2018 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

രക്തസാക്ഷി അജയ്യനാവുന്നു. . .



ജീവിതക്കയ്പ്പിട്ടു കുറുക്കിയ രസായനം
കാലമെത്രയായ് മോന്തി ഞാൻ സോദരാ
ദുരിതക്കയങ്ങൾക്ക് കൂട്ടിരുന്നെത്ര നാൾ
കഷ്ടകാണ്ഡത്തിൻ കുറുക്കു നുകര്‍ന്നു
കവിതയൊന്നിനെ മാത്രം തുണയാക്കി
കർക്കിടകമെത്ര പെയ്തുതീർന്നെൻ സഖേ
ക്ഷീരപഥത്തിന്റെ സീമയ്ക്കുമപ്പുറം,വാഴ്വിൻ
മോഹം പടർന്നെന്നെ നോവിക്കവേ
നിന്റെ താരാങ്കിതപ്പതാക കാട്ടിയെന്നെ
കൂട്ടിയതാണു നീ ചങ്കിലെച്ചോരയെന്നോതി
അന്നുതൊട്ടിന്നേവരെയമ്മയെപ്പോലും
അത്രമേൽ കണ്ടില്ല, തണലായതില്ല
ഉന്നം പിഴക്കാതെ അമ്പെയ്യുവാൻ, പിന്നെ
ചാട്ടുളി തോല്ക്കും വാക്കാകുവാൻ, ജയിക്കുവാൻ
പാതിരാവിനെ പ്രണയിക്കുവാൻ, പോരാടുവാൻ
നീയിട്ട അന്നം, നീപകർന്ന ജലം, അഗ്നിയും
ഉയിർമൂച്ചെടുക്കാൻ മറന്നാലുമൊരിക്കലും
ഉയർത്താതെ പോവല്ലെ മുഷ്ടിയെന്നു നീ
ഓരോ തെരുവിലും കത്തിയേ നില്ക്കണം വിപ്ളവം
ഓരോ നെഞ്ചിലും ഉറഞ്ഞാടണം നിൻ നിറം
ലക്ഷ്യമതൊന്നുമാത്രം,ആശയും അഭിലാഷവും
ഇന്നു നിൻ ദംശനമേറ്റ് ഞാൻ പിടഞ്ഞ് വീഴവേ
കെടാതെ കാക്കയീ കൊടിയെന്ന് കേഴുന്നു ഞാൻ
പിന്നെ, 
ആണ്ടറുതിയിലൊരിക്കലെങ്കിലും നീയെന്റെ
പേരുചൊല്ലി പടച്ചെടുക്ക പുതിയ രക്തസാക്ഷിയെ
00000000000000000000000000000


2018 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

നീവരുമെന്ന് മാത്രം. . .



വരിക,
നീയെന്നിലൊരുന്മാദ രാഗമായ് പടരുക
ഉയിരിന്റെയന്ത്യ തന്ത്രിയുമുടഞ്ഞ്
പെരുമൂച്ചെടുത്ത്, പേക്കിനാ കണ്ടൊടുങ്ങവേ
പഴമ്പാട്ടിലൊന്നെങ്കിലും, അല്ലെങ്കിൽ
പാടാത്ത പ്രണയശീലുകളിലേതെങ്കിലും
ഒരുവേളയെൻ കാതിലോതി നീയെന്നെ
പടികടത്തീടുക,പെരുവഴിയിൽ മറന്നീടുക
ഇല്ല, ഇരുൾ വിഴുങ്ങിയിട്ടില്ല ഒന്നുമേ
ഇന്നലെപ്പെയ്ത രാമഴ, കാത്തിരുന്ന മാമ്പഴം
അത്ര കൗതുകം കൊണ്ട പരൽമീൻ കൂട്ടം
നിന്റെ കൈവെള്ളയിലെഴുതിയ കവിത
ഓർത്തോർത്തിരിക്കാൻ ഉണ്ട് തീത്തഴമ്പുകൾ
ഇനിയുമാരും കട്ടെടുത്തിട്ടില്ലാതെയൊരു നൂറു
വ്യഥകൾ ചാലിച്ച് കൊണ്ടയെൻ തീബാല്യം
നോവുകൾ മാത്രം ഉണ്ടുറങ്ങിയ യൗവ്വനം
പരിഹസിച്ചാട്ടിയ കവിതകളുടെയപരാഹ്നം
ഇനിയുമെന്റെ അഗ്നിക്ക് ഈയല്ച്ചിറകാകുവാൻ
ഒരിക്കലും വറ്റാത്ത വിയർപ്പിനൊരുപ്പു കടലാകുവാൻ
ആരും വാഴ്ത്താതെ കത്തി നിന്ന കവിതയ്ക്ക് ചിരാതാകുവാൻ
നീയണയുന്നതും കാത്തെൻ തീയണയും വരെ
മുനിഞ്ഞു കത്തിയാണെങ്കിലും കാത്തിടാമാത്മാവിനെ
xxxxxxxxxxxxxxxxxxxxxxxxxxxxxxx






