2019, ഫെബ്രുവരി 24, ഞായറാഴ്‌ച

രക്തസാക്ഷിയുടെ അഞ്ച് അവകാശികൾ



നേർപ്പെങ്ങൾ
==========
ചക്രവാളത്തിന്നുമപ്പുറം; നേർത്ത, 
തിരശ്ശീല മറയ്ക്കുന്ന കാഴ്ചയിൽ
ചോരവാർന്ന് കിടന്ന നിൻ യൗവ്വനം
തേച്ച് മായ്പ്പതെങ്ങനെ,യെൻ സോദരാ ?

നല്ല പ്രണയിനി
=============
തെരുവു നായ്ക്കൾ നുറുക്കിയ നിന്നുടലിൽ
ചിന്നിത്തെറിച്ച മസ്തിഷ്കമൊരുകോണിൽ
തിളങ്ങിത്താരകമായൊളി പൂണ്ടു ഞാൻ
ചിരകാലം പൂത്തതല്ലയോ സ്നേഹിതാ ?

നൊന്തു പെറ്റവൾ
============
ചുട്ടു വെണ്ണീറായ് തീപ്പെട്ട് പോവാതെ
തെറ്റായിരുന്നവനെങ്കിലെൻ പുത്രനെ
ചലനം മറുത്ത്, കൈകാൽ കൊത്തിയെങ്കിലും
തന്നിരുന്നെങ്കിൽ പോറ്റുമായിരുന്നില്ലെ ഞാൻ ?

നന്മമരമച്ഛൻ
==========
തൊട്ട് വണങ്ങി ഞാനേന്തിയ രക്തപങ്കില പതാക
ചീന്തിയെറിഞ്ഞവൻ ഉപ്പുകുറുക്കവേ,യറിഞ്ഞീല
തോറ്റംപാട്ട് പാടിയൊരുകൂട്ടം നോമ്പെടുത്തിരിപ്പത്
ചിന്തുവാനന്തിക്കവന്റെ ചോരയുമെന്റെ സ്വപ്നവും 
തംബുരുമീട്ടില്ലിനിയൊരുനാളുമീ താതന്റെ നെഞ്ചകം

നാട്ടുകൂട്ടം
======
ചക്കരയെന്നുടൽ പകുത്തുരുവായ പെങ്ങളെ
തൊട്ടുരുമ്മിക്കനവു കൊത്താൻ കൊതിച്ച പെണ്ണിനെ
ചുംബിച്ചു മതിവരാതുറക്കിയ തായവളെ, പെറ്റ വയറിനെ
തേൻ വരിക്ക പോൽ, പുറം പരുക്കനായ താതനെ, ജീവിതം
ചുടുകാട്ടിലാക്കുവാനായെന്തിനു ചാവേറായി വെറുതെ നീ ?
0000000000000000000000000000000000000000000




2019, ഫെബ്രുവരി 17, ഞായറാഴ്‌ച

വെട്ടിയെടുത്ത ചൂണ്ടുവിരൽ പറയാതെ പോയത്



ഞാനുറങ്ങിയ മൂന്നാം പക്കമെങ്കിലും
നിന്റെ നാവ്‌ പൂക്കണം
അഗ്നിഗോപുരം വിരിഞ്ഞ
ഹിമശൈല ദേശങ്ങളിൽ
നാളെയൊരു നദിയൊഴുകണം

ചെന്നായ്ക്കൾ തുറന്നുവിട്ട
വെറുപ്പിന്റെ കഴുകനാണു
നിവേദ്യം കൊത്തുന്നതെന്ന്‌
ചൂണ്ടാണി കറുക്കും മുൻ
ചോരമുക്കി നീ കുറിക്കണം

വായ്ക്കരി, ഉഴക്കെണ്ണ കട്ട
പാപമൊഴുക്കാൻ മാത്രം
പുഴയൊക്കെയും കരിച്ച,അധമ 
പ്രജാപതിയെ സൂക്ഷിക്കണം

കണ്ണിമയടയാതെ,കനവ്‌ കാണാതെ
കാലമൊട്ടുക്ക്‌ നാടിൻ കൊടിക്കൂറകാത്ത
പോരാളിയൊന്നിനെ, കേവലം രാജന്റെ
സൂര്യകളങ്കം ഊരുകൂട്ടം മറക്കുവാനായ്‌
ബലികൊടുക്കുന്ന,നീച തന്ത്രം ജയിക്കും
എങ്കിലുമെന്റെ ചോരക്കറ മായാതിരിക്കും

പൊട്ടിച്ചിതറിപ്പരലോകം
പുല്കുവതിലൊട്ടും പേടിയില്ലീശനേ
എങ്കിലും, പൊട്ടക്കരമൊന്നുയർന്നു നില്‍ക്കാന്‍
ഇട്ട തിട്ടം തീണ്ടിയൊടുങ്ങുവതേ കഷ്ടമല്ലയോ
000000000000000000000000000000

2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

കവിയോട്. . .



