2017, ഏപ്രിൽ 23, ഞായറാഴ്‌ച

വെറുക്കപ്പെട്ടവന്റെ വേദപുസ്തകം

നിഷേധിക്കപ്പെട്ടവന്റെ 
നീതി ശാസ്ത്രത്തെക്കുറിച്ച്
വെറും വാക്ക് കൊണ്ട് നീ
വാചാലനാവരുത്
വിശന്ന് അമ്ലം കക്കി
ആമാശയ,മഗ്നി കൂടൊരുക്കവേ
വിസർജ്ജ്യമെന്നോ വിഷമെന്നോ
മൂന്നാവർത്തി വിചിന്തനം നടത്താറില്ല
ഉദയത്തിനൊരു മാത്ര മുമ്പ് തൊട്ട്
അസ്തമിച്ചൊടുങ്ങും വരെ വെയിൽ കുടിച്ച്
പാതിരാവിലന്നത്തിനന്യനെ തൊഴേണ്ടി വന്നവൻ
വാളെടുത്തൊരുനാൾ ഉറഞ്ഞു തുള്ളവേ
വർഗ്ഗ ബോധം, മതവികാരം, വിശുദ്ധ യുദ്ധം
കാര്യകാരണങ്ങളിൽ നീ പുരോഹിതനാവരുത്
ഇന്ദ്രിയങ്ങളൊക്കെയും ദാഹം പെരുത്ത്
ചെറു ഗന്ധം പോലും വിലക്കപ്പെട്ടവനെ
പൊക്കിൾച്ചുഴിയും താമരയിതളും കാട്ടി 
തരളിതനാക്കിയൊടുക്കം നരകപാതയും
നെറികെട്ട വാഴ്വും പറഞ്ഞ് ഊരു വിലക്കരുത്
വേദങ്ങൾക്കെല്ലാമപ്പുറം, കാലമൊക്കെയും 
വെറുക്കപ്പെട്ടവനു മാത്രമായ് പുതിതായൊരു
വിശുദ്ധ വേദമുയർന്ന് വരുമതുവരേക്കും ഞാൻ
വേദനയിലൊട്ട് കവിത ചാലിച്ച് നസ്യം ചെയ്യട്ടെ
0000000000000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...