2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

പിറന്നാൾപ്പുലരി കാത്ത്. . .


കുഴിയൊന്ന് കുത്തി ഞാനിലയതിൽ പാകി
ഉഴക്ക് പഴങ്കഞ്ഞി കാത്തെന്റെ തമ്പ്രാ
കാത്തിരിക്കാമിപ്പടിക്കലിങ്ങനെ
നാളൊക്കെയുമങ്ങയെ വാഴ്ത്തി, തമ്പ്രാ
കാലമൊക്കെ തുടികൊട്ടിപ്പാടി
തെങ്ങുകേറാൻ, ചേറുകുത്താൻ
കറ്റകെട്ടി മുറ്റത്ത് വെയ്ക്കാൻ
ചേറിമെതിച്ചതിനെ ചേലേറും പൊന്നാക്കാൻ
ഏനുമെന്റെ ഓളും പിന്നെ,യടിയന്റെ കുട്ട്യാളും
രാവേറെചെന്നിട്ടുമീ വയറു കാഞ്ഞിങ്ങനെ നില്പൂ
കാനേശുമാരിയിൽ മാത്രം എണ്ണത്തിനേനുണ്ട്
കാര്യമടിയൻ ചൊന്നാൽ കരണത്തടിയുണ്ട്
കാലാകാലം കുന്നിറങ്ങി കയ്യിൽ മഷി പുരട്ടി
കാത്തുകൊള്ളാം തമ്പുരാനേ താങ്കളുടെ കൗപീനം
കിഴക്കുദിച്ചസ്തമിച്ച് കാലമൊട്ട് പൊയ്പ്പോകുന്നു
കീറത്തുണിവിട്ടെന്ന് കേറുമെൻ കുട്ട്യേളേലും
മഞ്ചലേറിപ്പോകും നേരം മന്നവാ ഓർത്ത് കൊൾക
ജാതിപ്പെരുമ്പറ കൊട്ടി ചേരിതിരിച്ചു മാറ്റിവച്ച
കോലമൊക്കെ വീണുപോകും കാലമുറഞ്ഞു തുള്ളും
നാളെയൊരു നാളുവരും അന്നെന്റെ പിറന്നാളാവും
കത്തി നില്ക്കും സൂര്യഗോളമന്ന്, കെട്ടുപോകും നിന്റെ കാലം
കട്ടായം കെട്ട് പോകും നിന്റെ കുലം, കെടുകെട്ട കാലം
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

വെണ്ണക്കല്ലിലേക്ക് വെറിയെറിയവേ



ഒരു കവിതകൊണ്ടൊരു മഹാകാവ്യം കൊണ്ട്
എഴുതാവുന്നത്ര എളിതല്ല നീ ഉയിരേ
ഒരു ചെറുകല്ലിലൊരു ശിലയിൽ
ഒരു വെണ്ണക്കൽ ഗോപുരമൊന്നാകിലും
ആവില്ലെനിക്കാവാഹിക്കുവാൻ നിന്നെ
ഉദാത്ത പ്രണയമുന്മാദ ലഹരിയെന്നൂർജ്ജം
വാക്കുകളുടെ പെരുക്കങ്ങളിൽ പെരും വളവുകളിൽ
ഒരു ചെറു ഗീതിയിലൊടുങ്ങുവതല്ല നിൻ പ്രഭാവം
മുംതാസ്,
ഭരിക്കപ്പെടേണ്ടവളെന്ന വ്യാകരണത്തെറ്റിൽ നിന്ന്
ഭാവസാന്ദ്ര സാഗരമായൊരു യുഗമെന്നെയാണ്ടവൾ നീ
ഞാനെന്തായിരിക്കുന്നുവെന്നത് നീയിട്ട വരവും
നീ കാലമെല്ലാം സ്മരിക്കപ്പെടുന്നതെന്റെ കനിവും
ഒരായുസ്സൊട്ടുക്ക് നീ പകർന്ന പ്രണയരസമൊക്കെയും
ഒരു കുമ്പിളിൽ ഞാനെടുത്തെന്റെ മോഹമതിൽ ചാലിച്ച്
വാർത്തെടുത്ത പ്രിയസൗധത്തിൽ നീയുറങ്ങവേ
ഇന്നു നിന്റെ കുടീരമെന്റേത് മാത്രമല്ല
അതൊരു രാജ്യ പൈതൃകമൊരു ജനത തൻ സ്വപ്നം 
രാഷ്ട്ര സംസ്കൃതി സ്മാരകങ്ങളിലൊക്കെയും ജാതി ചേർത്ത്
സൗഹൃദച്ചുവരുകളിൽ വെറിയെഴുതി വേർതിരിവു വിതച്ച്
ഭരണാസനമുറപ്പിക്കുവാൻ വെമ്പൽ കൊള്ളവേ അറിയുക
ഒരുവാക്കുകൊണ്ടൊരു നോക്കുകൊണ്ടാരെങ്കിലുമിനി
എന്റെ നാടിന്റെ തനിമകൊയ്യാൻ തുനിഞ്ഞെങ്കിലക്ഷണം
വെട്ടിയരിയും ജനമാ കരം നിശ്ചയമില്ല സംശയം
തലയുയർത്തി നില്ക്കും സൗധങ്ങളൊക്കെ  കാലമൊക്കെയും
നില്ക്കട്ടെയങ്ങനെത്തന്നെയതിനു വിഘ്നം വരുത്തുവോരാരാകിലും
തലയരിഞ്ഞെടുക്കുവാൻ പുതു തലമുറ വീറോടിരിക്കുന്നു മറക്കായ്ക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

