2013, ജൂലൈ 9, ചൊവ്വാഴ്ച

എനിക്കു പറയുവാനുള്ളത്


എനിക്കും നിനക്കുമിടയിലുള്ള മൗനത്തിനുള്ളിൽ
തിളയ്ക്കുന്നതൊരു അഗ്നിപർവ്വതമാണു
ഒരുനിമിഷത്തെയെന്റെ അവിവേകം കൊയ്തത്
ആയുസ്സുമൊത്തം നീ കാത്ത വിശ്വാസപ്പാടമാണു
വിവസ്ത്രമാക്കപ്പെടുന്ന പുലർവേളകൾ
ചുമലിൽ കെട്ടിവെയ്ക്കുന്നതൊരു തീരാക്കളങ്കമാണു
ഇനിയെന്റെ നരകം നക്കിത്തുടയ്ക്കാതെ ഭദ്രം
നിന്റെ ജാലകം കൊട്ടിയടയ്ക്കുക
ഇനിയൊരു ദുരന്തം പടികയറാത്തവണ്ണം
മനസ്സിലൊരു സാക്ഷ മുറുക്കിയിടുക
കയ്പുരസങ്ങളും കവിതാശകലങ്ങളും ചവച്ച്
നാൽക്കവലയിലൊരു കറുത്ത സന്ധ്യയിൽ
വീണ്ടുമൊരുനാൾ നീയെന്നെ കണ്ടെടുക്കും
അന്നെന്റെ ഭാണ്ഡത്തിലൊരുപിടിയവലിനു പകരം
കാലം ബാക്കിവെച്ച ഒരുകെട്ടു കുറിമാനങ്ങളും
മഷിവറ്റിയൊടുങ്ങിയിട്ടില്ലാത്തൊരു തൂലികയും
കീറിപ്പറിഞ്ഞയെന്റെ സ്വപ്നങ്ങളും നിറഞ്ഞു കാണും
വെറുപ്പിന്റെ മുൾപ്പടർപ്പുകൾ നിറഞ്ഞു  പൂക്കുകയും
അസഹിഷ്ണുതയുടെ കായ്കൾ വിളയുകയും ചെയ്യുമ്പോൾ
ജീവിതം നരകയറുന്നത് ഞാനറിയുന്നു
മനസ്സും മസ്തിഷ്കവും മരവിച്ചൊടുക്കം
ഭാഷയും വാക്കും ഒരു ചെറു കാവ്യശകലം പോലും
കടന്നു വരാതെന്റെ നെഞ്ചകം നുറുങ്ങും മുമ്പേ
എനിക്കു പറയുവാനുള്ളത് കുറിക്കുവാനുള്ളതൊക്കെയും
നിനക്കായ് ഞാനെന്റെയേട്ടിൽ ശക്തം തുന്നിച്ചേർത്തിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .

പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌ വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ...