2022, ഡിസംബർ 31, ശനിയാഴ്‌ച

പുതിയ ഗീതം

 

കനവു കാണാൻ കേരളമണ്ണിനു

കരുത്തു നല്കിയൊരു പ്രസ്ഥാനം

കാരാഗൃഹത്തിൻ ഇരുമ്പു ചങ്ങല

വെട്ടിയെറിഞ്ഞൊരു പ്രസ്ഥാനം

ഈങ്ക്വിലാബ്, ഈങ്ക്വിലാബ്, ഈങ്ക്വിലാബ് സിന്ദാബാദ്


ഇവിടെയില്ലിനി പട്ടിണി വർഗ്ഗം

ഇല്ലിനിയൊട്ടും അടിമത്തം

തരിമ്പുമില്ല ചൂഷണ വർഗ്ഗം

വേരോടില്ല  മത മേധാവിത്വം

ഉയരെയുയരെ പാറട്ടെ, പാറട്ടെ നം ചെങ്കൊടി


അധികാരക്കൊടി ജനങ്ങൾ കയ്യിൽ

സമർപ്പിതമാവും കട്ടായം

അശരണരില്ലാ, അഗതികളില്ലാ

അഴിമതിയൊഴിയും മുച്ചൂടും

അരിവാൾ ചുറ്റിക നക്ഷത്രം, അടയാളമതാകട്ടെ


നമ്മളെയാണ്ടു നീരു കുടിക്കും

നരഭോജികളിനി വാഴില്ല

നഖശിഖാന്തം നമ്മളെയൊടുക്കും

ഭരണ,ഇടയാളർക്കിനി ഇടമില്ല

ഈങ്ക്വിലാബ് മുഴങ്ങട്ടെ, ചെങ്കൊടിയുയരെ പാറട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx





2022, ഡിസംബർ 23, വെള്ളിയാഴ്‌ച

വസന്തത്തിലേക്ക് കണ്ണെറിയുന്നു



ഉയരട്ടെ വാനിലീ ഈങ്ക്വിലാബിന്റെ ഈണം

ഉണരട്ടെ മാനവ ഹൃത്തിലെന്നും ചെങ്കൊടി

പൊരുതട്ടെ തൊഴിലാളി വർഗ്ഗത്തിനായെന്നും

പുലരട്ടെ പുതിയൊരു ജനാധികാര ദേശം


കതിരിടും വയലേലകളൊക്കെയുമെൻ കാതരേ

കൊയ്തു പോകാനിനി വരില്ലൊരു കുപ്പായമിട്ടവൻ

കൊഞ്ചിക്കുഴഞ്ഞ് നല്ല തഞ്ചത്തിലാടും നം മക്കളെ

കൂര പൊക്കി കാമകേളിയാടുവാൻ തുനിയില്ലിനിയാരുമേ


പുതു യുഗം പിറക്കും പൊയ് മുഖങ്ങളൊക്കെത്തെറിക്കും

പൂ മരങ്ങളിൽ പുഴ,യരുവിയിൽ പൊൻ വസന്തം തുടിക്കും

മുഷ്ടികളുയരും അധികാരക്കലിയൊക്കെയുമൊടുക്കും

മാർക്സിസത്തിൻ മുദ്രാവാക്യ മാറ്റൊലിയിൻ കാറ്റടിക്കും


ചട്ടമിട്ട്, തിട്ടമിട്ട്, തീട്ടൂരം കെട്ടും ദുഷ് പ്രഭുക്കളെ

ചുട്ടി കുത്തി, ചൂട്ടെരിച്ച്, കഴുതപ്പുറമേറ്റിയൊടുക്കണം

ചിട്ടയിൽ ചമച്ചൊരു പറുദീസയായ് നാടുണരണം

ചെങ്കൊടിയുയരണം, വാനിൽപ്പറക്കണം, വസന്തമാകണം

==================================================




2022, ഡിസംബർ 18, ഞായറാഴ്‌ച

പുതിയ ആകാശം തുറക്കുന്നു


പുതിയൊരാകാശം, നിറങ്ങൾ തൻ ഭൂമി

പൊൻ വെയിൽ ചാറും പൂമരത്താഴ്വര

ജാതി കായ്ക്കാത്ത മാനവ ഹൃത്തടങ്ങളിൽ

ജീവ താളമായ് തുടികൊട്ടിയുയരുന്നു ചെങ്കൊടി


ഭയ വിഹ്വലതകളില്ലിവിടം, ഏശുകില്ല ഭീഷണി

ഭോഷ്കില്ല, ഭീതിയില്ല, ഭരണകൂട കുടിലതയില്ലൊട്ടുമേ

കൂട്ടിനുണ്ട്, കൂടെയുണ്ട് ചെമ്പടയുടെ ആരവം

കവിത പോലെൻ കരളിലുണ്ട് രക്തവർണ്ണപ്പൊൻ കൊടി


എത്രയുപവാസമെത്ര പരിഹാസം കൊണ്ടതാണെൻ പൂർവ്വികർ

എരി വയർ  കെട്ടി പൊരി വെയിൽ തട്ടി കരിഞ്ഞുണങ്ങിപ്പോയവർ 

തടവറയിൽ തേങ്ങൽ മോന്തി തട്ടിവീണൊടുങ്ങിയോർ

തളരുകില്ലവർ പകർന്ന ഈങ്ക്വിലാബിൻ ലഹരിയിൽ


ഉയരെപ്പറക്കുന്നുഷസ്സിൽ തുടിക്കുന്നൂർജ്ജമേകുന്നു ചെങ്കൊടി

ഉള്ളിലെപ്പക പോക്കി ഊരിനെയാകെയും ഒന്നായ് നയിക്കുന്നിക്കൊടി

പ്രയാർദ്രമാണെന്റെ പൂങ്കൊടി, പ്രാണനിലുയിർത്തൊരു നിലാക്കൊടി

പാറിപ്പറക്കട്ടെ,പേരു പെരുക്കട്ടെ,പൊൻ പ്രഭാതമാവട്ടെ നാളൊക്കെയും  

================================================






2022, ഡിസംബർ 16, വെള്ളിയാഴ്‌ച

ഉണർത്ത് പാട്ട്

 

വരികയെൻ സഹജരേ, വീരേതിഹാസമാവുക

വിണ്ണിലും മണ്ണിലും വിപ്ലവക്കൊടി പാറിക്കുക

വാക്കുകളിലഗ്നി നിറയ്ക്കുക, വസന്തമാവുക

വരും തലമുറയ്ക്കാകെയായ് സ്വപ്നഭൂമിയൊരുക്കുക


ജാതിമത ഭേദം വെട്ടി ജമ്മു താണ്ടിയാട്ടുക

ജാതകക്കുറിയെടുത്ത് ജമുനയിലൊഴുക്കുക

ജീവിതപ്പെരും പാതയിൽ പൊരുതി ജേതാവാകുക

ജയജയം പാടുക,ചേലോടെ ചെങ്കൊടിയേന്തുക


സാമ്പത്തികപ്പുകിലു കാട്ടും സാത്താൻ കുരിശേറട്ടെ

സർപ്പദോഷം  ചൊല്ലി മെരുക്കും സൂത്രധാരി തുലയട്ടെ

സുഖ ലോലുപതയിൽ മന്ത്രിച്ചൂതും താടിക്കാരനൊടുങ്ങട്ടെ

സിംഹാസനമേറാനിനിയൊരു തൊഴിലാളിപ്പടയെത്തട്ടെ


ഈങ്ക്വിലാബ് മുഴങ്ങട്ടെ, ഇവിടം സ്വർഗ്ഗമാകട്ടെ

അരിവാൾ ചുറ്റിക നക്ഷത്രം അടയാളക്കൊടി പാറട്ടെ

ഇക്കരയാകെ ചുവക്കട്ടെ, ഇത്തിൾക്കണ്ണി നശിക്കട്ടെ

അജ്ഞതയോടിയൊളിക്കട്ടെ, അറിവിൻ ദീപം തെളിയട്ടെ

00000000000000000000000000000000000000000







ഈങ്ക്വിലാബിന്റെ ഈണം

 


