2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

അനാഥപ്രേതം എന്റെ അമ്മയായിരുന്നു. . .



ഓർമ്മയിലാദ്യം നിന്നെത്തിരയുന്നത്
എന്നെ വാരിയെടുത്ത് യോഗീ പാദം
പടിയിറങ്ങുന്ന ആനമറിച്ചെരുവിലാണു
തല തിരിഞ്ഞപ്പൻ നല്ല കനവനായില്ലെങ്കിലും
മകനു തണലായിരിക്കയെന്നോരോ
നരച്ച താടീ മുഖത്തും എനിക്കായ് യാചിപ്പവൾ
പള്ളിക്കൂട ജാലകത്തിനപ്പുറം പുകയുന്ന
ഉപ്പുമാ ചെമ്പിനൊത്തുരുകുന്ന തള്ളയെ
സ്വന്തം സ്ഥാപിച്ചപമാനിതനാകാതിരിക്കയെന്ന്
നീറുന്ന കണ്ണിൽ നിന്നെന്നെ മറച്ചവൾ
കൊടികുത്തി വഴിപാട് കഴിച്ച് പട്ട് മൂടുന്ന
മൂഢ സ്വർഗ്ഗത്തിലൊക്കെയും എന്നെയും  കൂട്ടി
അനുഗ്രഹം തേടിയന്നം യാചിച്ച് നടപ്പവൾ
ചുമടെടുപ്പവളെ ചൂഷണം ചെയ്യുന്ന പാറമടകളിൽ
തീയെരിപ്പവളെ തീയായെരിക്കുന്ന ഭോജനശാലകളിൽ
സാക്ഷയില്ലാത്ത വാതിലിലെനിക്കായ് പാതിരാ
സാക്ഷിയാക്കി ഉറങ്ങാതെ കാലമൊക്കെയും പുലർന്നവൾ
വേദം പൂക്കുന്ന വഴിയമ്പലങ്ങളിലൊക്കെയും
വേദനയൊട്ടുമെന്നെയറിയിക്കാതെ നിത്യവും
വെന്തുരുകി സ്വയമൊതുങ്ങി വളർത്തവളെ
വിദേശവാസത്തിലൊരിക്കലുമോർക്കാതെ
ആണ്ടറുതിയും അമാവാസിയുമോണവും, നിന്റെ
അല്ലലൊന്നുപോലും എന്നെ അലട്ടാതെ
ഇന്നു നീയൊടുങ്ങിയ ഈ ഒടുക്കത്തെ വേളയിൽ
വായിലൊരിറ്റ് നീരുപകരാൻ, പട്ടടയിൽ തീയാവാൻ
പത്തു നിമിഷമെങ്കിലുമൊന്നു വിതുമ്പിക്കരയാൻ
പക്കമൊന്നു നീക്കിവെക്കാതെയിന്നാരുമറിയാത്ത
നിന്റെ മരണത്തിൽ ബാക്കിയായ എല്ലിൻ കൂടിനെ
തൊട്ടു ഞാനൊട്ടു പൊട്ടിക്കരയവേ ഇമ്മട്ടിൽ ഞാൻ
പെട്ടുപോയ പൊട്ടലോകം കൈകാട്ടി വിളിക്കുന്നു പിന്നെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...