2018 ജൂൺ 30, ശനിയാഴ്‌ച

മേൽക്കോയ്മയ്ക്ക് തീറെഴുതപ്പെട്ടവൾ


നിന്റെ വെയില്ച്ചില്ലകളിൽ
നോവിന്റെ കശേരുക്കൾ 
ഏതൊരുഷ്ണമാപിനിക്കുമളക്കാനാവാതെ
പെരുക്കം തീർത്ത നട്ടുച്ചയിലാണു
സാക്ഷയിളക്കാതെ മൗനമുടയാതെ
കനലുകളിൽ കുന്തിരിക്കം പടർന്ന്
പുകച്ചുരുളുകളിൽ രതിഗന്ധം നിറച്ച്
ശൈത്യപ്രവാഹമായ്  ഞാൻ ഊർന്നിറങ്ങിയത്
ജാതിനട്ട ജീവിതച്ചിട്ടകളിൽ
പൗരോഹിത്യത്തിന്റെ ആൺകോയ്മ കലരവേ
മാർജ്ജാര സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട്
കറുത്ത മൂടുപടത്തിനുള്ളിൽ നീ ഭോഗവസ്തുവാകുന്നു
ഞാനെന്താകിലും സ്വർഗ്ഗപ്രാപ്തനെന്നും
സ്ത്രീ നരകമലങ്കരിക്കാൻ പൂർണ്ണ യോഗ്യയെന്നും
മതം മാറ്റി വായിക്കുന്ന പ്രഭാഷണപ്പേമാരിയിൽ
സമൂഹം നിനക്കായൊരു ചാരക്കണ്ണു തീറെഴുതുന്നു

ഇനിയെന്റെയാഷിതാ,
മൈലാഞ്ചി പൂത്തു നില്ക്കുന്ന പള്ളിത്തൊടിയിൽ
നിലാവു ചാലിച്ച കാറ്റിലൊരുന്മത്ത രാവിൽ 
നിന്റെ വിയർപ്പുഗന്ധമൊരു വസന്തമോർമ്മിപ്പിക്കവേ
ഞാനൊട്ടാശിച്ചു കൊള്ളട്ടെ, നാളെയും
സ്വർഗ്ഗമെന്റേതു മാത്രമാവുമന്ന്, എന്റെ ഇഛയിൽ
എന്റെ ശുപാർശയിൽ മാത്രം നീ നരകമോചിതയാവും
അന്നുമെന്റെ ഹിതം തീർക്കാൻ നീ തീറെഴുതപ്പെടും 
================================

2018 മേയ് 19, ശനിയാഴ്‌ച

പ്രവാസ റംസാൻ


പലചരക്കു കടയിലെ
പറ്റധികരിക്കുന്ന മാസമാകയാൽ
പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ

പോക്കരേക്കാൾ തനിക്കൊട്ടും
പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ
പള്ളിയിലേക്ക്‌ കൊടുക്കാനായ്‌
പതിനായിരമയക്കെന്ന് പിതാ

പോത്തിറച്ചി പത്തിരി
പലഹാരങ്ങൾ പലതരം
പഴങ്ങളിൽ  പണം കൊഴുത്തത്‌
പകരാതെ പിന്നെന്ത്‌ നോമ്പെന്നു  പെറ്റുമ്മ

പോയ വർഷം വാങ്ങിയ
പി.സി.യും മൊബെയിലൊക്കെയും
പെരുന്നാളു വരും മുമ്പേ
പുതുതായ്‌ വേറെയാക്കണമെന്ന് മകൾ

പണിയണം മതിലൊന്ന് പള്ളിക്ക്‌ ചുറ്റുമായ്‌
പെയിന്റൊന്ന് മാറ്റണം പുറമോടി കൂട്ടണം
പത്തമ്പതിനായിരം ഒന്നിച്ചെടുക്കുവാൻ
പ്രാപ്തനായവൻ നീയെന്ന് പുരോഹിതൻ

പറ്റുന്നതെനിക്കെന്റെ  പ്രയാസത്തിന്റെ പ്രവാസം
പുതുക്കണമൊരാണ്ടു കൂടി,യാകയാൽ
പ്രമേഹത്തിന്റെ ഗുളികകൾ
പൊതിയൊന്നുകൂടി വാങ്ങട്ടെ ഞാൻ.