നേത്ര പക്ഷാചരണം



മൂല്യമറ്റ മൂലകങ്ങളിൽ നിന്ന്
മെനഞ്ഞെടുത്തതാണെന്റെ മേനിയെന്ന്
തത്വജ്ഞാനമുൾക്കൊണ്ടിടാം
വിപ്ലവജ്ജ്വാല നോക്കി മാത്രമാണഹോ
നടന്നതുള്ളിന്നേവരെ
പിച്ചവെയ്ക്കാനെന്റെ കൊച്ചു പാദങ്ങൾ
പഠിച്ച നാൾ തൊട്ടിപ്പഴും
ഉദിച്ചസ്തമിക്കും വരെ തൂമ്പയേന്തിപ്പിന്നെ
നിലാവൊടുങ്ങുവോളം ചെങ്കൊടി താങ്ങി
ഈങ്ക്വിലാബിനുയർത്തിയ കൈകളും
രസനയിലന്നമ്മ തൊട്ടുവെച്ച തേൻ കൊണ്ട പിന്നെ
നാഴികയ്ക്ക് നാല്പത് വട്ടമെൻ നാവുയർന്നത്
അശരണരെപ്പോറ്റും ഗീതിയോതുവാനായിരുന്നു
നെഞ്ചിലെച്ചോര തിളയ്ക്കുന്നത് കാണുവാൻ
ആർക്കുമഞ്ചിടാക്കരളു തുടിക്കുന്നതറിയുവാൻ, വരിക
ജാതിചൊല്ലിയുറയാതെ തമ്മിലുരുമ്മുന്നതും
നിറത്തിലടിയോനുടയോനെന്ന് പിരിയാതെ
നേരായൊന്നുപിരിഞ്ഞ് വസിപ്പതും പകുപ്പതും
പാർത്തു നീ പേർത്ത് പേർത്തെന്റെ നാടിന്റെ
പെരുമയിൽ പേയിളകിപ്പുലമ്പുന്ന വാക്കുകൾ
കേട്ടുമറിയാതെപോവതെന്റെ ഗതികേടിതെന്ന്
നീയൊരുകണം നിനച്ചെങ്കിലെന്റെ സോദരാ
കേരവൃക്ഷമടലെടുത്തൊന്ന് തിരിച്ച് പിടിക്കുവാൻ
കോമരം തുള്ളുന്ന നിന്‍റെ കോണകമുരിയുവാൻ
കായബലമൊട്ടും കുറഞ്ഞവരല്ല ചുവപ്പുടുത്തവർ
ഇനിയുമെൻ കണ്ണു ചൂഴ്ന്നെടുക്കുവാനീ മണ്ണിൽ
കാലുകുത്തണമെന്ന് മോഹമുണ്ടെങ്കിലതിനു മുന്നായ്
ഒരു പട്ടടയവിടെ കെട്ടിടാതെ സൂക്ഷിക്ക നിന്നുലകിൽ
ഇല്ല, കട്ടായം കിട്ടില്ലവസരം നിന്റെ സഹചർക്ക്
കെട്ട് പോയിടുമതിനു മുമ്പേ നീ കുലമൊന്നാകെ നിശ്ചയം
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

