2019, ഫെബ്രുവരി 24, ഞായറാഴ്‌ച

രക്തസാക്ഷിയുടെ അഞ്ച് അവകാശികൾ



നേർപ്പെങ്ങൾ
==========
ചക്രവാളത്തിന്നുമപ്പുറം; നേർത്ത, 
തിരശ്ശീല മറയ്ക്കുന്ന കാഴ്ചയിൽ
ചോരവാർന്ന് കിടന്ന നിൻ യൗവ്വനം
തേച്ച് മായ്പ്പതെങ്ങനെ,യെൻ സോദരാ ?

നല്ല പ്രണയിനി
=============
തെരുവു നായ്ക്കൾ നുറുക്കിയ നിന്നുടലിൽ
ചിന്നിത്തെറിച്ച മസ്തിഷ്കമൊരുകോണിൽ
തിളങ്ങിത്താരകമായൊളി പൂണ്ടു ഞാൻ
ചിരകാലം പൂത്തതല്ലയോ സ്നേഹിതാ ?

നൊന്തു പെറ്റവൾ
============
ചുട്ടു വെണ്ണീറായ് തീപ്പെട്ട് പോവാതെ
തെറ്റായിരുന്നവനെങ്കിലെൻ പുത്രനെ
ചലനം മറുത്ത്, കൈകാൽ കൊത്തിയെങ്കിലും
തന്നിരുന്നെങ്കിൽ പോറ്റുമായിരുന്നില്ലെ ഞാൻ ?

നന്മമരമച്ഛൻ
==========
തൊട്ട് വണങ്ങി ഞാനേന്തിയ രക്തപങ്കില പതാക
ചീന്തിയെറിഞ്ഞവൻ ഉപ്പുകുറുക്കവേ,യറിഞ്ഞീല
തോറ്റംപാട്ട് പാടിയൊരുകൂട്ടം നോമ്പെടുത്തിരിപ്പത്
ചിന്തുവാനന്തിക്കവന്റെ ചോരയുമെന്റെ സ്വപ്നവും 
തംബുരുമീട്ടില്ലിനിയൊരുനാളുമീ താതന്റെ നെഞ്ചകം

നാട്ടുകൂട്ടം
======
ചക്കരയെന്നുടൽ പകുത്തുരുവായ പെങ്ങളെ
തൊട്ടുരുമ്മിക്കനവു കൊത്താൻ കൊതിച്ച പെണ്ണിനെ
ചുംബിച്ചു മതിവരാതുറക്കിയ തായവളെ, പെറ്റ വയറിനെ
തേൻ വരിക്ക പോൽ, പുറം പരുക്കനായ താതനെ, ജീവിതം
ചുടുകാട്ടിലാക്കുവാനായെന്തിനു ചാവേറായി വെറുതെ നീ ?
0000000000000000000000000000000000000000000




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...