2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

പുനർജ്ജനിക്കുന്നിലെ കവിത


കവിതകളെന്നിൽ ഉരുവാകുന്നതിന്റെ
കാര്യ കാരണങ്ങളിൽ നീ വാചാലയാവരുത്‌
എന്റെ അധരങ്ങൾക്കിടയിൽ നിന്ന്‌
നീയുണ്ട മധുകണമെന്റെ കാവ്യം
കുളിരിരവിലൊന്നായ്‌ നെഞ്ചുരുമ്മവേ
കൊണ്ട ചൂടിലുണ്ടെന്റെ കാവ്യം
അന്നൊരു മധ്യാഹ്നമൊറ്റയ്ക്കെന്നെ
നീ കൊണ്ട്‌ ഞാൻ കണ്ട സ്വർഗ്ഗം കാവ്യം
എന്റെ മുതുകെല്ലിൽ നിന്ന്‌ ഉത്ഭവിച്ച്‌
നിന്റെ ഗർഭ പാത്രത്തിലേക്ക്‌ സ്രവിച്ച
ആദ്യ തന്തു തന്നെ എന്റെ കവിത
നിന്നെ നാരിയായ് ഉന്മാദിനിയാക്കിയൊരു
ചെറു ചലനം പകർന്നതെന്റെ കവിത
പൊക്കിൾക്കൊടി ബന്ധം വെടിഞ്ഞ്
നിന്നിൽ പൂത്തുലഞ്ഞ പൈതലെന്റെ കവിത
പിന്നെയൊരാൾരൂപമായ് നിനക്കൊത്ത്
തുള്ളിക്കുതിച്ച് പാഞ്ഞതുമെന്റെ കവിത
നിന്നെക്കൊതിപ്പിച്ച് ത്രസിപ്പിച്ചൊരു ദിനം
ഒന്നുമുരിയാടാതെ വിട്ടെറിഞ്ഞു പോയതെങ്കിൽ
കാത്തിരിക്ക, വരുമത് നിശ്ചയം ഒടുങ്ങില്ല
പാതാളത്തിനപ്പുറമൊളിച്ച നീരു പോലും
ഒരുനാളുറവയായ് ദാഹമൊടുക്കുമെങ്കിൽ
നിന്റെ തലമുറയിലൊരു പുതു കണ്ണിയായ്
എന്റെ കവിത പുനർജ്ജനിക്കുമതുവരെ
എന്നെ മീട്ടുക,യെന്നിൽ ശയിക്കുക പിന്നെ
എന്നെയൊന്നായാവാഹിച്ച് സ്വർഗ്ഗമാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...