2019, ജൂലൈ 27, ശനിയാഴ്‌ച

കറുപ്പുകൊണ്ട് മറയ്ക്കപ്പെടുന്ന കിനാവുകൾ



തമോഗർത്തം വിഴുങ്ങിയ
വിദൂര ഗ്രഹമാണെങ്കിലും പ്രിയതേ
നിന്റെ നയനാഗ്നിയെന്നെ പൊള്ളിക്കുന്നുണ്ട്
പരാജിത പർവ്വതാരോഹകൻ
തൊട്ടുതീണ്ടീയ ഉടൽ വടിവെങ്കിലും
നിന്റെ ഭൂതത്താൻ കെട്ടുകളുടെ ചലനം
ഉഷ്ണമാപിനിയുടെ സൂചി ത്രസിപ്പിക്കുന്നുണ്ട്
വേദവാക്യങ്ങളുടെ വിപരീത വായനയാൽ
വേലികെട്ടിയൊതുക്കപ്പെട്ടെങ്കിലും 
നിന്റെ ശീലുകളെന്നെ ഇക്കിളിപ്പെടുത്തുന്നുണ്ട്
കണ്ട്, മനംകൊണ്ട്,കരളിലാണ്ടോനെ വേൾക്കാതെ
മതം വിതച്ചു മദമിളകി നരച്ചോനെ കെട്ടിയാടവേ
ഇണ്ടലുണ്ടധികമാകിലും എന്നിലേക്ക് പടരായ്ക
കറുത്ത തുണിയിട്ട് കായമേ മൂടിയുള്ളൂ സഖീ
കാൽവയ്പിലൊക്കെയുമുണ്ട് കിനാവിന്റെ മാറ്റൊലി

നാളൊക്കെയും നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കണം
എങ്കിലേ, നീറിയെന്റെ വർഷം കവിതയായ് മാറൂ
നേർക്കാഴ്ച്ചയൊക്കെയും തിരശ്ശീല മറയ്ക്കണം, ആകിലേ
ഉൾക്കണ്ണു കണ്ടത് പ്രിയ കാവ്യമായ് ഉദയമാകൂ
0000000000000000000000000000000000000000000000000



2019, ജൂലൈ 14, ഞായറാഴ്‌ച

ഈങ്ക്വിലാബിനു ഈണമിടുന്നവർ

ഉടലാഴങ്ങളിലൂഴിയിട്ട ഉന്മത്തവേളകളിൽ 
നീയുണ്ട അമൃതകുംഭത്തിനുമേഴുകടലക്കരെ 
ജീവ രഹസ്യങ്ങളിലേക്ക്‌ കണ്ണെയ്തൊരു പാതിരയൊക്കെയും കൂരിരുട്ട്‌ കുടിച്ച്‌ 
ഞാൻ കൊണ്ട പേറ്റുനോവ്‌ ചുരുണ്ട്‌ കിടക്കുന്നു 

 പ്രണയ നിരാസത്തിന്റെ പേപ്പകലുകളിൽ 
നീ കടിച്ചുപൊട്ടിച്ച വിദ്വേഷ മൂർച്ചയ്ക്കുമപ്പുറം ഇന്ധനമർമ്മങ്ങൾ പൊട്ടിയൊലിക്കുന്ന, കടുത്ത
അഗ്നിഗോളങ്ങളിൽ ഞാൻ വിലയമാവുന്നു 

ഒന്നിച്ചു പെയ്തൊരു കവിതയുടെ തണുപ്പിൽ 
നീ സുഖനിദ്രകൊള്ളുന്ന ശ്യാമരാവിന്നു ദൂരെ കൽപിച്ചുവച്ച മാനങ്ങളൊക്കെയും കടന്നെന്റെ കാവ്യവും ജീവനും 
കാലമൊക്കെയും മുനിഞ്ഞു കത്തുന്നു പിന്നെയും

നെഞ്ചിലാഴത്തിലിരുമ്പു കേറവേ തോഴാ തഞ്ചത്തിലെന്നെ നീ വിശ്വസിപ്പിക്ക സത്വരം ചങ്കുപൊട്ടുമാറുച്ചത്തിൽ ചൊല്ലിയ ഈങ്ക്വിലാബിനിതിലൊരു പങ്കൊട്ടുമില്ല കട്ടായം
ചോരയെന്റെ നനഞ്ഞു ചുവന്നതല്ല നിൻ ചെങ്കൊടി ചാരെയെന്നെത്തുണയ്ക്കുവാനുണ്ട്‌നീനാളൊക്കയും 
പിടഞ്ഞുവീണുഞാൻപോയിപ്പരലോകംപുൽകിലും 
പിടിവിടരുത്‌,പാറിപ്പറന്നേയിരിക്കണംപഥിതരെക്കാത്തെപ്പഴും

