2015, നവംബർ 19, വ്യാഴാഴ്‌ച

ഒടുക്കത്തെ മോഹം



പിറക്കണമെന്നുണ്ടൊരു കീഴാള ജാതിയായ്
പീഢനക്കൊടും കാടു താണ്ടാൻ, സഹിക്കാൻ
പഠിക്കണമെനിക്കൊട്ടീ പിൻ കരമാരിതെന്ന്
പൊറുക്കുവാനാവാത്ത മതക്കോലം പണിതവൻ
അത്രമേലാർത്തിയുണ്ട് പൊളിച്ചെഴുതുവാൻ
ആർക്കുമൊട്ടുതവാത്തയീ പുരോഹിത വക്രനീതി
ആഗ്രഹമുണ്ട് നിശ്ചയമാവതുണ്ടൊരിക്കലെൻ
ആയുസ്സു തീരും മുൻ ന്യായം ജയിച്ചു കാണാൻ
മർത്യനാണാകയാൽ സ്വപ്നമുണ്ട്, വികാരമുണ്ട്
മോഹമുണ്ടത്രമേൽ മറിച്ചു ധരിക്കായ്ക
മേലാളനാണു നീ ശുഭ്രക്കോലമുറഞ്ഞ് മൊഴിവത്
മൂല കാരണം നോക്കാതെ വിഴുങ്ങും നാളൊടുങ്ങിടും
ചേരുംപടി ചേർക്കുവാൻ വന്ന ചോദ്യമൊന്നുപോലും
ചേലോടെ പൂരിപ്പിക്കുവാൻ തെല്ലുമാവാതെ പോയ
ചമയമിട്ടൊരു കോലം മാത്രമാണു നാഥനെങ്കിൽ
ചില്ലിട്ട പള്ളിമേട തന്നിൽ കല്ലൊന്നെറിയുവാനെന്തു വേണ്ടൂ
വരുമിനിയുമൊരു പുലരിയിതു കനവല്ല കട്ടായം
വറുതി തീർന്നേവരും തുല്ല്യരായ് വാഴ്ന്നിടും
വീണൊടുങ്ങിടും മേല്ക്കോയ്മയൊക്കെയും
വീറോടെയിന്നേ പൊരുതുവിൻ കൂട്ടരേ
xxxxxxxxxxxxxxxxxxxxxxxxxx

2015, നവംബർ 12, വ്യാഴാഴ്‌ച

ഭരണാസനമേറുന്നവരോട്. . .




ഒരു മുദ്രാവാക്യത്തിന്റെ തുമ്പ് പിടിച്ച്
മരിച്ചവർ മടങ്ങി വരാറില്ല
പ്രകടനത്തിന്റെ മുൻ നിരയിൽ
ആത്മാക്കളെ നിരത്തി നിർത്തി
അധികാരമൊരിക്കലും തിരിച്ച് നൽകാറുമില്ല
ഇറച്ചിക്കടയ്ക്ക് കാലാൾപ്പടയെ കാവൽ വെച്ച്
യുദ്ധഭൂമിയിൽ പടപൊരുതി മുറിവേറ്റവനു
വേട്ടനായയെ കണി വെയ്ക്കുന്നു
അർഹതപ്പെട്ടവൻ അധ്വാനിച്ച് നേടിയ വിജയം
ഭരണകൂട മേധാവിത്വത്തിന്റെ ഔദാര്യമല്ല
ഒറ്റക്കണ്ണാൽ കാണുന്നത് മാത്രമല്ല
ഒതുക്കപ്പെടുന്ന ശ്വാസങ്ങളിലുമുണ്ട് കാഴ്ച
വിളിയെത്താത്ത കുന്നിനു മുകളിലും
ഒറ്റപ്പെട്ടു പോയവൻ നിലവിളിച്ചു തന്നെ
ഞെട്ടറ്റുപോയ സ്വപ്നങ്ങളുടെ കടയ്ക്കൽ
നീരുറ്റിക്കുവാൻ നീ വരുമെന്നല്ല പ്രതീക്ഷ
അരിവറ്റൊന്ന് കാണാതെപോയ അന്നനാളം
പൂവിട്ട് നീ തൊഴുമെന്നുമില്ല മോഹം
എന്റെ നെറുകന്തലയിൽ എരിച്ചെഴുതിയ
വെറുക്കപ്പെടേണ്ടവനെന്ന മുദ്ര മാത്രം നീ പറിച്ചൊടുക്കുക
കനവു കണ്ടു വളഞ്ഞയെൻ കശേരുവിനൊരു താങ്ങായ്
കാലമെല്ലാം നീയുണ്ടെന്ന് വെറുതേ മൊഴിയുക
എങ്കിലെന്റെയിടത്തേ ചൂണ്ടുവിരലിലെന്നും
മഷി പുരട്ടി കാക്കും ഞാൻ നിന്റെ ഭരണാസനം
000000000000000000000000000000

2015, നവംബർ 8, ഞായറാഴ്‌ച

ശിലയായ് എന്നും നീ. . .




ദുരിതക്കയമെന്നത്
ഉണ്മയിൽ നിന്ന് ഉപമയിലേക്കുള്ള
ഒരു ഉൾവലിയലാണു
ജീവിത ഭാരമെന്നാൽ
കഴുതയാക്കപ്പെടുന്നവന്റേയും
കുതിര കയറുന്നവന്റേയും
മദ്ധ്യേ ഉയർത്തപ്പെടുന്നൊരു
ഒടുങ്ങാ സമസ്യയാണു
വിധി വിലക്കുകളുടെ
വേദ സൂക്തങ്ങളിൽ നിന്ന്
വരും വരായ്കയുടെ
സത്യ നീതിയിലേക്ക്
ജാര സംസർഗ്ഗം നടത്തവേ
ഒറ്റപ്പെടുത്തപ്പെടുന്നത്
ജീവിതത്തുരുത്തിൽ നിന്നാണു
അപഥ ഭ്രമണം ചെയ്യവേ
ജീവിത മാർഗ്ഗങ്ങളിൽ നിന്ന്
ആട്ടിയകറ്റപ്പെടുന്നു
നീ കുറിച്ചിട്ടത് മാത്രമാണു
നിത്യ സത്യമെന്നും
എതിരൊഴുകുന്നവനെന്നും
പടിക്കപ്പുറമാണെന്നും
നിന്റെ ശിലാലിഖിതം
വായിക്കപ്പെടുന്നു
വിശക്കുന്നവനു എച്ചിൽക്കൂനയും
അജീർണ്ണം പിടിച്ചവനു അമൃതും
പകരുന്ന നിന്റെ നീതിയാണു
ഹിതം, പാവനം സ്തുത്യർഹമെങ്കിൽ
നീയെന്നതുമെന്റെ തൊടിയിലെ
പായലൊട്ടിയ കരിമ്പാറയും
കെടുകെട്ടയെന്റെ പാഴ് മനസ്സിൽ
സമമായിരിക്കും ഞാനൊടുങ്ങുവോളം
xxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...