2014, ജൂൺ 25, ബുധനാഴ്‌ച

മഷിത്തണ്ട്



വയറെരിയുന്ന പ്രാരാബ്ധ കോടികളിൽ
വിദ്യാലയ വരാന്തയിലെ അപകർഷ മദ്ധ്യാഹ്നം
അത്രമേൽ കൊതിച്ചുണർന്നിരിക്കണം
സുമതിയും സൗദാമിനിയും സുന്ദരന്മാരും
കയ്യാണ്ടു വാഴുമൊരു മഷിവട്ടു കിട്ടാൻ


ഇന്നീ ജീവിത സായന്തനത്തിലെയൊടുക്കത്തെ മൂച്ചിൽ
അമർഷം കടിച്ചിറക്കാനൊരു പുഴുപ്പല്ലുപോലുമില്ലാതെ
തെക്കോട്ടു നോക്കി കുന്തിച്ചിരിക്കയാണെങ്കിലും
ഉള്ളിലൊരുകോടിയൂർജ്ജ തന്തുക്കളുറയുന്നു
കൊതിക്കുന്നു വീണ്ടുമൊരുൾക്കരുത്തു നേടാൻ


വസന്തയ്ക്ക്, വസൂരിക്ക്, വിഷബാധ പോക്കുവാൻ
മനസ്വാസ്ഥ്യ ലബ്ധിക്ക്, മന്തിനു, മരണത്തിനു പോലും
പിഞ്ഞാണക്കോണിൽ മഷിയെഴുതിയലിയിച്ച്
സേവിച്ച് സ്വർലോക പ്രാപ്തി നേടീടുവാൻ
വിശ്വാസ വിഷം തീണ്ടി മരവിച്ച മസ്തിഷ്കം
മകുടിയൂതി മെരുക്കി മയപ്പെടുത്തി പുതു വേദാന്തമോതി
മാധവ സേവയിൽ മായം കലർത്തും പുരോഹിത വർഗ്ഗത്തിൻ
നീണ്ടുവളർന്നൊരു താടിരോമം മുറുക്കെപ്പിടിച്ച്
ഒരുചുറ്റു ചുറ്റി ഒരു യുഗം തീർന്നാലും തിരിച്ചു വരാത്ത
ഒരു സാഗരത്തിനങ്ങേക്കോണിലേക്കെറിഞ്ഞൊതുക്കാൻ


അതിലൊടുങ്ങണം നീ സ്വയം കെട്ടിയേൽപ്പിച്ച ദിവ്യത്വം
ഹോമമുഴിയലും കൈവിഷം പോക്കലും ബാധയകറ്റലും
നീ പടച്ചെടുത്ത പണം കായ്ക്കും വഴികളൊക്കെയും

സാധുജന സേവയ്ക്കത്രമാത്രമീ ജന്മമാകുകിൽ ഞാൻ
സായൂജ്യമടയുന്നു പുരോഹിത പതനത്തിലൊരു കവിതയായ്


xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2014, ജൂൺ 22, ഞായറാഴ്‌ച

മൂടുപടം



മതം തീർത്ത കടുത്ത ശാസനകളിൽ
പൗരോഹിത്യ മേൽക്കോയ്മയുടെ ദുർവാശികളിൽ
ഒരു മൂടുപടത്തിലൊതുങ്ങേണ്ട വേളയിൽ
കവിത കിനാകണ്ടതേ പൊറുക്കാനാവാത്ത അപരാധം


വിപണി തേടുന്ന കുമ്പസാര രഹസ്യങ്ങളിൽ
മൂർച്ചയേറുന്ന പള്ളിമേട വചനങ്ങളിൽ
സദാചാരം പൂക്കുന്ന വാണിഭ ശാലകളിൽ
നൂറ്റൊന്നാവർത്തി നീ ഭോഗിക്കപ്പെടുന്നുണ്ട്


ഭരിക്കപ്പെടേണ്ടവളെന്ന വ്യാകരണത്തെറ്റുകളിൽ
വളഞ്ഞ വാരിയെല്ലിന്റെ വേദാന്ത ശകലങ്ങളിൽ
ഗർഭപാത്രവും മുലക്കണ്ണും തീർത്ത ശരീരശാസ്ത്രങ്ങളിൽ
നീ തെറ്റുകാരിയും അവൻ ന്യായാധിപനുമെന്ന് വായിക്കുന്നു


