ബന്ധങ്ങളുടെ ഉഷ്ണമാപിനിയിൽ
ഏത് നട്ടുച്ചയിലാണു നീയെൻ
തന്ത്രികളെ ത്രസിപ്പിച്ച് ചിറകൊതുക്കിയത്
ഏത് ഊഷര സംഗമവേദിയിൽ വച്ചാണു
ഇരുണ്ട ഇടനാഴിയിലെ രതിശില്പം സാക്ഷിയായ്
നീയെന്റെ വിതുമ്പലിനെ കരിയിച്ചത്
അറിയുന്നു പ്രിയ രാഗമേ നീയെന്റെ
അകക്കണ്ണിൽ ആദി തൊട്ടുരുവായിരുന്നെന്ന്
പനിച്ച് വിറയ്ക്കുന്ന ശൈശവപ്പാതിരയിൽ
അമ്മിഞ്ഞക്കണ്ണിളക്കാതെ എന്റെ ഉറക്കം കാക്കവേ
നീ വാത്സല്ല്യമൂർത്തിയായ അമ്മയായിരുന്നു
മിഥുനപ്പുലരിയിൽ തോട്ടുവെള്ളത്തിൽ
പരൽ മീനൊത്ത് നീയെന്റെ ബാല്യം പകുക്കവേ
കളിക്കൂട്ടിന്റെ കൈവിരൽത്തുമ്പായ് നീയുണ്ടായിരുന്നു
കലാലയങ്ങളിലെ വിരസ പാഠങ്ങളിൽ
കശുമാവിൻ തോട്ടത്തിലഭയമേൽക്കാൻ
കാമിനിയായ് വന്നവൾ നീതന്നെയായിരുന്നു
ചുവന്ന ചേലയിലെന്റെ ചിതലരിച്ച ജീവിത
ചവർപ്പ് കറന്നെടുത്ത സുന്ദര ധാമമേ
ഇനിയെന്റെ ഈർഷ്യമൂത്ത യൗവ്വനപ്പകകളിൽ
തുരിശും ഗന്ധകവുമായ് ചിതറിപ്പൂക്കുവാൻ വരിക
ആറടിയിലോരോ അംഗുലവും അമൃതൊളിപ്പിച്ച
നിന്റെ അഭൗമ ചഷകമെനിക്കായ് ചുരത്തുക
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