ഋതുഭേദങ്ങളുടെ
ആകത്തുകകളിൽ നീയെന്നും
വസന്തമായ്ത്തന്നെയിരിക്ക
സ്വപ്നാധിക്യങ്ങളുടെ
പെരുവെള്ളപ്പാച്ചിലിൽ
നീ അടർന്ന് പോകാതെ കാക്കുക
ഒടുക്കത്തെക്കടലും
തീപിടിച്ചെരിയുന്ന കാലവും
ഹിമം പടർന്ന കവിതകളെ
പവിഴപ്പുറ്റുകളിൽ അടവച്ചീടുക
ഇരുളിന്റെ ഓരോ തന്തുവിലും
രതി വിളയുന്ന ആഭാസത്തെരുവുകളിൽ
പ്രണയ പാരവശ്യം അത്രമേൽ
പവിത്രമായിരുന്നുവെന്ന് ഉറപ്പിക്കുക
പാതിരാവൊക്കെയും
സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന പുരോഹിതനു
നട്ടുച്ചനേരത്തു പോലും
വാതായനം തുറക്കാതിരിക്കുക
പച്ചമണ്ണിന്റെ മണമറിഞ്ഞ്
കല്ലുരുക്കി,കറ്റാർവാഴ, കാട്ടുതുളസിയെന്ന്
നാട്ടുപച്ച കാക്കുന്ന കുങ്കനു
നീ കാവലാളാവുക
ശുഭ്രം പൊതിഞ്ഞ്, വിയർക്കാതെ
നരകം കെട്ടിയേല്പിക്കുന്ന തങ്ങളെ
കവിതകളിലൊക്കെയും നീ
ഭത്സിച്ച് കൊണ്ടിരിക്ക,തീയാവുക
0000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