2019 ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

പ്രളയ സൗഭകം



എന്റെ ഗണപതിയെ
പ്രളയമെടുത്തിട്ടത്
നിന്റെ കുബ്ബയ്ക്ക് മേലാകയാൽ
മേലിലെങ്ങനെ പരസ്പരം
വാൾചുഴറ്റുമെന്റെ സോദരാ


എന്റെ കാവിൽ പുലരുവോളം
കലിമ ചൊല്ലിയിരുന്നത്
പെരുവെള്ളപ്പാച്ചിലിൻ പേടിയിൽ
നിന്റെ പൊന്നു പെങ്ങളാകയാൽ
കത്തിയാഴ്ത്തുവതെങ്ങനെയിനി
പിടിയൂർന്നു പോകില്ലെയോ സോദരാ


പിഴുതെറിയാൻ പാതിരാവൊക്കെയും
പതുങ്ങിയിരുന്ന കുരിശടി, പ്രളയ രാവിൽ
പൊട്ടിക്കരഞ്ഞു ഞാൻ കെട്ടിപ്പിടിച്ച്
പേപ്പാച്ചിലിൽ നിന്നുയിർ കാക്കയാൽ
ആവതെങ്ങനെയിനി ആക്രമിക്കാൻ സോദരാ 


മഴയൊന്ന് മാറിയിട്ടേയുള്ളൂ
മലയവിടെത്തന്നെയുണ്ട്
വെയിലാവും കാലമൊക്കെയുമെന്ന്
വെറുതെ നിനച്ചിടായ്ക, ഉരുൾ പൊട്ടും നാളെയും
ഇനിയും കൈകോർക്കാനാവും വിധം മാത്രം
അകലുക,പകയൊതുക്കുക, പുഞ്ചിരിച്ചീടുക

0000000000000000000000000000000000000000



2019 ഓഗസ്റ്റ് 18, ഞായറാഴ്‌ച

ദാസ്യപ്പെട്ടവന്റെ ദുരിതാശ്വാസം



നിന്റെ ഏറുമാടങ്ങൾക്കുമേൽ
ചുവപ്പ് ജാഗ്രതാമുദ്ര പതിക്കുമ്പോൾ
എന്റെ പ്രാർത്ഥനാലയം
വീഞ്ഞിന്റെ പുളിപ്പിൽ കലഹിക്കയായിരുന്നു
നിന്റെ താഴ്വരകളിൽ
പെരുമഴ പേക്കോലമാടവേ
എന്റെ അരമനയിൽ
ശീതീകരണി മിനുക്കുകയായിരുന്നു
നിന്റെ മക്കളുടെ ഉറക്കങ്ങളിൽ
അന്ത്യശാസനം പെരുമ്പറ പെയ്യവേ 
എന്റെ പാട്ടുകുർബാനയിൽ 
ദേവഗാനം കൊട്ടിക്കേറുകയായിരുന്നു
ഒരു നിമിഷാർദ്ധത്തിന്റെ
ഒമ്പതിലൊന്ന് വേളയിൽ
നിന്റെ കുടിലുകളിൽ മണ്ണു പൊതിയവേ
പുൽക്കൂടിന്റെ പുറം മോടിയിൽ ചെയ്യേണ്ട 
പരിവർത്തനങ്ങളിൽ ചർച്ച നടക്കുകയായിരുന്നു

ഒടുവിൽ, 

മക്കളും മേൽമുണ്ടും മനസ്സും മണ്ണെടുത്ത്
നിന്റെ മരവിപ്പ് മാറ്റാനിറ്റ് കഞ്ഞിത്തെളിക്ക്
എന്റെ ആലയവും സത്രത്തളവും കയ്യേറവേ 
വേദഗ്രന്ഥങ്ങൾ കുറുക്കി നിന്നെ ഊട്ടിയതും
തിരുസഭയുടെ ഔന്നത്യം പാടി ഉറക്കിയതും ഒപ്പി
ബിറ്റൊന്നിനു മുപ്പത് വെള്ളിക്കാശിനു
വിദേശ തെരുവുകളിൽ വിറ്റഴിച്ചിരുന്നു

ഇവിടെ,

കല്ലുരുട്ടി, കരകാണുന്നിടത്തൊക്കെയും പരതി
കണവന്റെ കാലടിയെങ്കിലും കണ്ടുറപ്പിക്കാൻ
കണ്ണുപാകി, കരളുവെന്ത് നീയിരിക്കവേ
മേലാളപ്പരിഷകളെയൊക്കെയും കൂട്ടി
നിന്റെ കണ്ണീരും മുത്തപ്പൻ കുന്നും ചേർത്ത്
രംഗപടമൊരുക്കി മുഖചിത്രം മോടികൂട്ടി
മാധ്യമ മേല്ക്കൂരകളിലൊക്കെയും നാട്ടി ഞാൻ
നേടിയെടുക്കട്ടെ നോട്ടുകെട്ടിൻ പെരുങ്കൂന
00000000000000000000000000000000000

2019 ജൂലൈ 27, ശനിയാഴ്‌ച

കറുപ്പുകൊണ്ട് മറയ്ക്കപ്പെടുന്ന കിനാവുകൾ



തമോഗർത്തം വിഴുങ്ങിയ
വിദൂര ഗ്രഹമാണെങ്കിലും പ്രിയതേ
നിന്റെ നയനാഗ്നിയെന്നെ പൊള്ളിക്കുന്നുണ്ട്
പരാജിത പർവ്വതാരോഹകൻ
തൊട്ടുതീണ്ടീയ ഉടൽ വടിവെങ്കിലും
നിന്റെ ഭൂതത്താൻ കെട്ടുകളുടെ ചലനം
ഉഷ്ണമാപിനിയുടെ സൂചി ത്രസിപ്പിക്കുന്നുണ്ട്
വേദവാക്യങ്ങളുടെ വിപരീത വായനയാൽ
വേലികെട്ടിയൊതുക്കപ്പെട്ടെങ്കിലും 
നിന്റെ ശീലുകളെന്നെ ഇക്കിളിപ്പെടുത്തുന്നുണ്ട്
കണ്ട്, മനംകൊണ്ട്,കരളിലാണ്ടോനെ വേൾക്കാതെ
മതം വിതച്ചു മദമിളകി നരച്ചോനെ കെട്ടിയാടവേ
ഇണ്ടലുണ്ടധികമാകിലും എന്നിലേക്ക് പടരായ്ക
കറുത്ത തുണിയിട്ട് കായമേ മൂടിയുള്ളൂ സഖീ
കാൽവയ്പിലൊക്കെയുമുണ്ട് കിനാവിന്റെ മാറ്റൊലി

നാളൊക്കെയും നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കണം
എങ്കിലേ, നീറിയെന്റെ വർഷം കവിതയായ് മാറൂ
നേർക്കാഴ്ച്ചയൊക്കെയും തിരശ്ശീല മറയ്ക്കണം, ആകിലേ
ഉൾക്കണ്ണു കണ്ടത് പ്രിയ കാവ്യമായ് ഉദയമാകൂ
0000000000000000000000000000000000000000000000000



2019 ജൂലൈ 14, ഞായറാഴ്‌ച

ഈങ്ക്വിലാബിനു ഈണമിടുന്നവർ

ഉടലാഴങ്ങളിലൂഴിയിട്ട ഉന്മത്തവേളകളിൽ 
നീയുണ്ട അമൃതകുംഭത്തിനുമേഴുകടലക്കരെ 
ജീവ രഹസ്യങ്ങളിലേക്ക്‌ കണ്ണെയ്തൊരു പാതിരയൊക്കെയും കൂരിരുട്ട്‌ കുടിച്ച്‌ 
ഞാൻ കൊണ്ട പേറ്റുനോവ്‌ ചുരുണ്ട്‌ കിടക്കുന്നു 

 പ്രണയ നിരാസത്തിന്റെ പേപ്പകലുകളിൽ 
നീ കടിച്ചുപൊട്ടിച്ച വിദ്വേഷ മൂർച്ചയ്ക്കുമപ്പുറം ഇന്ധനമർമ്മങ്ങൾ പൊട്ടിയൊലിക്കുന്ന, കടുത്ത
അഗ്നിഗോളങ്ങളിൽ ഞാൻ വിലയമാവുന്നു 

ഒന്നിച്ചു പെയ്തൊരു കവിതയുടെ തണുപ്പിൽ 
നീ സുഖനിദ്രകൊള്ളുന്ന ശ്യാമരാവിന്നു ദൂരെ കൽപിച്ചുവച്ച മാനങ്ങളൊക്കെയും കടന്നെന്റെ കാവ്യവും ജീവനും 
കാലമൊക്കെയും മുനിഞ്ഞു കത്തുന്നു പിന്നെയും

നെഞ്ചിലാഴത്തിലിരുമ്പു കേറവേ തോഴാ തഞ്ചത്തിലെന്നെ നീ വിശ്വസിപ്പിക്ക സത്വരം ചങ്കുപൊട്ടുമാറുച്ചത്തിൽ ചൊല്ലിയ ഈങ്ക്വിലാബിനിതിലൊരു പങ്കൊട്ടുമില്ല കട്ടായം
ചോരയെന്റെ നനഞ്ഞു ചുവന്നതല്ല നിൻ ചെങ്കൊടി ചാരെയെന്നെത്തുണയ്ക്കുവാനുണ്ട്‌നീനാളൊക്കയും 
പിടഞ്ഞുവീണുഞാൻപോയിപ്പരലോകംപുൽകിലും 
പിടിവിടരുത്‌,പാറിപ്പറന്നേയിരിക്കണംപഥിതരെക്കാത്തെപ്പഴും

2019 ജൂലൈ 6, ശനിയാഴ്‌ച

മണ്ണെടുക്കും മുമ്പൊരു മധ്യാഹ്നം



ഒറ്റയാവലിൻ ഉന്മത്തരാവുകൾ
ഒറ്റുകൊടുത്ത പ്രേതാലയ ജീവിതം
വീണ പായയിൽ കാലമൊക്കെയും
വെന്തുരുകുന്ന ഗന്ധകപ്പകലുകൾ
തോളിൽനിന്നൂർന്നു പോയ്‌, ക്ഷയിച്ച
തിരിമുറിയാതുണ്ടെന്ന് മൊഴിഞ്ഞ സൗഹൃദം
ചന്തയിലിന്നലെ കണ്ട ഭാവം വരെ
ചിന്തയിൽ നിന്നറുത്ത ബന്ധുജനം
കവിതയിൽ ഭാവം കുറുക്കി വാറ്റുന്നു നീയെന്ന്
കൊത്തളപ്പുറമിരുത്തിയ കളിവാക്കു വൈഭവം
ഇല്ല, വീണുപോയിട്ടേയുള്ളു സോദരാ
ഇത്രകണ്ടു മണ്ണടിഞ്ഞിട്ടില്ല വേരുകൾ
നാളിത്രയും കാലമെന്നിൽ പിറന്ന വാക്കിൽ നിന്ന്
നല്ലതൊന്നെങ്കിലും നീ കൊണ്ടതാകിൽ സഖേ
ഒടുക്കത്തെ മോഹമെന്റേതൊന്നു രണ്ടെണ്ണം
ഒപ്പിയെടുത്തെന്നെ യാത്രയാക്കീടുക
കൈതപൂക്കുന്ന തോട്ടിറമ്പിലിരുന്ന് നീയെന്റെ
കവിതയൊക്കെയുമേറ്റു ചൊല്ലുന്നതു കേൾക്കണം
നീ തന്ന പ്രസാദവും കുർബാനകൊണ്ട അപ്പവും കൊണ്ട്‌
നീട്ടിവിളിക്കുന്ന ബാങ്കുകേട്ടെന്റെ നോമ്പ്‌ വീടണം
ചാത്തനുമൗസേപ്പുമാജ്യാരും കാണും വിധം
ചമച്ചെന്നെക്കിടത്തണം തിണ്ണയിൽ
ഇനിയൊരു പകലുദിക്കും മുമ്പ്‌, തിരിഞ്ഞുനോക്കാതെ
ഇട്ടേച്ച്‌ പോരണമെന്നെ പള്ളിത്തൊടികയിൽ
ഒടുവിലൊരുനാളിലൊരോർമ്മപ്പെരുനാളിലൊരു മൂലയിൽ
ഒരു മൈലാഞ്ചിച്ചെടിയിലെന്റെ വാക്കു പൂത്തത്‌ കാണണം
===========================

2019 ജൂലൈ 5, വെള്ളിയാഴ്‌ച

സ്വർഗ്ഗരാജ്യം തുന്നുന്നവർ

ഒരു പെരുമഴയിലേക്കിറങ്ങിച്ചെല്ലുക
ഭയപ്പെടേണ്ട; ഇരുളുന്നതിനു മുമ്പ്‌
ചക്രവാളം തൊട്ടില്ലെങ്കിലും
മരുഭൂമിയൊന്ന് വിഴുങ്ങാതെ പോവില്ല


പ്രളയത്തിലേക്കൂളിയിട്ടിറങ്ങുക
ശങ്കയരുത്‌; കയ്യാരു നീട്ടിയില്ലെങ്കിലും
ചുവന്നതെരുവിന്റെ ദൈവനിന്ദയ്ക്ക്‌
ശിക്ഷയിറക്കപ്പെട്ടതിന്റെ മഹദ്‌ വചനം
കൈകൊട്ടി വാഴ്ത്താതെ പോവില്ല


യുദ്ധക്കൊതിമൂത്ത്‌ ഗന്ധകം കൊറിക്കുന്ന
നഗ്നരാജനെ നോക്കി കൂവുക
അരുത്‌; തെരുവിൽ അനാഥരാവുന്ന
ബാല്യങ്ങളുടെ തലയെണ്ണി വെറുതെ
ജയപരാജയങ്ങളുടെ കെട്ടുകഥ മെനയരുത്‌


എങ്കിലും
കവിതയൊന്ന് നിറുത്താതെ ചൊല്ലുക
മടിയരുത്‌; പദങ്ങളും ബിംബങ്ങളും
കൽപ്പിച്ചു വച്ചതൊക്കെയും നിഷ്കരുണം
വെട്ടിയറുത്തുപ്പു നോക്കി തന്ത്രികൾ
തെരുവുകളിൽ അപഹസിച്ചാർത്തലയ്ക്കും
എന്തെന്നാൽ,
കവികൾ കാലാതിവർത്തികളാണു
സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു

2019 ജൂൺ 29, ശനിയാഴ്‌ച

ജാതി പൂക്കുന്ന പാതിരാമേടകൾ

പ്രഭാഷണ വേദികളിലെ 
പ്രമാണിത്തമായിരുന്നു
ഒരു രാവിലൊമ്പത്‌ മേടകൾ
പകർന്നേകിയ തത്വചിന്തകൾക്ക്‌
പകരം കൊയ്ത്‌ പണച്ചാക്കുകളും
വിഭാഗീയതകൾ, വിഷം വച്ച വാക്കുകൾ
വിപ്ലവമെത്ര വിഷൂചികയായ്‌ ചീറ്റുന്നുവോ
വിശ്വമാധ്യമങ്ങളിൽ പൂത്തു നിൽക്കയായിരുന്നു
വിശുദ്ധ വചനങ്ങളെ വേരോടെ പിഴുതും
നല്ല വാക്കുകളെ നാലായ്‌ പകുത്തും
നെറികേടുകളെ നിയമങ്ങളിൽ തിരുകിയും



മണൽക്കാടു തിന്ന മഹാമേനിയെ
വിശന്നൊട്ടിയ തിങ്കളൊളിയെ
ഒരുകാരക്കച്ചീന്തിലൊരപ്പക്കഷ്ണത്തിൽ
ദാന മഹിമയുടെ പെരുമയെക്കാണിച്ച്‌
ലളിതജീവിതം കൊണ്ട്‌, നിലയ്ക്കാത്ത
സ്വർഗ്ഗപ്രാപ്തി പഠിപ്പിച്ച പൊരുളിന്റെ മഹാവേദമോതിക്കൊടുത്ത്‌
ശീതീകരണിയില്ലാതെ, പഞ്ചനക്ഷത്രസദ്യയില്ലാതെ
പ്രസംഗപീഠമേറില്ലെന്ന് ശഠിച്ച്‌
അന്യദൈവങ്ങൾക്ക്‌ തെറിപ്പാട്ട്‌ നേർന്ന്
അയൽക്കാരിൽ ജാതിയുടെ അതിർവരമ്പ്‌ പണിത്‌
ഒടുവിലിന്നീ കാലഗതിയുടെ യേറുകൊണ്ട്‌
ശകടമെരിഞ്ഞുവീണു, വീണു കിടക്കവേ
സർക്കാരാതുരാലയത്തിലൊരു മൂലയിൽ
കരുണയുടെ നോട്ടമൊന്നു കൊതിക്കവേ
പൊതിച്ചോറു തന്നവൻ പാണനാവാം പുലയനാവാം
പാൽ മൊന്ത നീട്ടിയത്‌ പൂണൂൽധാരിയാവാം
മരുന്നുറ്റിച്ചത്‌ നസ്രാണിയും
വച്ചുകെട്ടിയത്‌ ചോവനോ മാപ്പിളയോ ആരുമാവാം
ഒടുവിലിന്നെന്റെ കരൾ കക്കിയ പെരും
വിഷത്തിനൊക്കെയും പകരമായി
ജീവന്റെകണികയൊന്നു പോവാതെ കാക്കാൻ
എന്റെ ധമനികളിലേക്കിറ്റു വീഴുന്ന
ഈരക്തത്തുള്ളികളിലൊന്നിലെങ്കിലും
ജാതിയോ ഉപജാതിയോ ജാതകമോ കാണാതെ
അടുത്ത കട്ടിലിലെകാരണവരുടെ 
കുലം തേടാൻ നാവുയർത്തവേയറിയുന്നു
ജീവനെന്നിൽ നിന്ന് ജാലകം തുറന്ന്
പറന്ന് പോകാതെയൊരിക്കലും
ജാതിചിന്ത പിരിഞ്ഞ്‌ ഞാൻ നീയായ്ത്തീരുകില്ലയെന്ന്

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...