അബലയെ സ്നേഹിച്ചുവെന്ന
ഒറ്റക്കാരണത്താൽ, നിന്റെ
വിശുദ്ധ നഗരമെനിക്ക്
വിലക്കപ്പെട്ടതാക്കാതിരിക്ക
പൗരോഹിത്യ കനലുകളിൽ
വെന്തെരിഞ്ഞവൾക്കു മേൽ
അനുതാപം പെയ്തിറങ്ങി,യാകയാൽ
നിന്റെ വേദങ്ങളിൽ നിന്നെന്നെ
ആട്ടിയിറക്കാതിരിക്കുക
ആർത്തവകാരിക്ക്, കൂദാശയപ്പവും
ചാവുകിളിക്ക് അൽത്താരയടുപ്പവും
നിഷേധിക്കായ്കയെന്നോതവേ
നിന്റെ ദിവ്യബലിയിൽ നിന്നെന്നെ
കല്ലെറിഞ്ഞകറ്റായ്ക, വെറുക്കായ്ക
അതൊന്നുമല്ലെന്നറിയാം
കുറ്റമെന്നിലേക്ക് കെട്ടിവച്ചവ
അക്ഷരം കൂട്ടിവായിക്കാനരുതാത്തവനു
അക്കൽദാമൻ ഫെല്ലോഷിപ്പും
നാക്കു വളയാതെ നാലു വാക്കും
തൊണ്ട വരളാതെ തോറ്റം പാട്ടും
ചൊല്ലാനറിയാത്തവനു കവിപ്പട്ടവും
കനിഞ്ഞരുളുന്ന നിന്റെ കൊത്തളങ്ങളിൽ
കാലമൊക്കെയും കവിതകെട്ടുന്നു ഞാനാകയാൽ
സ്വർഗ്ഗരാജ്യം എന്നിലേക്ക് വരാതെ കാക്കുക
00000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