2017, ഏപ്രിൽ 29, ശനിയാഴ്‌ച

അടർന്നു വീഴുന്ന വാക്കുകൾഒന്നും ബാക്കിവയ്ക്കുന്നില്ല
ആദ്യമായ് ചുണ്ട് നനച്ചയമ്മിഞ്ഞ
മൂർദ്ധാവിലമർത്തിക്കിട്ടിയ പൊന്നുമ്മ
തിരിച്ചെടുക്കാനാവാത്തത്ര മങ്ങിയിരിക്കുന്നു
ആമാശയാമ്ലമെരിച്ചിലടങ്ങാനൊന്ന് മാത്രം
ആർത്തിയോടെ കോരിക്കുടിച്ച കനൽക്കഞ്ഞി
പങ്കിട്ടെടുത്ത സാഹോദര്യപ്പകലുകൾ തീ രാവുകൾ
പടിയടച്ചന്യമായെവിടെയോ പരന്നിറങ്ങിയിരിക്കുന്നു
പ്രണയമെന്ന് തിരിച്ചെഴുതാനാവില്ലയെങ്കിലുമന്ന്
പലവുരു ഉരുവിട്ട പവിത്രമാം സ്നേഹസ്വനം 
കാവുകുളക്കരയിലൊന്നൊളിച്ച് കാണാൻ പോലും
ബാക്കിയൊരിലക്കീറിൽ മിച്ചമാവാതെ പോവുന്നു
പാണിഗ്രഹം പകലൊഴിഞ്ഞൊരു സന്ധ്യയിൽ നിന്ന്
പാട്പോലും തിരിച്ചെടുക്കാനാവാത്ത ഒരു പൊട്ടാവുന്നു
അക്ഷരമുറച്ച ആദ്യനാൾ തൊട്ടിന്നീ നരച്ച പകൽ വരെ
ആയിരം പത്തി വിടർത്തിയാടിയ കവിതകളൊക്കെയും
ഖണ്ഡികയിൽ നിന്ന് വാക്കുകളടർന്നനാഥമായൊഴുകുന്നു
ബാക്കിയാകുന്നില്ലയൊന്നും, ഒന്നുമീ ഞാനുമെൻ പാഴ്വാക്കും
ഒരിലയടർന്ന് പോകുമത്ര ലാഘവമെന്റെ ശ്വാസം നിലച്ചിടും
പകരം പതിരൊട്ടുമേശാത്തൊരാൾ വരും പകലന്തിയോളം പാടിടും
അതിലൊന്നെങ്കിലും അടിയന്റെ കവിതയാകുകിൽ, മതി സുകൃതമീ ജന്മം

2017, ഏപ്രിൽ 23, ഞായറാഴ്‌ച

വെറുക്കപ്പെട്ടവന്റെ വേദപുസ്തകം

നിഷേധിക്കപ്പെട്ടവന്റെ 
നീതി ശാസ്ത്രത്തെക്കുറിച്ച്
വെറും വാക്ക് കൊണ്ട് നീ
വാചാലനാവരുത്
വിശന്ന് അമ്ലം കക്കി
ആമാശയ,മഗ്നി കൂടൊരുക്കവേ
വിസർജ്ജ്യമെന്നോ വിഷമെന്നോ
മൂന്നാവർത്തി വിചിന്തനം നടത്താറില്ല
ഉദയത്തിനൊരു മാത്ര മുമ്പ് തൊട്ട്
അസ്തമിച്ചൊടുങ്ങും വരെ വെയിൽ കുടിച്ച്
പാതിരാവിലന്നത്തിനന്യനെ തൊഴേണ്ടി വന്നവൻ
വാളെടുത്തൊരുനാൾ ഉറഞ്ഞു തുള്ളവേ
വർഗ്ഗ ബോധം, മതവികാരം, വിശുദ്ധ യുദ്ധം
കാര്യകാരണങ്ങളിൽ നീ പുരോഹിതനാവരുത്
ഇന്ദ്രിയങ്ങളൊക്കെയും ദാഹം പെരുത്ത്
ചെറു ഗന്ധം പോലും വിലക്കപ്പെട്ടവനെ
പൊക്കിൾച്ചുഴിയും താമരയിതളും കാട്ടി 
തരളിതനാക്കിയൊടുക്കം നരകപാതയും
നെറികെട്ട വാഴ്വും പറഞ്ഞ് ഊരു വിലക്കരുത്
വേദങ്ങൾക്കെല്ലാമപ്പുറം, കാലമൊക്കെയും 
വെറുക്കപ്പെട്ടവനു മാത്രമായ് പുതിതായൊരു
വിശുദ്ധ വേദമുയർന്ന് വരുമതുവരേക്കും ഞാൻ
വേദനയിലൊട്ട് കവിത ചാലിച്ച് നസ്യം ചെയ്യട്ടെ
0000000000000000000000000000000000000000

