മരണത്തിന്റെ വെള്ളിനൂലിഴ
നമുക്കിടയിൽ കിനിഞ്ഞിറങ്ങിയ
മിഥുനവാവിന്റെ പാതിരാത്രിയിൽ
ഒരേ തലയിണയിൽ ഒന്നിച്ചു കിടന്നിട്ടും
വ്യത്യസ്ത താഴ്വരകളിൽ ഉറക്കം നടിച്ചവർ
ആദി കാലത്തൊരു വരണ്ട വേളയിൽ
വെറും ലോഹച്ചരടിന്റെ നീതി വ്യവസ്ഥയിൽ
എന്നിൽ പ്രഭുത്വം കെട്ടിയേൽപ്പിച്ചവൾ
മാംസ ദാഹത്തിന്റെ ഉദ്ധാരണപ്പകയിൽ
ഒരു പൊയ് വാക്കിന്റെ നിമിഷാർദ്ധ സുഖത്തിൽ
എനിക്കായ് ഉടയാടകൾ വിലകി വെന്തവൾ
കല്ല്യാണം, കാത്കുത്ത്, തിരണ്ട് കുളി, കാവുതീണ്ടൽ
പിന്നേ കാലമൊക്കെയും ഗമിച്ചീടിലും ഒട്ടും
ഗണിച്ചിട്ടില്ല നിന്നെ നല്ലപാതിയായ് നാളൊരിക്കലും
എന്റെ മക്കളെ പെറ്റ് പോറ്റുവാൻ, വഴി നടത്താൻ
വിശക്കാതെ, രസനകളെ ത്രസിപ്പിച്ച് രുചിക്കുവാൻ
എന്റെ ഊണിനായ് കാലമൊക്കെയുമുരുകിയോൾ
നീയുറങ്ങാത്ത പകലുകൾ, കരയാത്ത രാവുകൾ
അത്രമേൽ കൊതിച്ചിട്ടും കേൾക്കാത്ത കൊഞ്ചലുകൾ
ഇന്നെന്റെയീ അവഗണനയുടെ കൈതപ്പായയിൽ
കണ്ണൊരിക്കലും തുറക്കാതെ നീ വീണുറങ്ങയിൽ
ഇല്ല, വിശ്വസിക്കുന്നില്ല ഞാനൊട്ടുമേ,യിനിയൊരിക്കലും
ഒരു പൊളിമാത്രം തുറന്നവാതിലിൽ മറുപൊളിയായ്
കണ്ണുപായാത്ത പാടവരമ്പിന്റെയങ്ങേത്തലവരെ
കാത്തുകാത്തിരിക്കാനൊരു മുനിഞ്ഞ നാളമായ്
കാതര നീയില്ലയെന്ന സത്യം, കൊതിക്കട്ടെയതിനൊപ്പം
ഉദിക്കാതിരിക്കട്ടെ ഇനിയൊരു പുലരിയെൻ വാഴ്വിൽ
ഒടുങ്ങട്ടെയിക്കണം നീ പകരാനിടയില്ലാത്ത നീർ കൊണ്ട്
xxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