ഉണരുകെന്റെ തോഴീ

ഉയരുന്നിതാ പുതു വേദി

സമര കാഹളങ്ങൾക്കപ്പുറം

സൂര്യ ശോഭയാൽ തിളങ്ങുന്നു ചെങ്കൊടി


കാലമെത്ര തീക്കനലിൽ ചുട്ടുപൊള്ളി നമ്മൾ

കാതമേറെ തീവ്രവ്യഥ മോന്തി വാണു നമ്മൾ

കാരിരുമ്പിൻ കാരാഗ്രഹത്തിൽ വെന്ത കിനാവെത്ര

കരളു ചോക്കുവോളമിനിയാമോദമേന്തിടാമിച്ചെങ്കൊടി


പ്രാണ വായു കൊണ്ടിടാൻ, പശി തീരുവോളമുണ്ടിടാൻ

പൈതങ്ങൾക്കറിവേകിടാൻ,പുലതീണ്ടലില്ലാതെ നടന്നിടാൻ

കൊതിയെത്ര കൊണ്ടു കരഞ്ഞു, കീഴ് ജാതിയായ് കഴിഞ്ഞു

കാത്തിരുന്നു കൈക്കൊണ്ട കൈവല്ല്യമാണീ ചെങ്കൊടി


ഇനിയില്ലടിമത്തം ഒട്ടുമില്ല നിറഭേദം ഏശുകില്ല ജന്മിത്തം

ഇവിടെ,യാർദ്ര സംഗീത നാദമായ് ഈങ്ക്വിലാബുയരുന്നു

സാന്ദ്രലയ ശോഭയായ് വാനിൽ ചെങ്കൊടിയൊഴുകുന്നു

സുമധുര സ്വരച്ചേർച്ചയായൊരുമിച്ചിടാം, കൈകോർത്തിടാം






2022, ഡിസംബർ 14, ബുധനാഴ്‌ച

ചെങ്കൊടിയുടെ കാവലാൾ

 നമ്മളേ ജയിക്കൂ, നാമേ നയിക്കൂ

നന്മയൊരു കോടി നമ്മിലേ പൂക്കൂ

നന്നായ് പൊരുതൂ, നറുമലരായ് വിടരൂ

നായകനായുയർന്ന് ചെങ്കൊടിയേന്തൂ


സപ്ത സാഗരമതിനപ്പുറം കനവുണരണം

സർഗ്ഗ ചേതനയാലായിരം കവിത രചിക്കണം

സഹന സമരങ്ങളിൽ നീ അമരത്ത് നിൽക്കണം

സഖാവെന്ന വാക്കിൻ ശക്തിയാൽ ജ്വലിക്കണം


ഈങ്ക്വിലാബിന്റെ ഈണമൊരു സുഖ സാന്ത്വനം

ഈരേഴു ലോകവുമേറ്റ് പാടുമൊരു യുഗ മന്ത്രണം

ഇമ്മണ്ണിലിനിയും നൂറുനൂറു പൂക്കൾ ചോക്കണം

ഇവിടെയിനിയാരും കീഴാളരാവാതെ കാക്കണം


അധികാര കേന്ദ്രങ്ങളാശ്രിതനെ നമിച്ചിടും

അർഹരായോരൊക്കെയും ഗുണമനുഭവിച്ചിടും

അശരണർക്കഗതികൾക്ക് കാവലായ് നിന്നിടും

അരിവാൾ ചുറ്റിക നക്ഷത്രമെന്നും ഉയർന്നിടും

00000000000000000000000000000000000000






2022, ഡിസംബർ 13, ചൊവ്വാഴ്ച

രക്ത താരകം പൂത്ത് നിൽക്കുന്നു



ഇനിയുമീ പുഴ പൂക്കുമെൻ സഖാവേ

വീണ്ടുമീ വാക ചോക്കും, തണൽ പരക്കും

ഇനിയുമീ പ്രാണൻ തുടികൊട്ടി പാടുമെൻ പ്രിയനേ

ഈങ്ക്വിലാബിന്റെ ഈണം തുടിക്കും, സിരകൾ ത്രസിക്കും


ചാരം പൊതിഞ്ഞെൻ കനൽക്കട്ട കിടക്കുകിൽ

ചാരെ നീയില്ലെന്ന് കരളിൽ വ്യഥ തീർക്കുകിൽ

പ്രണയം നിന്നോട് മാത്രമായ് പോവുകിൽ

അവനിയിൽ മറ്റാരുയിർക്കുമീ രക്ത പതാകയേന്തുവാൻ


ആർദ്ര സംഗീത ധാരയൊഴുകുന്ന പോൽ

ആത്മ സാരാംശ ഗാഥയുണരുന്ന പോൽ

അരികിൽ നീ പൂവാകയായ് പൂത്ത നാളൊക്കെയും

അത്രമേൽ വസന്തമായിരുന്നെന്നിൽ പ്രിയ തോഴാ


രക്ത താരകം ഉദിച്ചുയർന്നൊരു 

ശുഭ്ര പതാകയും കയ്യിലേന്തി നീ

വീര്യം നുരച്ച് വിപ്ലവം കൊറിച്ച് 

വീഥിതോറുമലയവേ സഖാവേ

പെണ്ണായ്പ്പിറന്നവളെന്നെന്നെ 

വീട്,നാടൊക്കെയും പഴിക്കവേ

ഭീതിയായിരുന്നു കൂടെയിറങ്ങുവാൻ


ഇന്നീ പീത സായന്തനത്തിൻ തുടിപ്പൊക്കെയും കെട്ട്

പോക്കു വെയിൽ തന്ന കാന്തിയാകെയും കരിഞ്ഞ്

നീയിത്ര ഘോരം, കാറി വിളിച്ച തൊണ്ടയും തീ തിന്ന്

കൂനിക്കൂടിക്കാർക്കിച്ച് തുപ്പിയൊരു മൂലയിലൊതുങ്ങവേ

കൈ നീട്ടിപ്പിടിക്കുന്നു ഞാനെന്റെ സ്നേഹിതാ പരവശം

വരിക, ഇനിയുമുണ്ട് വസന്തമായിരം നമ്മിൽ പൂക്കുവാൻ

കവിതയുണ്ട്, കാർമുകിലുണ്ട്, കീഴാളമുദ്രകൊണ്ടോരുണ്ട്

അരികുവത്കരിക്കപ്പെട്ടവർ, ആശ്രയമറ്റവരഗതികൾ

നാളെയും നം ചെങ്കൊടി പാറിപ്പറക്കണം, നേരു കാക്കണം

മുന്നിൽ നിന്ന് നമ്മളേ നയിക്കണം, ജയിക്കണം പിന്നെയും

ചുറ്റികയരിവാൾ നക്ഷത്രം ചുറ്റുമൊരുകോടി ചാരു വക്ത്രം

ചുറ്റിത്തിരിയുന്നതു കണ്ടേ കണ്ണടയണം, കൂടെ നീയുണ്ടാവണം

കൂട്ടിനുണ്ടാവണം, ഒരേ കുഴിയിലുറങ്ങണം, നന്നായ് കുതിരണം

പിന്നെ, നമ്മിൽനിന്നുയിർക്കണം നന്മ കായ്ക്കുമായിരം പൂമരം

=====================================================








2022, ഡിസംബർ 11, ഞായറാഴ്‌ച

കനവല്ലിതു കട്ടായം



ആർദ്രേ, നിൻ മിഴിയിതളിലൊരു മൃദു

ചുംബനങ്ങളാലെൻ ആരതിയർപ്പണം

ആതിരേ, നിൻ കാർകൂന്തലിലൊരു ചെറു

ചെമ്പനീർപ്പൂവാലാത്മനൈവേദ്യ തേൻ കണം


എൻ ഹൃദയ തംബുരുവിലത്ര മായാജാല വേഗം

നീ ശ്രുതിമീട്ടിയ പുലരിയൊരു മഞ്ഞുരുകും കാലം

നീയെൻ കനവിലാർദ്ര നദിയായൊഴുകും ഊഷ്മള രാഗം

മാൻ പേടയായ് നീ തുള്ളിയാടിയ കരളൊരു സ്നേഹതീരം


കവിതയിൽ കൊതുമ്പു വള്ളമൊന്നിനെ കെട്ടി വച്ചിടാം

കൺകളിൽ നീലക്കടമ്പൊരുക്കി ഊഞ്ഞാൽ കെട്ടിടാം

