ഞാനുറങ്ങിയ മൂന്നാം പക്കമെങ്കിലും
നിന്റെ നാവ് പൂക്കണം
അഗ്നിഗോപുരം വിരിഞ്ഞ
ഹിമശൈല ദേശങ്ങളിൽ
നാളെയൊരു നദിയൊഴുകണം
ചെന്നായ്ക്കൾ തുറന്നുവിട്ട
വെറുപ്പിന്റെ കഴുകനാണു
നിവേദ്യം കൊത്തുന്നതെന്ന്
ചൂണ്ടാണി കറുക്കും മുൻ
ചോരമുക്കി നീ കുറിക്കണം
വായ്ക്കരി, ഉഴക്കെണ്ണ കട്ട
പാപമൊഴുക്കാൻ മാത്രം
പുഴയൊക്കെയും കരിച്ച,അധമ
പ്രജാപതിയെ സൂക്ഷിക്കണം
കണ്ണിമയടയാതെ,കനവ് കാണാതെ
കാലമൊട്ടുക്ക് നാടിൻ കൊടിക്കൂറകാത്ത
പോരാളിയൊന്നിനെ, കേവലം രാജന്റെ
സൂര്യകളങ്കം ഊരുകൂട്ടം മറക്കുവാനായ്
ബലികൊടുക്കുന്ന,നീച തന്ത്രം ജയിക്കും
എങ്കിലുമെന്റെ ചോരക്കറ മായാതിരിക്കും
പൊട്ടിച്ചിതറിപ്പരലോകം
പുല്കുവതിലൊട്ടും പേടിയില്ലീശനേ
എങ്കിലും, പൊട്ടക്കരമൊന്നുയർന്നു നില്‍ക്കാന്‍
ഇട്ട തിട്ടം തീണ്ടിയൊടുങ്ങുവതേ കഷ്ടമല്ലയോ
000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