രമുൾക്കൊണ്ട് ഇരവൊക്കെയും
നിദ്രകൊള്ളാതെ ധ്യാനത്തിലലിഞ്ഞു പുലരവേ
പെരും വിഷം കൊണ്ട മൂർഖനൊന്നിനെ
പ്രണയിച്ചു പാതിരാവൊക്കെയും പുൽകിയെന്ന്
കള്ളക്കഥ മെനഞ്ഞെന്നെ കളങ്കിതയാക്കിയ കാലം
കറുത്ത കമ്പളക്കെട്ടിൽ നിന്ന് നീലക്കടൽ കാണും
അന്നൊരു നാളെങ്കിലുമെൻ അയലത്ത് പൂത്തവരൊക്കെയും
ആർത്തിയോടെയെന്നെ ചേർത്ത് വയ്ക്കുമതു വരേക്കും
ഈ മുൾക്കെട്ടിൽ മുനിഞ്ഞ് കത്തും വെറുപ്പിൻ നെരുപ്പിൽ
ഇത്രമേൽ വേപഥു കൊണ്ട് നിന്നെ പ്രണയിച്ച് തീരട്ടെ
00000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