2019, മാർച്ച് 17, ഞായറാഴ്‌ച

ചൂണ്ടാണിവിരലിന്റെ തിരുമധുരം



ഇനിയും കണ്ടെത്തിയിട്ടില്ലാത്തൊരു
വൻകരയിലേക്കെന്നെ നാടുകടത്തുമ്പോൾ
വേരുകളിൽ ചുംബിക്കുന്ന കാലുകൾക്ക്
നിന്റെ വിയർപ്പിന്റെ ഗന്ധമായിരിക്കും

ഇരുട്ടിൽ കൈതടഞ്ഞ വേദപുസ്തകത്തിന്റെ
ഒരിക്കലും തുറക്കപ്പെടാത്ത പാളികളിൽ
നിന്നെ പ്രസാദിപ്പിക്കാനൊരു വാക്ക് തേടവേ
വിളഞ്ഞു കിടക്കുന്നതെന്റ് ജീവിതപ്പാടമാണു

നിന്റെ രാജ്യത്തിലേക്ക്, ചുങ്കം കൊടുക്കാതെ
നുഴഞ്ഞ് കയറാനൊരു തുരങ്കം തിരയവേ
കൂർത്ത മുള്ളുകളിൽ കൊരുത്തു കിടക്കുന്ന
ഭടന്മാരൊക്കെയും വില്പനച്ചരക്കാവുന്നു

പെരുമഴയിലേക്കിടിച്ച് കയറുന്ന ചാവേറിനൊപ്പം
നിന്റെ ചവിട്ടുനാടകത്തിലെ നായകനെ പരതവേ
വിളയാത്ത കൂണുകളിലെ രത്നഭാരങ്ങളിൽപ്പെട്ട്
പടിയിറങ്ങും മുമ്പ് പതിച്ച് നല്കുന്ന തെരുവാകുന്നു

ഇനിയെന്റെ മുദ്രയൊന്നുപോലും പതിയാത്ത വിധം
ചൂണ്ടുവിരൽ തീറുവാങ്ങി തിരുവാസനം ഉറപ്പിക്കുക
കളിമണ്ണും ചാണകവറളിയും പേറുന്ന വടക്കിനപ്പുറം
നിലപാട് തീർക്കുന്ന താരകമൊന്ന് കിഴക്കുദിക്കും
00000000000000000000000000000




2019, മാർച്ച് 15, വെള്ളിയാഴ്‌ച

വേദപുസ്തകം തുറന്ന്‌ വായിക്കുന്നു

എന്റെ ആകാശവും ഭൂമിയും
തീപ്പെട്ടു പോവുന്ന നേരവും
തണലൊരുക്കിയെന്നിൽ പടർന്ന്‌
നീയുണ്ടാകുമെന്ന്‌ വേദമോതുക

മൗനം വിളയുന്ന കൊത്തളങ്ങളേക്കാൾ
വാക്ക്‌ പൂക്കുന്ന പൊത്തുകളിൽ അഭയമെന്ന്‌
നെറ്റിത്തടത്തിലെ വിയർപ്പു വറ്റാതെ
നീയെന്നിൽ കരുണ പെയ്തുകൊണ്ടിരിക്ക

മുട്ടിപ്പായ്‌ പ്രാർത്ഥിച്ച്‌, അത്താഴം ഭുജിക്കയിൽ
മുൾമേലങ്കി പുതച്ചവന്റെ അപ്പക്കഷ്ണമാവുക
സുവർണ്ണ കമ്പളങ്ങൾക്കുമേൽ ചരിക്കവേ
വിണ്ടുകീറിയ ദുരിത പാതകൾക്ക്‌ പാദുകമാവുക

കളസമിട്ടവനു ശീതീകരിച്ച കുമ്പസാരക്കൂടും
നിലമുഴുതവനു നഗരമധ്യത്തിൽ ചാട്ടവാറടിയും
വിധിക്കുന്ന, പൗരോഹിത്യ അപ്പോസ്തലന്മാരിൽ
നീ തീമഴയായ്‌ പെയ്ത്‌ പുലരുമെന്ന്‌ വിശ്വസിപ്പിക്ക

ഒരു മൂന്നാം പക്കം ഉണ്ടെന്ന്‌ വെറുതെയല്ലാതെ 
നീ ഉയിർത്തെഴുന്നേല്ക്കുന്ന കല്ലറകളിലൊക്കെയും
പ്രതീക്ഷയുടെ വിശ്വാസ വിരുന്നൊരുക്കി ഞാൻ
കാലമൊട്ടുക്ക് കണ്ണുറങ്ങാതെ കാത്തുകിടക്കട്ടെ
0000000000000000000000000000000000


2019, മാർച്ച് 3, ഞായറാഴ്‌ച

ഒരു പേരിൽ എ[വെ]ന്തിരിക്കുന്നു. . .



വീണ്ടുമൊരു ദുരിത പർവ്വം
പെയ്തിറങ്ങരുതെന്നു തന്നെയാണു സ്വപ്നം
എന്റെ കുഴിമാടമെന്റെ സ്വാസ്ഥ്യം, വീണ്ടും
നീ തീറെഴുതരുതെന്നേ മോഹം
ഒരു കാതം നീയെന്നെയാണ്ടതിന്റെ വടുക്കൾ
ഒടുങ്ങാതെ പോയിടുമൊരു യുഗമൊക്കെയും
ഇനിയുമെന്റെ ബീജത്തിനൊടുക്കത്തെ തന്തുവും
നിന്റെയധികാരക്കൊടിയേറ്റ് പൊള്ളുമെന്നേ
വിധിവിപരീതമൊന്നു നീ പടുത്തുയർത്തുമെങ്കിൽ
ഞാനെന്തുണ്ണണമെങ്ങനെ തൊഴണമെന്ന് നീയിട്ട
തീട്ടൂരമൊക്കെയും കടന്ന്, എന്റെ ചിന്തയാകെയും
നീ അധീനപ്പെടുത്തും നാളുപുലരും മുന്നൊടുങ്ങട്ടെ

കലിയാണു കാണ്മതെല്ലാം, നിനക്കു നിന്നധികാര
കൊത്തളമുയരാത്ത കോണൊക്കെയു,മാകയാൽ
കരാളഹസ്തം നീ നീട്ടുമറിയാമെന്റെ നേരിലേക്ക്
ഇനിയെന്റെ തെരുവിന്റെ പേരെന്റെ വേര്
തൂലികത്തുമ്പിൽ ഞാൻ തീർക്കും കവിതയുടെ ചൂര്
കറാച്ചി ദർബാർ, മൈസൂർ പാക്ക്, മുൾട്ടാണി മിട്ടി
ഒക്കെയും നിന്റെ വരുതിയിലൊതുങ്ങുന്ന നാമമിട്ട്
നീതന്നെയാളുമൊടുക്കം വരേക്കുമെന്നു കനവ് നെയ്യുക
നെയ്യൊഴിഞ്ഞ് പടുതിരിയായ് നീ പുകയുമതുവരേക്കും
അണയാതെ നീറിപ്പടരട്ടെയെന്റെ നേരിന്റെ കവിത
000000000000000000000000000000


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...