2017, ഏപ്രിൽ 19, ബുധനാഴ്‌ച

‘ക’ കാരത്തിനപ്പുറം കിറുക്ക്


കരളിലെച്ചോപ്പിനകത്ത് പൊതിഞ്ഞൊരു
കനകമായ് കാത്തുവെച്ച കിനാക്കളെ
കതിരിടാൻ പോലുമൊരുമാത്ര നൽകാതെ
കരിയിച്ചു കളഞ്ഞവൻ നാഥനെങ്കിൽ
കടലിലാഴ്ത്തുക കാലമൊരിക്കലുമുയരാതെ


കാശുള്ളവൻ കയ്യൂക്കുള്ളവൻ കരളുറച്ചോൻ
കരകേറുവാൻ യോഗ്യനവൻ മാത്രമെങ്കിൽ
കീഴ്ജാതിയെ കറുത്തവനെ കരയുന്നവനെ
കൈകൊണ്ട് വാർത്തവൻ മൂർത്തിയെങ്കിൽ
കെട്ടിയിട്ടടിക്കണം കൊട്ടുവടികൊണ്ട് നിത്യവുംകൊട്ടിപ്പാടിയാർത്ത് വിളിച്ചാലേ
കണ്ണുപൊട്ടനീശൻ കണ്ടറിയുവെങ്കിൽ
കാലണയ്ക്കുതവാത്ത മതവും പാതിരിയും
കൊണ്ടുപോയിത്തള്ളണമൊക്കെയും
കതിനപൊട്ടിയാലറിയാത്ത കാടിനപ്പുറംകുറിക്കില്ല കരുത്തറ്റ പദമിനിയൊരിക്കലും
കവിതയിൽപ്പോലുമുണ്ട് മതവും ജാതിയും
കരകടത്തിയൊടുക്കുമായിരിക്കും തമ്പുരാൻ
ക കാരം കൊണ്ടിങ്ങനെയൊരു വികൃതംകോറവേ
കിറുക്കനെന്നറിയുക,പൊറുക്കുക ആവർത്തിക്കയില്ല

ooooooooooooooooooooooooooooooooooooooo

2017, ഏപ്രിൽ 15, ശനിയാഴ്‌ച

ഉദാത്തസ്മാരകംഇവിടെയിവിടെയാണവൾ, ആഷിതാ
എന്റെ ഹൃദയം കൊരുത്തവൾ
എന്നിൽ കരുണ പൂത്തവൾ
മർത്യായുസ്സിലൊരുവട്ടം, ഒരു വട്ടം മാത്രം
സ്വർഗ്ഗ വാതായനം തുറന്ന് കാട്ടിയോൾ
വെറുപ്പിന്റെ അമ്ലത്തിലെന്നെയൂറയ്ക്കിട്ട്
പകയുടെ കൊട്ടുവടികൊണ്ടൂരെല്ലാമടിക്കവേ
സഹതപിച്ചെന്നെ നോക്കിയോൾ
അന്നമെടുത്തെന്റെ വായിൽ തന്നവൾ
അമ്മിഞ്ഞയൂട്ടിയോൾ, തേനായ് കിനിഞ്ഞവൾ
ഒരു അഗ്നിസാക്ഷിയിലൊരുതാലിച്ചരടിൽ
ശാന്തിക്കാരനുരുക്കിച്ചേർത്തതല്ല,മറിച്ച്
നിർവ്വചിക്കാനാവാത്ത ബന്ധത്തിലെന്നെ
ബന്ധനം ചെയ്ത് കാത്തവൾ നീ
നിന്നെ പഴിപാടി ഊരു വിലക്കിയാട്ടുമെന്നല്ല
എന്റെ ശിരസ്സൊന്ന് താഴരുതെന്ന്
ഒരുതുണ്ട് കയറിൽ ശാന്തിപർവ്വമേറിയോൾ
നിനക്കായ് മനസ്സിനപ്പുറമൊരു സ്മാരകം
നിർമ്മിപ്പത് ശുദ്ധ ഭോഷ്കെന്നറിയുന്നു, പകരം
നിത്യസ്മാരകമായ് നിന്റെയീ കുഴിമാടമരുകിൽ
വീണൊടുങ്ങുന്നു, പിന്നെയൊരു നാട്ടുമാവായ്
പന്തലിച്ച്, തണലായ് കാലാതിവർത്തിയാവുന്നു
000000000000000000000000000000

പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...