ജനിമൃതികളുടെ സ്ഥൂലാവിഷ്കാരങ്ങളിൽ
ഏത് തന്തുവിലാണു നീയെന്നിലുടക്കിയത്
ആദ്യ ഉറവക്കണ്ണി പൊട്ടി ഞാനൊഴുകവേ
കാര്യകാരണമായ മൂലസ്ഥാനം നീയായിരുന്നു
കൈപിടിച്ചെന്നെ നടത്തിയ കരുണയിൽ
കാലമെല്ലാം പോറ്റിയ ജീവിത വ്രതശുദ്ധിയിൽ
കരുത്തുറ്റ കാവലാളായ് എന്നെ വേട്ടവൻ
എന്നിൽ കുരുത്ത് എന്നെ ഭ്രമണം ചെയ്തവൻ
എന്റെ മകനായ് കുസൃതിക്കുരുന്നായവൻ
ജാരസംസർഗ്ഗത്തിന്റെ ഇരുൾമേനി പകുത്തവൻ
തിരസ്കൃത, മധ്യ അയുർദശയിലെ വെറുപ്പിനെ
പകൽ പാതിരയറിയാതെ നെറുകയിൽ മുത്തി
ഒരോ പുലരിയും പുതു പ്രതീക്ഷയെന്നിൽ നട്ടവൻ
നീയാരെന്ന ചോദ്യം എന്നിലേക്ക് ചൂണ്ടും മുന്നേ
നീ മാത്രമാണു സത്യമെന്ന പൊരുളിലെത്തുന്നു
ഇനിയെന്റെ അന്ത്യമാത്രയില്‍ കൂദാശയാവുക
അയ്യായിരം കൂടുന്ന സംസ്കാര ശുശ്രൂഷയിലും
ആളൊരുത്തനായെന്റെ ശവമഞ്ചം താങ്ങുക
പിന്നെ, ശ്മശാനത്തിലെ തെക്കൊരു മൂലയിൽ
കുതിർന്നു കിടക്കവേ എന്നിൽ കുടികൊള്ളുക
വീണ്ടും മൂന്നാം പക്കം ഞാനായുയിർത്തീടുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