പ്രിയേ,
ഞാൻ നിന്നെ പ്രണയിക്കവേ
അതിലെ രസമേതെന്നവർ ചികയുന്നു
അറിയുക,
ഒരു രസത്തിനപ്പുറം എന്റെ ജീവിത
രസായനം തന്നെ നീയാകുന്നു
ചിങ്ങമിങ്ങനെ ചിണുങ്ങിപ്പെയ്യവേ
എന്റെ കവിതയെ ഇഴകീറിപ്പറിക്കുന്നു
അവരറിയുന്നില്ല,
എന്റെ കവിതയിലന്യുസൂതമൊഴുകുന്നത്
നിന്റെ വർണ്ണാഭമായ കനവുകളെന്ന്
നിന്റെ വസന്തങ്ങളിൽ പറന്നിറങ്ങി
ഞാൻ മധുവുണ്ട് ലഹരി കൊൾവത് മാത്രം
നിതാന്തമവർ നിരീക്ഷിക്കുന്നു
കത്തുന്ന വേനലിൽ നീയുരുകയിൽ
നിന്റെ നാഭിച്ചുഴിക്കപ്പുറം ഞാൻ
ഹിമബിന്ദു സ്രവിച്ചത് കാണാതെ പോവുന്നു
പ്രണയമെന്നാൽ വെറുമൊരു ശരീര ദാഹമല്ല
കാലമൊക്കെയും തീരാത്തൊരുത്സവം
സിരകളിൽ നിന്നൊഴിയാത്ത ഉന്മാദം
സുന്ദരസ്വപ്നങ്ങൾ മാത്രം പൂക്കുന്ന വസന്തം
ഇനിയീ ഭ്രമങ്ങളിൽ നിന്നൊക്കെയും കിനിയുന്ന
അമൃത കണങ്ങളെ കടഞ്ഞൊരു കുംഭത്തിലാക്കി
ഞാൻ പുതിയൊരു കാവ്യകടലൊരുക്കും
അതിലെന്റെ പ്രണയത്തിൻ നേരുകാണും
=================================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