2022, ഡിസംബർ 13, ചൊവ്വാഴ്ച

രക്ത താരകം പൂത്ത് നിൽക്കുന്നു



ഇനിയുമീ പുഴ പൂക്കുമെൻ സഖാവേ

വീണ്ടുമീ വാക ചോക്കും, തണൽ പരക്കും

ഇനിയുമീ പ്രാണൻ തുടികൊട്ടി പാടുമെൻ പ്രിയനേ

ഈങ്ക്വിലാബിന്റെ ഈണം തുടിക്കും, സിരകൾ ത്രസിക്കും


ചാരം പൊതിഞ്ഞെൻ കനൽക്കട്ട കിടക്കുകിൽ

ചാരെ നീയില്ലെന്ന് കരളിൽ വ്യഥ തീർക്കുകിൽ

പ്രണയം നിന്നോട് മാത്രമായ് പോവുകിൽ

അവനിയിൽ മറ്റാരുയിർക്കുമീ രക്ത പതാകയേന്തുവാൻ


ആർദ്ര സംഗീത ധാരയൊഴുകുന്ന പോൽ

ആത്മ സാരാംശ ഗാഥയുണരുന്ന പോൽ

അരികിൽ നീ പൂവാകയായ് പൂത്ത നാളൊക്കെയും

അത്രമേൽ വസന്തമായിരുന്നെന്നിൽ പ്രിയ തോഴാ


രക്ത താരകം ഉദിച്ചുയർന്നൊരു 

ശുഭ്ര പതാകയും കയ്യിലേന്തി നീ

വീര്യം നുരച്ച് വിപ്ലവം കൊറിച്ച് 

വീഥിതോറുമലയവേ സഖാവേ

പെണ്ണായ്പ്പിറന്നവളെന്നെന്നെ 

വീട്,നാടൊക്കെയും പഴിക്കവേ

ഭീതിയായിരുന്നു കൂടെയിറങ്ങുവാൻ


ഇന്നീ പീത സായന്തനത്തിൻ തുടിപ്പൊക്കെയും കെട്ട്

പോക്കു വെയിൽ തന്ന കാന്തിയാകെയും കരിഞ്ഞ്

നീയിത്ര ഘോരം, കാറി വിളിച്ച തൊണ്ടയും തീ തിന്ന്

കൂനിക്കൂടിക്കാർക്കിച്ച് തുപ്പിയൊരു മൂലയിലൊതുങ്ങവേ

കൈ നീട്ടിപ്പിടിക്കുന്നു ഞാനെന്റെ സ്നേഹിതാ പരവശം

വരിക, ഇനിയുമുണ്ട് വസന്തമായിരം നമ്മിൽ പൂക്കുവാൻ

കവിതയുണ്ട്, കാർമുകിലുണ്ട്, കീഴാളമുദ്രകൊണ്ടോരുണ്ട്

അരികുവത്കരിക്കപ്പെട്ടവർ, ആശ്രയമറ്റവരഗതികൾ

നാളെയും നം ചെങ്കൊടി പാറിപ്പറക്കണം, നേരു കാക്കണം

മുന്നിൽ നിന്ന് നമ്മളേ നയിക്കണം, ജയിക്കണം പിന്നെയും

ചുറ്റികയരിവാൾ നക്ഷത്രം ചുറ്റുമൊരുകോടി ചാരു വക്ത്രം

ചുറ്റിത്തിരിയുന്നതു കണ്ടേ കണ്ണടയണം, കൂടെ നീയുണ്ടാവണം

കൂട്ടിനുണ്ടാവണം, ഒരേ കുഴിയിലുറങ്ങണം, നന്നായ് കുതിരണം

പിന്നെ, നമ്മിൽനിന്നുയിർക്കണം നന്മ കായ്ക്കുമായിരം പൂമരം

=====================================================








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...