2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു നാടൻ പാട്ട്


ഏനുമെന്റെ കെട്ട്യോളും
ഈ അഞ്ചാറു കുട്ട്യോളും
ഏഴര വെളുക്കും മുന്നേ
പാടത്തിറങ്ങുന്നു തമ്പ്രാ



ഏനിങ്ങനെ കന്നിനെ പൂട്ടുമ്പം
എന്റോളു നിന്നു ഞാറു പറിക്കുമ്പം
ചേറിലു പായുണ മീനിനു പിന്നേ
പിള്ളേരങ്ങനെ പാഞ്ഞു നടക്കുമ്പം
ഊറിവരുമെൻ അന്നമതങ്ങനെ
ഈ പാടവരമ്പിൽ തമ്പ്രാ



വിദ്യയൊട്ടുമറിയില്ല തമ്പ്രാ
വേദമോതി ചീലല്ല തമ്പ്രാ
വെളുക്കനെ ചിരിച്ചു
വിലങ്ങനെ ചെയ്യുന്ന
വേദാന്തമേനു തെരിയില്ല തമ്പ്രാ



വിതയ്ക്കാതെ കൊയ്യാതെ
വേലയൊന്നും ചെയ്യാതെ
കളപ്പുര നിറയ്ക്കും നിങ്ങടെ
വേദപാഠമേനു വേണ്ട



കൂടെക്കിടക്കാൻ കൂലി കൊട്ക്കണ
കൂടെപ്പിറപ്പിനെയാട്ടിയിറക്ക്ണ
കാശുള്ളോൻ കാര്യക്കാരനാവുന്ന
കെടുകെട്ട നീതിയേനു വേണ്ട വേണ്ട



വിയർക്കാതെ കിതയ്ക്കാതെ
വെള്ളയെടുത്തണിഞ്ഞ് നിത്യം
പള്ളിമേട മേലെയേറി
ഞായം വിളമ്പ്ണ തമ്പ്രാ
സ്വർലോകമിന്നാരോടു കൂടെ
ഇനിയാരോട് കൂടെ തമ്പ്രാ
ആരോട് കൂടെ

0000000000

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

വെന്തു പോവുന്ന കവിത


സദാചാര ഭൂതഗണങ്ങൾ കുറിച്ചിട്ട
എന്റെ മാർഗ്ഗ വ്യതിയാന നാൾ വഴികളിൽ
ഭ്രമണപഥം നഷ്ടമായൊരു കുഞ്ഞുതിരയ്ക്ക്


ഒഴുക്ക് രോധിക്കപ്പെട്ട ചെറു ജലാശയത്തെ
അത്രമേലറിഞ്ഞാശിച്ച് പുൽകിയതേ പാപം
ഉപ്പുരസത്തിന്റെയോരോ കണങ്ങളും
നക്കിത്തുടച്ച് നെറുകയിൽ മുത്തവേ
പ്രണയമന്ത്രം തെല്ലുറക്കെയുരുവിട്ടതോ
തേവിടിശ്ശിയെന്ന മുദ്ര ചാർത്താൻ പ്രേരകം
ശംഖനാദം നടകവിഞ്ഞൊഴുകുന്ന വേളയിൽ
സന്ധ്യാദീപം കൊളുത്തുവാൻ മുതിരാതെ
ഒരു കുമ്പിൾ ജലമായെന്നെയുൾക്കൊണ്ടതേ
ഇരിക്കപ്പിണ്ഡം വെക്കാൻ കാര്യ കാരണം


പടിയടച്ച് പരിഹാസ ഗീതമോതി പുലയാട്ട് ചൊല്ലി
തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തിരുത്തി
തെരുവുകളൊക്കെയും എഴുന്നള്ളിക്കും നേരവും
അണയാതെ കാക്കുന്നു നീ നിന്റെ സ്വപ്നഹാസം


തൊണ്ണൂറു കാലം ഓഛാനിച്ച് കഴിയുന്നതിലും നല്ലതേ
ചെറുതൊരു മാത്രയെങ്കിലും മൂർഛയറിഞ്ഞു വീഴുന്നത്


ഇനിയെൻ ചിത കത്തി ഞാൻ കത്തിയൊടുങ്ങയിൽ
ഒരു തിരയായ് നീ വന്നെന്നെ പുണരുക, പുൽകുക
ഇനിയെന്റെ കവിതയൊരു ആശയമൊടുങ്ങി
ആശകെട്ടു വരണ്ടു വെന്തു വെണ്ണീരായ് പോകവേ
നല്ലീർപ്പമായ് നീയെന്നിൽ പെയ്ത് കനിയുക


00000000000000000000000

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഓർക്കാനരുതാത്ത ഓണം




ഓണമെന്നാൽ പ്രിയ സഖീയറിയുക
ഒതുക്കിക്കെട്ടിയൊരു മച്ചിലൊടുക്കിയ
ഓർമ്മകളുടെയൊരു തിരതള്ളിപ്പാച്ചിലത്
ഒരായുസ്സു മുഴുവനുണ്ട നെരുപ്പിന്റെ
ഒരിക്കലുമയവിറക്കാൻ കൊതിക്കാത്ത
ഒരു കെട്ടു കനലും കയ്പും നിറഞ്ഞൊരു
ഒറ്റപ്പെടലിൻ ഓർമ്മപ്പെരുനാളത്
ഒന്നു കരയാനൊരിറ്റു കണ്ണീരുതിർക്കാൻ
ഒഴുകുവാനോമനിക്കാൻ തഴുകുവാൻ
ഒന്നിനുമൊരവസരം നൽകാതെ
ഓടിച്ചുവിട്ടെന്നെയീ നഗരനരക ഭൂവിൽ
ഒന്നായ് പിറന്നു വളർന്ന വിശുദ്ധരെല്ലാം
ഓതിയൊരു വേദം പകുത്തു നൽ കാലം
ഓടയിലോവു ചാലിൽ കവലയിൽ
ഒതുങ്ങിയെൻ പാഠവും പഠിപ്പും പ്രണയവും
ഒട്ടിയ വയറും പൂരാടപ്പിഴവും കാലിന്റെ നാളും
ഓട്ടണക്കാരന്റെ മിച്ചമിന്നുമതു മാത്രം
ഒച്ചിന്റെ വേഗത്തിലെന്നായുസ്സു നീങ്ങവേ
ഒതുങ്ങുകില്ലെന്റെ വാക്കുകളോർമ്മകൾ
ഒപ്പീസു ചൊല്ലുവാൻ കള്ളക്കണ്ണീരു ചിന്തുവാൻ
ഒയ്യാരം പറഞ്ഞെന്റെ ഉറക്കം കെടുത്തുവാൻ
ഒപ്പം കൂടിയ ബന്ധു ജനമറിയുക
ഒലിച്ചിറങ്ങുമൊരുനാളെൻ കഷ്ടവും
ഒഴിയാ ബാധയും വിധിയും ദോഷമെല്ലാം
ഓജസ്സു പെരുത്ത നൽ കാവ്യമായി
ഓച്ചാനിച്ചു നിൽക്കുമന്നെന്റെ വാക്കിനൊപ്പം
ഓതിക്കനും വൈദികനുമെന്നെ വെറുത്തോരെല്ലാം
ഓരം ചേർത്തുവയ്ക്കുന്നന്നുവരേക്കുമെന്റെ
ഓണവുമാണ്ടറുതിയും ഒച്ചയുമനക്കമെല്ലാം
 0000000000000000000000000


 

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...