2013, ജൂൺ 10, തിങ്കളാഴ്‌ച

ഭ്രമങ്ങൾ


ഗിരിശൃംഗങ്ങളിൽ ആണ്ടാണ്ടുകളായ് ഞാൻ
ഏകയാഗം നടത്തുന്ന  വേളയിൽ പോലുമേ
ഹൃത്തിലൊരു കപടചരിവിലാരുമറിയാതെ
ഒരു പനിനീർ ദളം കാറ്റടിയേൽക്കുന്നുണ്ട്


ഇരട്ടപിറന്ന മാൻപേടകളിൽ ഭ്രമിച്ചു ഞാൻ
കറുത്ത മൂടുപടത്തിനുള്ളിലിരുന്നാണെങ്കിലും
ഇടയ്ക്കെപ്പഴോ ഇരുളിനെ വകഞ്ഞു മാറ്റി
പതുങ്ങിയിരുന്നു ഇക്കിളി കൊള്ളുന്നുണ്ട്


ഭാണ്ഡത്തിലാക്കി ഒളിപ്പിച്ച ഭ്രമങ്ങളെല്ലാം
അതിതീവ്രതയൊട്ടുമൊടുങ്ങാതെ വീണ്ടും
ചെളിനീരിൽ നിന്നുയിർമൂച്ചിനായ് നിത്യം
തലയുയർത്തി കണ്ണുകാട്ടി നിൽപതുണ്ട്


അറിയുന്നു ഞാനെന്റെ ജനിതകപ്പടിയിൽ
ഈയമുരുക്കിയൊഴിച്ചെഴുതിയ രാസവാക്യം
ഒരു ചെറു തപംകൊണ്ടൊരു ജപം കൊണ്ട്
ആവില്ല തിരുത്തിയെഴുതുവാനൊരിക്കലുമൊട്ടും


നീ നിന്റെ കാരുണ്യവാടം മലർക്കെത്തുറന്ന്
എന്നിലെ വിഷബീജമൊക്കെയുമെടുത്തെറിഞ്ഞ്
വിശുദ്ധനാക്കിയെന്നെയവിടേക്ക് ചേർക്കുകിൽ
അന്നേ ഞാൻ ഞാനെന്ന പൂർണ്ണ മർത്യനാവൂ

wwwwwwwwwwwwwwwwwwwwwwwww

1 അഭിപ്രായം:

  1. ഹൃത്തിലൊരു കപടചരിവിലാരുമറിയാതെ
    ഒരു പനിനീർ ദളം കാറ്റടിയേൽക്കുന്നുണ്ട്

    എല്ലാവര്‍ക്കും ഉള്ള അനുഭവമായിരിയ്ക്കാം

    മറുപടിഇല്ലാതാക്കൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...