2022, ജൂൺ 19, ഞായറാഴ്‌ച

 അവൾ ദിവ്യഗർഭം കൊണ്ടത് നിന്നെയാകുന്നു


അന്ത്യശ്വാസമെന്ന് നിനച്ചെന്റെ ആത്മാംശമേ

ഒടുക്കത്തെപ്പിടച്ചിലിനു മനസാ ഞാനൊരുങ്ങവേ

കേൾക്കുന്നൊരു പിൻവിളി, അത്ര നനുത്തൊരു

കരസ്പർശം, നീട്ടുന്നു നീയൊരൂന്നു വടി വേച്ചിടാതെ

ഹാ, സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന്

ഊനമില്ലാതെയൊരു കിളി തിരുവചനം വായിക്കുന്നു


ഒരുപിടി യവം പോലുമിനി ഇരവലെടുക്കാനാവതില്ലെന്ന്

തോൽ മൊന്തയൊന്നുവരെയാശ്രയമറ്റ് പെരുവഴിയിൽ നില്ക്കവേ

തനിയാവർത്തനങ്ങളുടെ കാട്ടത്തിമേലിരുന്ന ചുങ്കക്കാരനെ

പേരുചൊല്ലി വിളിച്ചെൻ കൂരയിൽ രാപാർക്കാനെത്തുന്നു

ഉടമ്പടിയുടെ രക്തവും പുളിപ്പില്ലാത്ത അപ്പവും വിളമ്പി നീ

ദു:ഖത്തിന്റെ പാനപാത്രം നിത്യമല്ലെന്ന് വേദമോതുന്നു


വിതയ്ക്കാത്തിടത്തു നിന്ന് അന്യന്റെ കതിരുകൾ കൊയ്യുകയും 

വിതറാത്തിടത്തുനിന്ന് അർഹമല്ലാത്തവ ശേഖരിക്കുകയും

വിയർപ്പൊഴുക്കാതെ മൃഷ്ടാന്നം ഭുജിക്കയും ചെയ്യുന്ന നാളിൽ

എന്റെ ദേവദാരുക്കളെയിത്ര കളയില്ലാതെ കാക്കുവാൻ

ആകാശത്തിൽ അത്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളുമായ്

നിന്റെ വലുതും പ്രസിദ്ധവുമായ നാൾ എന്നിലുദിച്ചതറിയുന്നു


ശക്തമായ തീരുമാനവും അചഞ്ചലമായ വിശ്വാസവും കൊണ്ട്

പ്രാർത്ഥനയിലെന്ത് പ്രതീക്ഷിക്കുന്നുവോ, കാത്തിരിക്കുന്നുവോ

പ്രതിബന്ധം ഉറച്ചൊരു പർവ്വതമാകിലുമത് മുന്നിൽ നിന്ന്

വിലകിപ്പോമെന്ന് വാനങ്ങളുടെ അധിപനായവനെന്നോട്

സത്യവാക്യമരുളുന്നു, സഹായിയായ് കൂടെ നില്ക്കുന്നു, പോറ്റുന്നു

ഇനിയെന്റെ ചിന്തയും പ്രവർത്തിയും ജീവനും അഭയമാകുന്നു

000000000000000000000000000000000000000000000000000000000000000000











2022, ജൂൺ 17, വെള്ളിയാഴ്‌ച

നരകമവസാനിക്കുന്നിടം വസന്തമാകുന്നു



സ്വപ്നങ്ങൾക്ക് സ്വർണ്ണത്തേക്കാൾ

വിലയേറുന്നൊരു താഴ്വരയിൽ വച്ച്

പ്രിയനേ നീയെന്റേതായ്ത്തീരുക

പ്രതീക്ഷകൾക്ക് പ്രണയത്തേക്കാൾ

മൂർച്ച കൂടുന്നൊരു കൊടുമുടിയിൽ

സഖീ നീയെന്നെപ്പുണരുക

വിശ്വാസങ്ങൾക്ക് വിപഞ്ചികയേക്കാൾ

മധുരമൂറുന്നൊരു സായന്തനത്തിൽ

പ്രിയതേ, നമ്മളൊന്നായ്പ്പാടുക

എഴുത്താണിയും താമരയിതളുമില്ലാത്തൊരു

നട്ടുച്ചയാത്രയിലെൻ കണ്ണാളനേ

എന്റെ കവിതകൾക്ക് നീ പ്രതലമാവുക


പടയണിക്കോലമേന്തി പാളതെറുത്തുടുത്ത്

നിന്റെ തപ്പുകൊട്ടിനനുസൃതം തുള്ളവേ ദേവീ

തീപ്പന്തമായ് കൂടെയുണ്ടാവുക, കാവലാവുക

പേത്തർത്താ ഞായറുകൂടി വലിയനോമ്പെടുത്ത്

നിന്റെ വിശ്വാസത്തിൽ ചരിക്കവേ ദൈവമേ

ഹാശാഴ്ചയിലേക്കെന്നെ നയിക്കുക, അപ്പമൂട്ടുക

താസൂ ആയും ആശൂറായും നോറ്റ് തൗബചൊല്ലി

മുഹറം യുദ്ധമില്ലാതെ കാക്കവേ കരുണാമയനേ

സ്വർഗ്ഗം കൊണ്ട് സന്തോഷമറിയിക്കുക, അനുഗ്രഹിക്ക


വഴികളൊക്കെയും ഒരേ കുന്നിൻ ചരിവിലേക്കാണെന്നും

പ്രാർത്ഥനയേക്കാൾ ഫലപ്രാപ്തി പശിമാറ്റുന്നതിലാണെന്നും

തമ്മിലടിക്കേണ്ടത് അധികാരിയുടെ മാത്രമാവശ്യമാണെന്നും

തിരിച്ചറിയുന്നിടത്ത് നരകമവസാനിക്കുന്നു, വസന്തമാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx







കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...