2023, ഏപ്രിൽ 2, ഞായറാഴ്‌ച

അന്ന, ആർദ്ര പ്രണയത്തിന്റെ ശിഖയേന്തുന്നു



മരണമെന്നിലൊരു ഇരുട്ടിൻ മേലങ്കി തുന്നവേ, അന്നാ

ഒരു ബാഷ്പ കണമെങ്കിലും കൊണ്ടെന്നെ തപിപ്പിക്ക

കാഴ്ചയിൽ നിന്നൊടുക്കത്തെ ബിംബവുമൊടുങ്ങവേ

കണ്ണിലൊടുങ്ങുന്ന നിശ്ചല ദൃശ്യമായ് ഉണ്ടായിരിക്ക 

ശിരസ്സിൽ നിന്നന്ത്യമാം തണൽപ്പൊട്ടുമൂർന്നിറങ്ങവേ

കൈത്തലം വച്ചെന്നെയൊരു മാത്രയനുഗ്രഹിക്ക


അന്നാ, ഹിമശൈലങ്ങളിൽ തീപ്പന്തമുരുവാക്കുമെന്ന്

സാഗരക്കരുത്തിനപ്പുറം സായന്തനങ്ങളുയരുമെന്ന്

പൊരിവെയിലിലും നനുത്ത നിലാച്ചിന്ത് കടയുമെന്ന്

കൈ കൊരുത്ത് പരസ്പരം നാമൊഴുകിയ  നിഴലുകൾ

ഭ്രമങ്ങളിൽ ഭ്രാന്തയൗവ്വനമുരുക്കിയൊഴിച്ച് തണുപ്പിച്ച്

കൈലേസുകളിൽ കടലാഴങ്ങളെയൊളിപ്പിച്ച് കുതിർത്ത്

സ്വയം പ്രദർശനാലയങ്ങളൊരുക്കിയാവോളം പ്രണയിച്ച്

സപ്ത സാഗരവുമതീന്ദ്രിയ ജാലവും തമ്മിൽ കെട്ടിയേല്പ്പിച്ച്

അന്നാ, ഒരു യുഗമൊക്കെയും നാമഭിരമിച്ച ജീവിതപ്പകലുകൾ


എന്നാണു നമ്മിലാദ്യം ജാതിത്തൈ കുരുത്തതും തളിരിട്ടതും

അന്നാ, തെയ്യാട്ടം നിനക്കുള്ളതും പെട്ടിവരവെന്റെതുമെന്ന്

രണ്ടു തട്ടിൽ നമ്മെക്കുടിയിരുത്തി ഇടവഴി വെട്ടിയ വേദപ്പൊരുൾ

എന്നാണു സദാചാരം ചാരമല്ലാതാചാരമായ് നം ചാരെ വന്നത്

എപ്പൊഴാണു കോമരമുറഞ്ഞതും മൈലാഞ്ചിത്താടി ചുവന്നതും

എന്നേ രണ്ട് തുരുത്തിൽ ദൈവങ്ങളായ്  നാംകുടിയിരുത്തപ്പെട്ടത്

അന്നാ, ഇന്നൊടുക്കത്തെ മൂച്ചെടുക്കുമ്പഴും കരൾ തുടിക്കുന്നത്

വിടരാതെ പോയ നം പ്രണയപ്പൂവിതളടർന്നതെച്ചൊല്ലി മാത്രം


ഹൃദയവത്ക്കങ്ങളിൽ പ്രണയരസങ്ങളൊക്കെയും ഘനീഭവിച്ച്

ശ്വാസനാളികളിൽ നിന്നോർമ്മകൾ നുരച്ച് തൂവി പരന്നൊഴുകി

കരളിൻ ശല്ക്കങ്ങളിലൊക്കെയും നിരാസ ചിഹ്നങ്ങളടിഞ്ഞ്

നോവിൻ കാതൽ മാത്രം വാറ്റി, വടിക്കെട്ടിയൂറവെച്ച് പരുകവേ

അന്നാ, വരിക ഒരു രാവ് പുലരുവോളമെന്നിൽ ഇടിവെട്ടിപ്പെയ്യുക

പിന്നെയെൻ കണ്ണു  മൂടുക, അടക്കിനു മുന്നേ പുറപ്പെട്ട് പോവുക

ആണ്ട് പെരുനാളിനും വിഷുവിനുമല്ലാതെ നീണ്ട പകലിലെന്നെങ്കിലും

ഒരിക്കലെന്നെയോർക്കുക,യെൻ കവിത നീട്ടിച്ചൊല്ലുക, ചിരിക്കുക

ചിരഞ്ജീവിയായിരിക്കട്ടെ കാലമെല്ലാം ചമത്കാരമായ് നിന്നിൽ































കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...