2013, ജൂലൈ 25, വ്യാഴാഴ്‌ച

പ്രതിഷേധ വാക്കുകൾ


ദുരിതവേഗങ്ങൾക്കു ശേഷമൊരു
കനകമേഘം മഴയായ് പെയ്യുന്നതല്ല സ്വപ്നം
വിശന്നു, മഞ്ഞച്ച നീരുകക്കിയൊടുക്കം
വിഭവങ്ങളായിരം വിളമ്പുന്നതല്ല സ്നേഹം
നോവുന്ന കരളിനു മുകളിലായ് നീ തേച്ച
നഞ്ഞിന്റെ കണക്കു കാക്കുന്നതല്ല പ്രണയം
കിട്ടാതെ പോയ സൗഭാഗ്യങ്ങൾക്കു പിന്നേ
കൈകൊട്ടി വിളിക്കുന്ന സുഖങ്ങളിലല്ല ജീവിതം
ഒന്നുമൊന്നുമല്ലെന്നറികിലും ഞാനെന്റെ
ഒന്നുമില്ലായ്മയിലെന്നു നേരുകാണും
കണ്ടു കൊതി തീരാത്തൊരാ കാനനക്കാഴ്ച്ചകൾ
കത്തിച്ചു പകരം മരുഭൂ വിതച്ചതോ നേട്ടം
വാനവും ഭൂമിയും നിഷേധിച്ചൊടുക്കമെൻ
വൈകൃത സ്വപ്നങ്ങൾതൻ ഭാണ്ഡമൊടുക്കുവാൻ
വേവുന്നൊരിത്തിരി മണ്ണും തടുത്തതോ ന്യായം
പൂതി തീരെ കണ്ടുകിടക്കാനൊരു നിലാരാത്രി
പകൽ തീരുവോളം നോക്കിനിൽക്കാനൊരു പെരുമഴ
പതിയെയൊഴുകുന്ന പുഴയിലൊരു  പരൽമീൻ തേട്ടം
നഷ്ടപ്പെടുത്തിയെല്ലാമെങ്കിലുമൊടുക്കായ്കയെന്റെ
നശിച്ചടങ്ങിയിട്ടില്ലാത്ത മധുരതരമോർമ്മകളെങ്കിലും
ഇനി ഞാനീ മാത്രകളെല്ലാം കടന്നൊരു രാത്രികൂടി
ഇത്ര ബോധത്തോടെ ഇവ്വുലകി
ലവശേഷിക്കുമെങ്കിൽ
ഇട്ടേച്ചുപോകുവാൻ ബാക്കിയീ പ്രതിഷേധ വാക്കുകൾ മാത്രം

000000000000000000000000000000000000000000000

2013, ജൂലൈ 9, ചൊവ്വാഴ്ച

എനിക്കു പറയുവാനുള്ളത്


എനിക്കും നിനക്കുമിടയിലുള്ള മൗനത്തിനുള്ളിൽ
തിളയ്ക്കുന്നതൊരു അഗ്നിപർവ്വതമാണു
ഒരുനിമിഷത്തെയെന്റെ അവിവേകം കൊയ്തത്
ആയുസ്സുമൊത്തം നീ കാത്ത വിശ്വാസപ്പാടമാണു
വിവസ്ത്രമാക്കപ്പെടുന്ന പുലർവേളകൾ
ചുമലിൽ കെട്ടിവെയ്ക്കുന്നതൊരു തീരാക്കളങ്കമാണു
ഇനിയെന്റെ നരകം നക്കിത്തുടയ്ക്കാതെ ഭദ്രം
നിന്റെ ജാലകം കൊട്ടിയടയ്ക്കുക
ഇനിയൊരു ദുരന്തം പടികയറാത്തവണ്ണം
മനസ്സിലൊരു സാക്ഷ മുറുക്കിയിടുക
കയ്പുരസങ്ങളും കവിതാശകലങ്ങളും ചവച്ച്
നാൽക്കവലയിലൊരു കറുത്ത സന്ധ്യയിൽ
വീണ്ടുമൊരുനാൾ നീയെന്നെ കണ്ടെടുക്കും
അന്നെന്റെ ഭാണ്ഡത്തിലൊരുപിടിയവലിനു പകരം
കാലം ബാക്കിവെച്ച ഒരുകെട്ടു കുറിമാനങ്ങളും
മഷിവറ്റിയൊടുങ്ങിയിട്ടില്ലാത്തൊരു തൂലികയും
കീറിപ്പറിഞ്ഞയെന്റെ സ്വപ്നങ്ങളും നിറഞ്ഞു കാണും
വെറുപ്പിന്റെ മുൾപ്പടർപ്പുകൾ നിറഞ്ഞു  പൂക്കുകയും
അസഹിഷ്ണുതയുടെ കായ്കൾ വിളയുകയും ചെയ്യുമ്പോൾ
ജീവിതം നരകയറുന്നത് ഞാനറിയുന്നു
മനസ്സും മസ്തിഷ്കവും മരവിച്ചൊടുക്കം
ഭാഷയും വാക്കും ഒരു ചെറു കാവ്യശകലം പോലും
കടന്നു വരാതെന്റെ നെഞ്ചകം നുറുങ്ങും മുമ്പേ
എനിക്കു പറയുവാനുള്ളത് കുറിക്കുവാനുള്ളതൊക്കെയും
നിനക്കായ് ഞാനെന്റെയേട്ടിൽ ശക്തം തുന്നിച്ചേർത്തിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ജൂലൈ 4, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം


ശിശിരം ഒരു ചെറുകണം പോലും
അരിച്ചിറങ്ങാനരുതാത്ത വിധം
എന്റെ ജാലകമടച്ചതെന്തു നീ
മേഘക്കീറുകൾ ഗ്രാമക്കാഴ്ച്ച തേടുന്ന
ഇടവഴികളിൽ പോലുമതിനൂതനം
വിദ്യുത് നയനമൊളിപ്പിച്ച് ക്രൂരം
എന്റെ സ്വകാര്യ നിമിഷങ്ങൾ
കരിച്ചുകളഞ്ഞതെന്തു നീ
എന്റെ വിചാരങ്ങളൊപ്പിയെടുക്കാൻ
കോശം വിഭചിച്ചൊരു മൂന്നാം കണ്ണു
സ്വപ്നങ്ങൾക്കിടയിൽ ദ്രുതഗതിയിലൊരു
ആഗോള കച്ചവട വിളംബരം
എന്റെ ചുമലുതീറെടുത്ത് പതിച്ചൊരു
അർത്ഥരഹിത പരസ്യ വാചകം
സഞ്ചാര പഥങ്ങൾക്കുമേൽ
സദാചാരപ്പടയുടെ സ്ഥിരവീക്ഷണം
എന്റെ വാക്കുകളുടെ പ്രായോജകരും
വികാരങ്ങളുടെ കരാറുകാരും
നിന്റെ ചൊൽപ്പടിയിലെ ഭ്രമണങ്ങൾ
ഇനിയൊന്നു ചിരിക്കാനുറക്കെക്കരയാൻ
ഒന്നു നന്നായൊരു മാത്ര പങ്കുവെയ്ക്കാൻ
ഒരു വാക്കു കുറിക്കാൻ നല്ലതൽപം കൊറിക്കാൻ
നീ വിലക്കി ഭദ്രം വിളക്കിവെച്ചയൊരു
ചങ്ങലക്കെട്ടറുത്ത് വീണ്ടുമൊരു
നല്ല സ്വാതന്ത്ര്യമൽപം നുകരാൻ
ഒരു തുടം സ്നേഹമൊരു മാത്ര മോഹം
ഒരു കഴഞ്ചെങ്കിലും വികാരം പകുത്തിടാൻ
ഇടവരും നൽ നാളുവരെ ഞാനെന്റെ
തൂലികത്തുമ്പാൽ പ്രതിഷേധിച്ചിടട്ടെ

00000000000000000000000000

2013, ജൂലൈ 1, തിങ്കളാഴ്‌ച

വെറുക്കപ്പെട്ടവൻ



വിദൂരങ്ങളിൽ വിരിയുന്ന അന്യപുഷ്പങ്ങളിൽ
വെറുതെയെങ്കിലും ഞാൻ വിറകൊള്ളുന്നില്ല
കൊഴിഞ്ഞ ഗ്രീഷ്മമോ വരാനിരിക്കുന്ന വസന്തമോ
അകംപുറമെന്നിലൊന്നും ചെറു മാറ്റം വരുത്തുന്നില്ല
അങ്ങ് അനന്തകോടിയിലൊരു വിളക്കുമാടത്തിൽ
രാജൻ പ്രജയുമൊത്ത് ഊർജ്ജം പകുത്തെടുത്തതോ
തെറ്റുചെയ്യാത്തവനു മുൾക്കിരീടം നൽകി വെറുതെ
കൊള്ളരുതാത്തവനെന്നു മുദ്രചാർത്തപ്പെട്ടതോ ഒന്നും
ഒന്നുമെന്നിലൊരു ഓളം ഉയർത്തപ്പെടുന്നില്ല
നിങ്ങൾ വെറുക്കപ്പെട്ടവനാക്കി സദ്യ നിരസിക്കുമ്പോഴും
ചാവടിയന്തിരത്തിനും തിരണ്ടുകുളിക്കും കാതുകുത്തിനും
പടിയടച്ചെന്നെ നായപോൽ ആട്ടിയോടിക്കുമ്പൊഴും
ഞാൻ ഒരു വരയിൽ ഒരു വിധിയിലൊരു ന്യായാസനത്തിൽ
എന്റെ നാളുകൾ കുറിച്ചിടപ്പെട്ടതിൽ കൺപാർത്തിരിക്കുന്നു
എന്റെ രക്തവും നീരും ചിന്തകളൊക്കെയും വെറുത്തൊടുവിൽ
നികൃഷ്ടനെന്നെന്നെ നിങ്ങൾ തെരുവിൽ നിന്നകറ്റുന്ന നേരവും
ഞാനെന്റെ എഴുത്തുകോലിന്റെ ചലനം മാത്രം കിനാകാണുന്നു
അതിലെന്റെ കരുത്തും പ്രതികരണവും പ്രതിഷേധവുമെല്ലാം
ആർക്കും തീറെഴുതാതെ ഞാനെന്റെ സത്വമായ് മാർഗ്ഗമായ്
വരും ജനതയ്ക്കൊരു നിദർശകമായ് ബാക്കിവെയ്ക്കുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...