ചില കാഴ്ചകൾ അങ്ങനെയാണു
ഒന്നിൽ നിന്നൊന്നിലേക്ക്
പിന്തുടർച്ചയവകാശപ്പെട്ട്
മനസ്സിലവയൊരു
ചലചിത്ര വിസ്മയം തീർക്കും
മകന്റെ പള്ളിക്കൂടത്തിനപ്പുറം
മൂന്നും കൂടിയ കവലയിൽ
തേഞ്ഞ് തീർന്നൊരു വള്ളിച്ചെരുപ്പ്
ചോര പടർന്ന് കിടക്കയിൽ
അത് കാഴ്ചയുടെയൊരു
ത്രിമാന ആകാരമായിരുന്നില്ല
തൊട്ടടുത്ത്, ഇന്നലെ രാത്രിയിൽ
പൊതിയഴിച്ച പരാധീനത
ഉപ്പുപരലുകളായ് ചിതറിക്കിടപ്പുണ്ട്
ജീവിതത്തിന്റെ ആകത്തുകയിൽ നിന്ന്
സ്വരൂപിച്ച മധുരമൊക്കെയും
ചാറൽ മഴയിൽ അലിഞ്ഞു തീർന്നിരിക്കുന്നു
വാഗ്ദത്ത ലംഘനങ്ങളുടെ, സ്ഥിരമായ
തല ചൊറിയലുകൾക്കപ്പുറം, ഒരു കടലമിഠായ്
വണ്ടിച്ചക്രത്തിനു കീഴിൽ അരഞ്ഞു കിടക്കുന്നു
മൂടിപൊട്ടി തറയിൽ പടർന്ന കൊട്ടൻ ചുക്കാദി
മൂലയിൽ, ആസ്ത്മയ്ക്ക് കൂട്ടിരിക്കുന്ന
കാലനു വേണ്ടാത്ത ഒരമ്മച്ചിത്രമാണു
കാഴ്ചയുടെ പ്രവേഗം ത്വരിതപ്പെടുമ്പോൾ
കണക്കു കൂട്ടലുകളിൽ മടക്കു നിവരാത്ത
വിരലുകളുമായ് ഒരു കൈപ്പത്തിയറ്റു കിടക്കുന്നു
വട്ടുരുട്ടിയൊരു കുസൃതിയിപ്പോഴും
പാടവരമ്പിൽ കണ്ണെറിയുന്നുണ്ടാവും
പുകഞ്ഞ് തീ പടരാത്ത അടുപ്പത്ത്, വേവാത്ത
അരിക്കലത്തിനോട് കലഹിച്ചൊരു സ്ത്രീത്വം
ആഞ്ഞു ചുമച്ചിട്ടും കഫമൊട്ടും പോരാതെ
ആധികൊണ്ടൊരു ആയ്സ്സിന്റെ അനുഭവം
രക്ത സാക്ഷിയിൽ അവകാശം സ്ഥാപിക്കാൻ
അർത്ഥമില്ലാതെ പാറുന്നുണ്ടപ്പഴും, കൊന്നവന്റെ
നിറം മങ്ങിയിട്ടും കീറിയെറിയാത്ത പകക്കൊടി
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