കൈക്കുടന്നയിൽ നറു നിലാവിനെക്കോരിത്തന്നിടാം

കനകാംബരം കാട്ടു ചമ്പകം പൂത്ത പാതയിലൊന്നായിടാം


പീത സായന്തനങ്ങളിൽ പറുദീസ തീർക്കുമാത്മ രാഗം

ഹൃദ്യ മേളങ്ങളിൽ പെരുമ്പറ കൊട്ടും നിൻ ശ്വാസതാളം

പുലർ വേളയിൽ പൂത്തുമ്പിയായെന്നെ ചുറ്റുന്ന ദേഹം

പൂത്തു നിൽക്കട്ടെയായിരം താരകങ്ങളായ് ഇനിയുള്ള കാലം









2022, ഡിസംബർ 7, ബുധനാഴ്‌ച

എഫ്രായിമും മൻശ്ശെയും പോലെ

 


വിലാസമെരിച്ചു ചേർക്കാതെ പോയ

ജീവകോശങ്ങളിലേക്ക് ഗന്ധകമിറ്റിക്കുക

വിപ്ലവം മാത്രം രുചിച്ച് മരിച്ചവരിലേക്ക്

മുന്തിരിച്ചെടിയുടെ വേടായിറങ്ങിച്ചെല്ലുക

അനാഥ ബാല്യങ്ങളെ ഉറക്കിക്കിടത്തി

അനർഹമായ അപ്പം മറിച്ച് വിറ്റവനു

ജഡസ്വഭാവവും നിത്യദണ്ഡനവുമേകുക


പ്രിയതേ, പൂഴ്ത്തിവെപ്പിന്റെ ഓരോ കിളയിലും

ചാട്ടവാറിന്റെ ശീൽക്കാരം ഓർമ്മപ്പെടുത്തുക 

കവിത കെട്ടുന്ന കറുത്ത പകലിലെങ്കിലും

വാക്കുകൾക്കധികാരവും അംശവടിയും തരിക

ഒരേ തോല്പാത്രത്തിൽ തന്നെയെനിക്കളക്കുമെന്നും

അതേ വെള്ളിക്കോലാൽ എനിക്ക് തരുമെന്നും

എന്റെ ബോധത്തിലേക്ക് ഉരുക്കിയൊഴിക്കുക


ധൂർത്തപുത്രന്റെ ഗർവ്വിഷ്ഠ കിരീടത്തിനും കോപ്പിനും

മദോന്മത്ത കുലത്തിന്റെ അഹന്തയ്ക്കുമാർപ്പിനും

ഒരു വെള്ളിടിയായ് നീ നിഗ്രഹിക്കാനുണ്ടെന്ന്

എഫ്രായിമുകാരോടെന്ന പോലെ എക്കാലത്തോടും

നീ താക്കീതായിരിക്കുക,തല മുണ്ഡനം ചെയ്തയക്കുക


കാട്ടാടിനെ വറുത്തതും യവം പാലൊഴിച്ചതും തേനും

കിട്ടാവുന്ന ഫലമൊക്കെയും ചേർത്തുണ്ടവനെ വീണ്ടും

തന്റെ കൊത്തളത്തിലേക്കാനയിച്ച് സത്കരിക്കയും

പുളിക്കാത്ത അപ്പവും മുന്തിരിനീരും കൊതിച്ചവനെ

തീൻമേശയിൽ നിന്നാട്ടിയോടിക്കയും ചെയ്കയാൽ

നീ നരകപ്രവേശം നേടുകയെന്ന് അരുളിച്ചെയ്ക

ചുടുവാനുള്ളത് ചുടുകയും പാകം ചെയ്യാനുള്ളതാക്കയും

ശേഷിക്കുന്നത് ശബ്ബത്തിലേക്ക് ശേഖരിക്കയുമാക

എന്തെന്നാൽ, സൂചിക്കുഴയിലെ ഒട്ടകത്തേക്കാൾ

അവർക്കുമുന്നിൽ ഉപമയേതുമില്ലെന്നുണർത്തുക

0000000000000000000000000000000000000000000


 

 





കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...