കാവ്യത്തിനപ്പുറം നീ പടരാതെ പോകുവാൻ



അന്നു നീ വിടചൊല്ലിപ്പിരിഞ്ഞൊരാ നേരത്ത്
പെരുമഴ പെയ്തില്ലെങ്കിലോ എൻ സഖീ
പൂത്തിത്ര നീർ ചുരത്തിയ കൺകളെ
പാർത്തു നീയെന്നാധി ഗ്രഹിച്ചിരിക്കാം
ചാരെ കലങ്ങി, ചാലിയാറൊഴുകവേ മൽ പ്രിയേ
പേർത്തുപേർത്തു നീ ചൊല്ലിയതൊക്കെയും
പാടേ, കാതിലൊട്ടുമേൽക്കാതെ പോയിരിക്കാം
അറിയുന്നു ഞാനെന്റെ പ്രിയതേ, അത്രമേൽ
അലിഞ്ഞു ഞാൻ നിന്നിലാപതിച്ചിരിക്കുന്നു
ഒന്നായ് നമ്മളൊരു കണം ചേർന്ന നാളൊന്ന് തൊട്ട്
ഇന്നോളമെന്റെ കവിതയിൽ പെയ്തിട്ടില്ല
നന്നായൊരു തീക്ഷ്ണഭാവം,ഒരു തീവ്രസ്വരം
നിന്നിലേക്കെന്റെ ഉല്ക്ക ചിന്നിച്ചിതറി വീണു
നിലാവു ചിന്തിയ  മാഘമാസത്തിൽ പിന്നെ
എന്നിൽ കത്തിപ്പടരാനില്ല കവിതാരസം
എന്റെ കണ്ണെന്നും കരഞ്ഞേയിരിക്കണം
കരളറുത്ത് പിഴിഞ്ഞാലുമാ കണമൊഴുകണം
കയ്പുനീർകുടിച്ച് കനൽ തിന്നയോർമ്മകൾ
എങ്കിലേ എന്റെ കവിതയിൽ കനം വരൂ
സഹതപിച്ചെന്നെ നീയൊരുവട്ടം നോക്കവേ
ഉഗ്രരൂപത്തിൽ നിന്നെന്റെ കാവ്യമുരുകുന്നു
ഇനിയീ ഹിമപാതം വിട്ട് ഞാനൊട്ട്, ലാവയുരുകുന്ന
മലയിടുക്കിലേക്ക് തെന്നിയൊഴുകട്ടെ
അവിടെ കത്തി നില്ക്കട്ടെയൊറ്റയ്ക്ക്, ശേഷം
കഴുകൻ കൺകൂർപ്പിച്ചിരിക്കുന്ന കഴുമരത്തിനു കീഴെ
പുതു ഭാവമായ് പടരട്ടെ,യാകയാലെന്നെ
പറിച്ചെറിയുക ആണിവേരെത്ര ആഴത്തിൽ
അർബുദം തീർത്ത് കീറിയിറങ്ങിയെങ്കിലും 
ഒടുവിൽ കവിതയുടെയൊടുക്കത്തെ നീരും
ഒടുങ്ങി ഞാൻ ഒഴിയുന്ന രാത്രിയിൽ മാത്രം
നീയൊരു തിരി കൊളുത്തുക,യിറ്റ് കണ്ണീർ ചിന്തുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

