പ്രണയ പാരവശ്യത്താലെന്നോമനേ
പുലരുവോളം നിന്നെയങ്ങനെയനങ്ങാതെ
പ്രാർത്ഥനാഗീതമായ് നോക്കിക്കിടന്നിട്ടുണ്ട്
പൂവിനെ പൂമ്പാറ്റയെ പരൽ മീനിനെ
പൈതങ്ങളെക്കൊഞ്ചിക്കും മട്ടിലെൻ പ്രിയതേ
പെയ്തൊഴിയാ കാലമൊക്കെയും നീയായിരുന്നു
പരിണയം കഴിഞ്ഞു നിന്നെക്കിട്ടിയ പാതിരാ തൊട്ട്
പകലന്തിയൊക്കെയും നീയല്ലാതില്ല മറ്റൊന്നുമേ
പെറ്റെന്റെ പിഴയൊക്കെയും പൊറുത്ത് ഞാൻ
പിച്ചവെച്ച് ഞാനാകുവോളം പോറ്റിയ തള്ളയെ
പാറയെടുത്ത് പാടമുഴുത് അസ്തമയം വരെ
പാടുപെട്ടെന്നെ തീറ്റി പുണ്യം ചെയ്ത താതനെ
പരിഗണിച്ചിട്ടില്ല ഞാനാരെയും നീകണക്കെ
പച്ചയായ് ഞാൻ കണ്ട ചിത്രം അസത്യമെന്ന്
പരപുരുഷനൊത്ത് നീ മേനി പകുത്തത് ദു:സ്വപ്നമെന്ന്
പുറം ലോകമാരുമറിയാതെ പാലിച്ചിരുന്നു ഞാൻ
പിന്നെയും നീയെന്നെയൊരു പാവ കണക്കെ
പകിടകളിക്കും ലാഘവം പന്തുരുട്ടവേ
പുകച്ചു തള്ളിയുള്ളിൽ പതഞ്ഞ നോവൊക്കെയും
പകമൂത്ത് ഞാനെന്നെയൽപാൽപമായ് കൊന്ന്
പീത രസങ്ങളിലെൻ രസനയെ തളർത്തി
പാതി വെന്ത കരളിനെ പിന്നെയും കെടുത്തി
പട്ടടയിൽ ഞാനെരിഞ്ഞൊടുങ്ങിയാലും
പൊൻപട്ടായ് നീ പൊതിയുക പാപിയെൻ കല്ലറ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