പിഴച്ചവളെന്നു പുലയാട്ടു പാടി ഭ്രഷ്ട് കൽപിക്കുമ്പോഴും
ദുശ്ശകുനമായ് ഗണിച്ച് ഇരിക്കപ്പിണ്ഡമിടുമ്പോഴും
തിരുനടയും ദേവസ്ഥാനവും നിഷേധിക്കപ്പെടുമ്പോഴും
നീ അബല മാത്രമെന്ന് വീണ്ടും തീർപ്പാക്കപ്പെടുന്നു


ന്യായം രചിക്കുന്ന തീവ്രചിന്താ ധാരകളിൽ നിന്ന്
അറിവ് പകരുന്ന മൂഢാസനങ്ങളിൽ നിന്ന്
രാജ്യമാളുന്ന കെടുകെട്ട വ്യവസ്ഥിതിയിൽ നിന്ന്
വിധി പ്രസ്താവിച്ച്, ക്രൂശിച്ച് നീ ഒടുക്കപ്പെടുന്നു


ഒടുവിൽ,
നിന്റെ പ്രതിഷേധം കിനിഞ്ഞൊഴിയാ ചോരപ്പാടുകൾ
ഒരു ചെമ്പരത്തിയായ് നിൻ കുഴിമാടത്തിനരികിൽ പൂത്ത്
അതിൽ നിന്നൂർജ്ജമുൾക്കൊണ്ട്, ഉണർവ്വ് കൊണ്ട്
ഉയർന്ന്  നിൽക്കും നിന്റെ കാവ്യം കാലമൊക്കെയും


oooooooooooooooooooooooooooooo

2014, ജൂൺ 5, വ്യാഴാഴ്‌ച

മരണാന്തം


ഓരോ പകലിനുമപ്പുറം
സായന്തനച്ചുവപ്പിന്റെ ഒടുക്കത്തെ മാത്രയിൽ
ഒരുപൊളി മാത്രം തുറന്ന ജാലകക്കീറിനക്കരെ
ഞാനിന്നും പരതുന്നു നിന്റെ നിഴൽത്തുമ്പ്


അലക്ഷ്യ യാത്രകളുടെ വിജന വീഥികളിൽ
ഒരു മലമടക്കിന്റെയടുത്ത താഴ്വരയിൽ
ചെറുചിരിയായ് നീയെന്നെ കാത്തിരിക്കുമെന്ന്
വിശ്വാസത്തിന്റെയൊരു വലക്കണ്ണി നെയ്യുന്നു


നിലാവ് പൂക്കുന്ന നനുത്ത രാത്രികളിൽ
ഒരു കടുകുപാടത്തിനിരുപുറം ആർദ്രമായ്
അന്നു നാം കവിതകൾ പകുത്തതും
പുരോഹിത വാശികൾ ഓർത്തതും


കൂകിവിളിക്കുന്ന വേദവാക്യങ്ങൾക്കഭിമുഖം
കരളുകീറുന്ന ശുഭ്ര വേഷം പകരാത്ത സാന്ത്വനം
ഒരു കഴഞ്ചെങ്കിലും പകർന്നാടുവാൻ കനിഞ്ഞത്
വ്യഭിചാര ഭാഷയിൽ കൂട്ടിവായിച്ച സദാചാരം


ഇന്നു നിന്റെ മരണത്തിനപ്പുറം പൂക്കുന്ന നരക പാരിജാതം
നിന്റെ കുഴിമാടമെരിക്കുന്ന, ജ്വലിക്കുന്ന അഗ്നി സത്യം
പാതിരകളിലൊരു പാതി മയക്കത്തിലെയാർത്തനാദം
വിശ്വാസം, വേദം വെടിഞ്ഞവളുടെ ശിക്ഷയെന്നോതവേ
ഞാനുണരുന്നു അറിയുന്നു
 പ്രിയ സഖീ വാസ്തവം
അവ നിന്റെ പ്രണയമെൻ സൗഹൃദം നിരന്തരം
പുൽകാൻ തുടിപ്പതിൻ സാക്ഷ്യമല്ലാതെ മറ്റെന്ത് ?

000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...