പുനർജ്ജനിക്കുന്നിലെ കവിത


കവിതകളെന്നിൽ ഉരുവാകുന്നതിന്റെ
കാര്യ കാരണങ്ങളിൽ നീ വാചാലയാവരുത്‌
എന്റെ അധരങ്ങൾക്കിടയിൽ നിന്ന്‌
നീയുണ്ട മധുകണമെന്റെ കാവ്യം
കുളിരിരവിലൊന്നായ്‌ നെഞ്ചുരുമ്മവേ
കൊണ്ട ചൂടിലുണ്ടെന്റെ കാവ്യം
അന്നൊരു മധ്യാഹ്നമൊറ്റയ്ക്കെന്നെ
നീ കൊണ്ട്‌ ഞാൻ കണ്ട സ്വർഗ്ഗം കാവ്യം
എന്റെ മുതുകെല്ലിൽ നിന്ന്‌ ഉത്ഭവിച്ച്‌
നിന്റെ ഗർഭ പാത്രത്തിലേക്ക്‌ സ്രവിച്ച
ആദ്യ തന്തു തന്നെ എന്റെ കവിത
നിന്നെ നാരിയായ് ഉന്മാദിനിയാക്കിയൊരു
ചെറു ചലനം പകർന്നതെന്റെ കവിത
പൊക്കിൾക്കൊടി ബന്ധം വെടിഞ്ഞ്
നിന്നിൽ പൂത്തുലഞ്ഞ പൈതലെന്റെ കവിത
പിന്നെയൊരാൾരൂപമായ് നിനക്കൊത്ത്
തുള്ളിക്കുതിച്ച് പാഞ്ഞതുമെന്റെ കവിത
നിന്നെക്കൊതിപ്പിച്ച് ത്രസിപ്പിച്ചൊരു ദിനം
ഒന്നുമുരിയാടാതെ വിട്ടെറിഞ്ഞു പോയതെങ്കിൽ
കാത്തിരിക്ക, വരുമത് നിശ്ചയം ഒടുങ്ങില്ല
പാതാളത്തിനപ്പുറമൊളിച്ച നീരു പോലും
ഒരുനാളുറവയായ് ദാഹമൊടുക്കുമെങ്കിൽ
നിന്റെ തലമുറയിലൊരു പുതു കണ്ണിയായ്
എന്റെ കവിത പുനർജ്ജനിക്കുമതുവരെ
എന്നെ മീട്ടുക,യെന്നിൽ ശയിക്കുക പിന്നെ
എന്നെയൊന്നായാവാഹിച്ച് സ്വർഗ്ഗമാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

കവിത തന്ന അഹന്ത



പ്രിയതേ
നിന്നിലും കവിതയിലുമെനിക്ക്
മാർജ്ജാരാവതാരമാണു
പടിയടച്ചെത്ര കരകടത്തിയാലും
അടുത്ത പകലിൽ തിരിച്ചെത്തും
ഉറഞ്ഞ് കിടക്കുന്ന ബീജത്തിലൊന്നു പോലും
എഴുതിയൊടുങ്ങാതില്ലൊരൊടക്കം
ചുംബനങ്ങളുടെയവസാന ചിന്ത് പോലും
നിന്റെ ചുണ്ടിലർപ്പിക്കാതില്ല മടക്കവും
ഇന്നൊരു സന്ധ്യയിൽ പെയ്യാതെ പോയ
ചെറുമഴ മാത്രമല്ലെന്റെ ജീവിതം
മേഘങ്ങൾ വിലക്കപ്പെട്ടൊരുവേള
ആകാശം തന്നെ നിഷേധിച്ചാലും
നാളെ പുലർക്കാലത്ത് തിമിർത്ത് പെയ്യും
തമ്പ്രാന്റെ തിരുമുറ്റത്തെയമൃതേത്തിനപ്പുറം
എന്റെ കുടിലിലെ കുമ്പിൾക്കഞ്ഞിയാണു
ഹിതമെന്ന് നീ വരും ദിനമാണെന്റെ വസന്തം
സ്വർണ്ണക്കൊഴുപ്പിന്റെ കടലുകൾ താണ്ടി
കവിതകൾകൊണ്ട് തീർത്ത എന്റെ
എട്ടാം വൻകരയിലേക്കുള്ള നിന്റെ
പ്രണയപ്പ്രവേശം ആകെയെന്റെ സ്വപ്നം
ഒരു പകലിന്റെയർദ്ധ വേള മാത്രമൊന്നായ്
എന്നിൽ ചേർന്ന് നീ കുതിരുന്ന തിരുനാളിൽ
ആയിരം കവിതക്കുഞ്ഞുങ്ങളെ ഞാൻ സ്രവിക്കും
പിന്നെയൊന്നുമൊന്നുമല്ലാതെയൊരു നിരത്തിൽ
അപഹസിച്ചവർക്കുമുന്നിൽ ഞാൻ നിന്ന് കത്തും 
====================================

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...