2018 മേയ് 9, ബുധനാഴ്‌ച

ജാതിയുമുപജാതിയും താണ്ടി പിന്നെയും ജീവിതം



ഒരേ യാത്രയുടെ ത്രിമാന തലങ്ങളിൽ
ദൈവങ്ങളൊരിക്കലും തമ്മിലടിച്ചിട്ടില്ല
മെഴുകുതിരി കൊളുത്തി മുട്ടിപ്പായ് കേഴവേ
തിരുനൂറു തേച്ച് ഉടവാളെടുക്കുകയോ
റാത്തീബോതി കഠാരയിറക്കുകയോ ചെയ്തിട്ടില്ല
മൂസ്സതും നമ്പൂരിയും വാഴുന്ന കാവ്യ കൊത്തളങ്ങളിൽ
ദളിതഗമനമാരോപിച്ച് ഭ്രഷ്ടോതിയെറിഞ്ഞാലും
കരളിലെച്ചോര കറുക്കാതിരിക്കുവോളം
ഒരു ചെറു ശലഭമെങ്കിലും തിരിച്ചറിയാതിരിക്കില്ല
എന്റെ വിശ്വാസത്തെ ചുട്ടെരിക്കാത്തിടം വരെ
നിന്റെ പ്രസാദമെനിക്ക് വയറെരിച്ചിലൊടുക്കലാണു
പൊയ്ക്കഥകളുടെ ചിതൽപ്പുറ്റുകളിൽ തലയെടുപ്പാകിലും
നീയിട്ട ഭിക്ഷതന്നെയാണു കട്ടായമെൻ നാളുകളുടെ
ശ്വാസഗതി ഉയരാതെ കാത്തതും പുഞ്ചിരി പൂത്തതും
നേർ പെങ്ങളെന്ന് കണ്ട്, ഒരർദ്ധ കണം പോലും
മറുത്ത് ചിന്തിക്കാതെ അവൾക്കൊത്ത് ശയിക്കാൻ
ആവുന്ന കാലം മാത്രമാണു ഞാൻ പൂർണ്ണനാവുന്നത്
ജാതിപൂക്കാത്ത ജനിതക ഗോവണിപ്പടവുകളിൽ
ജീർണ്ണിക്കാത്ത വേദങ്ങൾ കൊയ്തെടുത്ത് മെതിച്ച്
കവിത പാകപ്പെടുത്തവേ, അവനംഗീകരിക്കാതിരിക്കിലും
നീ കൊട്ടിപ്പാടുക, നിന്റെ പുത്രൻ കവിതന്നെയാണു
=============================