ഋതുഭേദങ്ങളുടെ
ആകത്തുകകളിൽ നീയെന്നും
വസന്തമായ്ത്തന്നെയിരിക്ക
സ്വപ്നാധിക്യങ്ങളുടെ
പെരുവെള്ളപ്പാച്ചിലിൽ
നീ അടർന്ന് പോകാതെ കാക്കുക
ഒടുക്കത്തെക്കടലും
തീപിടിച്ചെരിയുന്ന കാലവും
ഹിമം പടർന്ന കവിതകളെ
പവിഴപ്പുറ്റുകളിൽ അടവച്ചീടുക

ഇരുളിന്റെ ഓരോ തന്തുവിലും
രതി വിളയുന്ന ആഭാസത്തെരുവുകളിൽ
പ്രണയ പാരവശ്യം അത്രമേൽ
പവിത്രമായിരുന്നുവെന്ന് ഉറപ്പിക്കുക
പാതിരാവൊക്കെയും
സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന പുരോഹിതനു
നട്ടുച്ചനേരത്തു പോലും
വാതായനം തുറക്കാതിരിക്കുക
പച്ചമണ്ണിന്റെ മണമറിഞ്ഞ്
കല്ലുരുക്കി,കറ്റാർവാഴ, കാട്ടുതുളസിയെന്ന്
നാട്ടുപച്ച കാക്കുന്ന കുങ്കനു
നീ കാവലാളാവുക
ശുഭ്രം പൊതിഞ്ഞ്, വിയർക്കാതെ
നരകം കെട്ടിയേല്പിക്കുന്ന തങ്ങളെ
കവിതകളിലൊക്കെയും നീ
ഭത്സിച്ച് കൊണ്ടിരിക്ക,തീയാവുക
0000000000000000000000000



2019, ഫെബ്രുവരി 2, ശനിയാഴ്‌ച

പ്രകടന പത്രിക



ഉദയ സൂര്യനെയൊക്കെയും
നിനക്കായ് നല്കിടാം
നട്ടുച്ചയ്ക്ക് പച്ചയായെരിച്ചത്
പാടേ മറന്നീടുക

വിളയുന്നതൊക്കെയും
പൊൻപണം തന്ന് വാങ്ങിടാം
വായ്ക്കരി പോലും നല്കാതെ
തെക്കൊട്ടെടുത്തതോർക്കായ്ക

സ്വതന്ത്രമായ് തൊഴുതീടുക
ശംഖനാദം മുഴക്കീടുക, തൊപ്പിയിടുക
കൂദാശയിലൊരിക്കലും കൈകടത്തില്ല
ശൂലമുനയിലൊരു ഭ്രൂണം കൊരുത്തത്
സ്വപ്നത്തിലെങ്കിലും തിരിച്ചറിയാതിരിക്ക


മടിശ്ശീലയെന്നും നിറഞ്ഞേ കാത്തിടാം
വേണ്ടുവത് വാങ്ങുകയുണ്ണുക, ഭ്രമിക്കുക
വെറും വാക്കായ് പറഞ്ഞ് മോഹിപ്പിച്ച
ചക്രമെവിടെയെന്ന് തിരിഞ്ഞ് നോക്കായ്ക

ആർത്ത നാദങ്ങൾ, അവിശുദ്ധ ബാന്ധവം
കൂർത്ത കല്ലുകൾ, കുന്തമുനകൾ
ഒന്നുമലട്ടാതെ നിൻ ചൂണ്ടുവിരൽ തരിക
തീറെഴുതട്ടെ ഞാൻ സംസ്കൃതിയൊക്കെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxx





2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

മതനിയമങ്ങൾ മദപ്പാട് തീർക്കുന്നു



അബലയെ സ്നേഹിച്ചുവെന്ന
ഒറ്റക്കാരണത്താൽ, നിന്റെ
വിശുദ്ധ നഗരമെനിക്ക്
വിലക്കപ്പെട്ടതാക്കാതിരിക്ക

പൗരോഹിത്യ കനലുകളിൽ
വെന്തെരിഞ്ഞവൾക്കു മേൽ
അനുതാപം പെയ്തിറങ്ങി,യാകയാൽ
നിന്റെ വേദങ്ങളിൽ നിന്നെന്നെ
ആട്ടിയിറക്കാതിരിക്കുക

ആർത്തവകാരിക്ക്, കൂദാശയപ്പവും
ചാവുകിളിക്ക് അൽത്താരയടുപ്പവും
നിഷേധിക്കായ്കയെന്നോതവേ
നിന്റെ ദിവ്യബലിയിൽ നിന്നെന്നെ
കല്ലെറിഞ്ഞകറ്റായ്ക, വെറുക്കായ്ക

അതൊന്നുമല്ലെന്നറിയാം
കുറ്റമെന്നിലേക്ക് കെട്ടിവച്ചവ

അക്ഷരം കൂട്ടിവായിക്കാനരുതാത്തവനു
അക്കൽദാമൻ ഫെല്ലോഷിപ്പും
നാക്കു വളയാതെ നാലു വാക്കും
തൊണ്ട വരളാതെ തോറ്റം പാട്ടും
ചൊല്ലാനറിയാത്തവനു കവിപ്പട്ടവും
കനിഞ്ഞരുളുന്ന നിന്റെ കൊത്തളങ്ങളിൽ
കാലമൊക്കെയും കവിതകെട്ടുന്നു ഞാനാകയാൽ
സ്വർഗ്ഗരാജ്യം എന്നിലേക്ക് വരാതെ കാക്കുക
00000000000000000000000


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...