2019, ജൂലൈ 6, ശനിയാഴ്‌ച

മണ്ണെടുക്കും മുമ്പൊരു മധ്യാഹ്നം



ഒറ്റയാവലിൻ ഉന്മത്തരാവുകൾ
ഒറ്റുകൊടുത്ത പ്രേതാലയ ജീവിതം
വീണ പായയിൽ കാലമൊക്കെയും
വെന്തുരുകുന്ന ഗന്ധകപ്പകലുകൾ
തോളിൽനിന്നൂർന്നു പോയ്‌, ക്ഷയിച്ച
തിരിമുറിയാതുണ്ടെന്ന് മൊഴിഞ്ഞ സൗഹൃദം
ചന്തയിലിന്നലെ കണ്ട ഭാവം വരെ
ചിന്തയിൽ നിന്നറുത്ത ബന്ധുജനം
കവിതയിൽ ഭാവം കുറുക്കി വാറ്റുന്നു നീയെന്ന്
കൊത്തളപ്പുറമിരുത്തിയ കളിവാക്കു വൈഭവം
ഇല്ല, വീണുപോയിട്ടേയുള്ളു സോദരാ
ഇത്രകണ്ടു മണ്ണടിഞ്ഞിട്ടില്ല വേരുകൾ
നാളിത്രയും കാലമെന്നിൽ പിറന്ന വാക്കിൽ നിന്ന്
നല്ലതൊന്നെങ്കിലും നീ കൊണ്ടതാകിൽ സഖേ
ഒടുക്കത്തെ മോഹമെന്റേതൊന്നു രണ്ടെണ്ണം
ഒപ്പിയെടുത്തെന്നെ യാത്രയാക്കീടുക
കൈതപൂക്കുന്ന തോട്ടിറമ്പിലിരുന്ന് നീയെന്റെ
കവിതയൊക്കെയുമേറ്റു ചൊല്ലുന്നതു കേൾക്കണം
നീ തന്ന പ്രസാദവും കുർബാനകൊണ്ട അപ്പവും കൊണ്ട്‌
നീട്ടിവിളിക്കുന്ന ബാങ്കുകേട്ടെന്റെ നോമ്പ്‌ വീടണം
ചാത്തനുമൗസേപ്പുമാജ്യാരും കാണും വിധം
ചമച്ചെന്നെക്കിടത്തണം തിണ്ണയിൽ
ഇനിയൊരു പകലുദിക്കും മുമ്പ്‌, തിരിഞ്ഞുനോക്കാതെ
ഇട്ടേച്ച്‌ പോരണമെന്നെ പള്ളിത്തൊടികയിൽ
ഒടുവിലൊരുനാളിലൊരോർമ്മപ്പെരുനാളിലൊരു മൂലയിൽ
ഒരു മൈലാഞ്ചിച്ചെടിയിലെന്റെ വാക്കു പൂത്തത്‌ കാണണം
===========================

2019, ജൂലൈ 5, വെള്ളിയാഴ്‌ച

സ്വർഗ്ഗരാജ്യം തുന്നുന്നവർ

ഒരു പെരുമഴയിലേക്കിറങ്ങിച്ചെല്ലുക
ഭയപ്പെടേണ്ട; ഇരുളുന്നതിനു മുമ്പ്‌
ചക്രവാളം തൊട്ടില്ലെങ്കിലും
മരുഭൂമിയൊന്ന് വിഴുങ്ങാതെ പോവില്ല


പ്രളയത്തിലേക്കൂളിയിട്ടിറങ്ങുക
ശങ്കയരുത്‌; കയ്യാരു നീട്ടിയില്ലെങ്കിലും
ചുവന്നതെരുവിന്റെ ദൈവനിന്ദയ്ക്ക്‌
ശിക്ഷയിറക്കപ്പെട്ടതിന്റെ മഹദ്‌ വചനം
കൈകൊട്ടി വാഴ്ത്താതെ പോവില്ല


യുദ്ധക്കൊതിമൂത്ത്‌ ഗന്ധകം കൊറിക്കുന്ന
നഗ്നരാജനെ നോക്കി കൂവുക
അരുത്‌; തെരുവിൽ അനാഥരാവുന്ന
ബാല്യങ്ങളുടെ തലയെണ്ണി വെറുതെ
ജയപരാജയങ്ങളുടെ കെട്ടുകഥ മെനയരുത്‌


എങ്കിലും
കവിതയൊന്ന് നിറുത്താതെ ചൊല്ലുക
മടിയരുത്‌; പദങ്ങളും ബിംബങ്ങളും
കൽപ്പിച്ചു വച്ചതൊക്കെയും നിഷ്കരുണം
വെട്ടിയറുത്തുപ്പു നോക്കി തന്ത്രികൾ
തെരുവുകളിൽ അപഹസിച്ചാർത്തലയ്ക്കും
എന്തെന്നാൽ,
കവികൾ കാലാതിവർത്തികളാണു
സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...