2018 ഏപ്രിൽ 29, ഞായറാഴ്‌ച

അടർന്നു വീഴുന്ന വാക്കുകൾ


ഒന്നും ബാക്കിവയ്ക്കുന്നില്ല
ആദ്യമായ് ചുണ്ട് നനച്ചയമ്മിഞ്ഞ
മൂർദ്ധാവിലമർത്തിക്കിട്ടിയ പൊന്നുമ്മ
തിരിച്ചെടുക്കാനാവാത്തത്ര മങ്ങിയിരിക്കുന്നു
ആമാശയാമ്ലമെരിച്ചിലടങ്ങാനൊന്ന് മാത്രം
ആർത്തിയോടെ കോരിക്കുടിച്ച കനൽക്കഞ്ഞി
പങ്കിട്ടെടുത്ത സാഹോദര്യപ്പകലുകൾ തീ രാവുകൾ
പടിയടച്ചന്യമായെവിടെയോ പരന്നിറങ്ങിയിരിക്കുന്നു
പ്രണയമെന്ന് തിരിച്ചെഴുതാനാവില്ലയെങ്കിലുമന്ന്
പലവുരു ഉരുവിട്ട പവിത്രമാം സ്നേഹസ്വനം
കാവുകുളക്കരയിലൊന്നൊളിച്ച് കാണാൻ പോലും
ബാക്കിയൊരിലക്കീറിൽ മിച്ചമാവാതെ പോവുന്നു
പാണിഗ്രഹം പകലൊഴിഞ്ഞൊരു സന്ധ്യയിൽ നിന്ന്
പാട്പോലും തിരിച്ചെടുക്കാനാവാത്ത ഒരു പൊട്ടാവുന്നു
അക്ഷരമുറച്ച ആദ്യനാൾ തൊട്ടിന്നീ നരച്ച പകൽ വരെ
ആയിരം പത്തി വിടർത്തിയാടിയ കവിതകളൊക്കെയും
ഖണ്ഡികയിൽ നിന്ന് വാക്കുകളടർന്നനാഥമായൊഴുകുന്നു
ബാക്കിയാകുന്നില്ലയൊന്നും, ഒന്നുമീ ഞാനുമെൻ പാഴ്വാക്കും
ഒരിലയടർന്ന് പോകുമത്ര ലാഘവമെന്റെ ശ്വാസം നിലച്ചിടും
പകരം പതിരൊട്ടുമേശാത്തൊരാൾ വരും പകലന്തിയോളം പാടിടും
അതിലൊന്നെങ്കിലും അടിയന്റെ കവിതയാകുകിൽ, മതി സുകൃതമീ ജന്മം

2018 ഏപ്രിൽ 15, ഞായറാഴ്‌ച

അവളെന്റെ മകളായിരുന്നു. . .



കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ
നാമരൂപങ്ങളഴിഞ്ഞവർ, പഥിക ജന്മമെടുത്തവർ
ഒരേ സൂര്യന്റെ കടും തപം മോന്തിയോർ
ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ
നീയെന്റെ കണ്ണാ, നിറം കെട്ടൊരു സന്ധ്യയിൽ
അരവയറുണ്ടു നാം ചുരുണ്ടു കിടന്ന നടയിൽ
മതികെട്ട മതമൊന്ന് മദം പൊട്ടിയതെന്നെടോ
കടക്കണ്ണെറിഞ്ഞ് ഭക്തിരസം പൂണ്ട്
നിന്റെ, മേൽമുണ്ടുടുത്ത് ഞാൻ നിന്ന മേടവും
എന്റെ തലപ്പാവഴിച്ച് നീ, പിറ കാണും വരെ
മഞ്ഞുകൊണ്ട് മൈലാഞ്ചിയിറുത്ത മുഹറവും
പിന്നിലാണ്ട് പോയതു പോലുമില്ലഹോ,യെന്നിട്ടും

കണ്ണാ,എൻ കണ്ണിൽ കരടൊന്ന് പോവുകിൽ
കരയുവത് നീയാകുമെന്ന് കിനാകണ്ടതും
നിന്റെ കാലിൽ മുള്ളുകൊൾകിലെൻ
ഹൃത്തിൽ ചോരപൊടിയുമെന്ന് ഞാൻ ചൊന്നതും
പൊയ്യായിരുന്നു വെറും പുറം പൂച്ച്, ഞാൻ മേത്തൻ
ജാതിപൂത്ത് വിലപ്പെട്ട് ജാതകം നോക്കി വിലക്കി
ജീവനറ്റ രണ്ട് താഴ്വരയിൽ നാം പെയ്ത കാലവും
എന്റെ മകൾ നിന്റേതു കൂടിയായിരുന്നില്ലയോ
ഉടയാടകളുരിഞ്ഞ്, ഉദ്ധാരണം കൊണ്ട നിന്റെ ശൂലം
തിരു സന്നിധേ, പിഞ്ചു ചർമ്മം ഭേദിച്ച മുതൽ മാത്ര
നീ അന്യനായിരുക്കുമെനിക്കെന്നും, അരുത് ഞാൻ
ഉയിർ വിട്ട്, അടക്കാനാളൊന്നുപോലുമില്ലാതെ
തെരുവിലഴുകി, തോറ്റ് മൺപെട്ട് പോകിലുമൊരിക്കലും
തിരിഞ്ഞു നോക്കായ്ക, അനഭിമതനായിരിക്കട്ടെയെന്നും
മതം കൊണ്ട് മത്തു പിടിച്ച മാലോകർക്കൊക്കെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxx


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...